എന്തുകൊണ്ടാണ് ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി നിരോധിച്ചത്?
ഏപ്രില്‍ 28 മുതലാണ് പാമോയിലിന് ഇന്തോനേഷ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ആഭ്യന്തര ക്ഷാമവും വിലക്കയറ്റവും തടയുന്നതിനാണ് ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി നിരോധിച്ചത്. ലോകത്ത് ഏറ്റവമധികം പാമോയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ലോകത്ത് പാചക എണ്ണയുടെ വിതരണം വലിയ വിതരണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് പാമോയില്‍, സോയ എണ്ണ എന്നിവയുടെ വില റെക്കോര്‍ഡ് ഉയരത്തിലെത്താന്‍ ഇടയാക്കി.
ഇന്ത്യയ്ക്കുണ്ടായ ആഘാതം
ലോകത്തിലെ ഏറ്റവുമധികം പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്തോനേഷ്യയെയും മലേഷ്യയെയുമാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. ഇന്ത്യ പ്രതിവര്‍ഷം 13.5 മില്യണ്‍ ടണ്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. അതില്‍ 8 മുതല്‍ 8.5 മില്യണ്‍ ടണ്‍ (ഏകദേശം 63 ശതമാനം) പാം ഓയില്‍ ആണ്. ഇപ്പോള്‍, ഏകദേശം 45 ശതമാനം ഇന്തോനേഷ്യയില്‍ നിന്നും ബാക്കിയുള്ളത് അയല്‍രാജ്യമായ മലേഷ്യയില്‍ നിന്നുമാണ് വരുന്നത്. ഇന്ത്യ ഓരോ വര്‍ഷവും ഇന്തോനേഷ്യയില്‍ നിന്ന് ഏകദേശം 4 മില്യണ്‍ ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
advertisement
പാമോയില്‍ കയറ്റുമതി നിരോധനത്തിന് ശേഷം ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില വര്‍ധിച്ചു. ഇത് വിവിധ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി. ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഡിറ്റര്‍ജന്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ജൈവ ഇന്ധനങ്ങള്‍, സോപ്പ്, ഷാംപൂ, നൂഡില്‍സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങി നിരവധി ദൈനംദിന ഉപഭോഗ വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പാം ഓയിലും അതിന്റെ അനുബന്ധ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍, പാമോയില്‍ വിലയിലെ ഏതൊരു വര്‍ധനവും ഈ വ്യവസായങ്ങളിലുടനീളം നിര്‍മ്മാണ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും.
നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങള്‍
ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പാമോയില്‍ കയറ്റുമതി നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഭക്ഷ്യ എണ്ണയുടെ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ''നിരോധനം നീക്കിയാല്‍, നടപ്പുവര്‍ഷത്തില്‍ പാമോയില്‍ വില മിതമായ തോതില്‍ കുറയാനിടയാകും. എന്നാൽ, പാമോയിലിന്റെ ഉയർന്ന ഡിമാന്‍ഡ് കാരണം വില ഉയര്‍ന്ന നിലയില്‍ തുടരാനും സാധ്യതയുണ്ട്,'' ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.