ഇതോടെ ക്രെഡിറ്റ് സ്‌കോര്‍ അപ്‌ഡേറ്റുകള്‍ക്കായി നിങ്ങള്‍ അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളും (സിഐസി) ഓരോ ഏഴ് ദിവസം കൂടുമ്പോഴും ക്രെഡിറ്റ് സ്‌കോറുകള്‍ അപ്‌ഡേറ്റ് ചെയ്യണം. നിലവില്‍ 15 ദിവസത്തില്‍ ഒരിക്കലാണ് ക്രെഡിറ്റ് സ്‌കോര്‍ പരിഷ്‌കരിക്കുന്നത്.
ഒരു വ്യക്തിയുടെ വായ്പാ അക്കൗണ്ട് വിവരങ്ങളാണ് ക്രെഡിറ്റ് സ്‌കോര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും ബാങ്ക് വായ്പയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്‌കോര്‍ നിശ്ചയിക്കുന്നത്. വായ്പാ റെക്കോര്‍ഡ്, പാപ്പരത്തം, വായ്പാ കുടിശ്ശിക തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ വായ്പകളോ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളോ കൃത്യസമയത്ത് അടച്ചോ ഇല്ലയോ എന്ന് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് കാണിക്കും.
advertisement
ആർബിഐ കരട് ചട്ടമനുസരിച്ച് ഓരോ ആഴ്ചയും സിബില്‍ പോലുള്ള ക്രെഡിറ്റ് സ്‌കോറുകള്‍ പരിഷ്‌കരിക്കപ്പെടും. അതായത് ഫലത്തില്‍ നിങ്ങള്‍ ഒരു വായ്പ അടച്ചുതീര്‍ന്നാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ ഒരാഴ്ചകൊണ്ടുതന്നെ പ്രതിഫലിക്കും. ഇത് വായ്പാ ലഭ്യത മെച്ചപ്പെടുത്തുന്നതിനും വായ്പ എടുക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനും സഹായകമാകും.
ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ എല്ലാ മാസവും 7,14,21,28 തീയതികളിലും മാസത്തിന്റെ അവസാന ദിവസവും ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഫലത്തില്‍ സിബില്‍ പോലെയുള്ള ക്രെഡിറ്റ് സ്‌കോറുകള്‍ മാസത്തില്‍ നാല് തവണ പരിഷ്‌കരിക്കും. തെറ്റായ വിവരങ്ങള്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പിഴ ചുമത്തുമെന്നും കരട് ചട്ടത്തില്‍ ആര്‍ബിഐ പറയുന്നു.
ബാങ്കുകള്‍ ഓരോ മാസവും മൂന്നാം തീയതിക്കകം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് ഡാറ്റ അയക്കണം. ഏതെങ്കിലും ബാങ്ക് ഇതില്‍ വീഴ്ച വരുത്തിയാല്‍ സിഐസികള്‍ അത് ആര്‍ബിഐയുടെ ദക്ഷ് (DAKSH) പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും.
പുതിയ ചട്ടങ്ങളുടെ നേട്ടങ്ങള്‍
1. ബാങ്കുകള്‍ ഇടപാടുകരുടെ വായ്പാ, ക്രെഡിറ്റ് കാര്‍ഡ് ക്ലോഷര്‍ വിവരങ്ങള്‍ അതേദിവസം തന്നെ സിബില്‍ പോലുള്ള ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ അറിയിക്കണം. നേരത്തെ ഇതിന് ആഴ്ചകളും മാസങ്ങളും എടുത്തിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് വായ്പ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
2. ബാങ്കുകള്‍ക്കോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കോ (എന്‍ബിഎഫ്‌സി) ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ക്രെഡിറ്റ് റിപ്പോര്‍ട്ട് ആക്‌സസ് ചെയ്യാന്‍ കഴിയില്ല. ഇത് സിബില്‍ സ്‌കോറില്‍ വന്നേക്കാവുന്ന അനാവശ്യമായ ഇടിവ് തടയുകയും വായ്പാ വിവരങ്ങള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു.
3. തെറ്റായ വിവരങ്ങളുടെ റിപ്പോര്‍ട്ടിംഗ്, തിരുത്തലുകളിലെ കാലതാമസം, അനധികൃത ക്രെഡിറ്റ് പരിശോധനകള്‍ എന്നിവയ്ക്ക് ആര്‍ബിഐ കനത്ത പിഴ ചുമത്തും. ഇത് വായ്പാ വിവരങ്ങള്‍ കൂടുതല്‍ കൃത്യവും അപ്‌ഡേറ്റ് ചെയ്തതുമായി സൂക്ഷിക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കും. കൂടാതെ ഉപഭോക്താക്കള്‍ സ്‌കോര്‍ വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കും.
4. റിസ്‌ക് വിലയിരുത്തുന്നതിന് ബാങ്കുകള്‍ക്ക് ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ വേഗത്തില്‍ ലഭിക്കും. ഇതുവഴി വായ്പാ മൂല്യനിര്‍ണ്ണയം, പലിശ നിരക്കുകള്‍, തുകകള്‍, കാലാവധി എന്നിവ ശരിയായി നിര്‍ണ്ണയിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയും.
ക്രെഡിറ്റ് സ്‌കോര്‍
ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ അവരുടെ വായ്പാ യോഗ്യതയെ നിര്‍ണ്ണയിക്കുന്നു. ക്രെഡിറ്റ് പ്രൊഫൈലിംഗ് കമ്പനികളാണ് ഈ സ്‌കോര്‍ നിര്‍ണ്ണയിക്കുന്നത്. നിങ്ങളുടെ വായ്പാ, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഈ കമ്പനികള്‍ പരിശോധിക്കുന്നു. ക്രെഡിറ്റ് സ്‌കോറിന്റെ 30% നിങ്ങള്‍ കൃത്യസമയത്ത് വായ്പകള്‍ തിരിച്ചടയ്ക്കുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 25% സുരക്ഷിതമായതോ സുരക്ഷിതമല്ലാത്തതോ ആയ വായ്പകളെ ആശ്രയിച്ചിരിക്കുന്നു. 25% ക്രെഡിറ്റ് എക്‌സ്‌പോഷറിനെയും 20% കടം വിനിയോഗത്തെയും ആശ്രയിച്ചിരിക്കുന്നു.
ക്രെഡിറ്റ് സ്‌കോര്‍ പരിധി 300നും 900നും ഇടയിലാണ്. 550നും 700നും ഇടയിലാണ് നിങ്ങളുടെ സ്‌കോര്‍ എങ്കില്‍ അത് കുഴപ്പമില്ലാത്ത സ്‌കോര്‍ ആണ്. 700-നും 900-നും ഇടയിലുള്ള സ്‌കോറുകള്‍ വളരെ മികച്ചതായി കണക്കാക്കുന്നു.
