''സന്ദേഷ്‌ന്യൂസിലെ ഒരു വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഐടിആര്‍ ഇ-ഫയലിംഗ് തീയതി നീട്ടിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇത് വ്യാജവാര്‍ത്തയാണ്. വിവരങ്ങള്‍ അറിയുന്നതിനായി നികുതി ദായകര്‍ ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക,'' ആദായനികുതി വകുപ്പ് എക്‌സില്‍ കുറിച്ചു.
ആദായനികുതി റീഫണ്ടുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പ് സംഘങ്ങളില്‍ ചെന്നുപെടാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പറഞ്ഞു. റീഫണ്ടിനായി കാത്തിരിക്കുന്നവരെ ലക്ഷ്യമിട്ട് ചില തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം സംഘങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
2024 ജൂലൈ 22 വരെ നാല് കോടിയിലധികം ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സമര്‍പ്പിച്ച റിട്ടേണുകളെക്കാള്‍ 8 ശതമാനം വര്‍ധനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളുടെ എണ്ണം ജൂലൈ 16ന് 15 ലക്ഷം കവിഞ്ഞുവെന്നും അധികൃതര്‍ പറഞ്ഞു. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയതിനാല്‍ വരും ദിവസങ്ങളില്‍ ഇതിലും കൂടുതല്‍ റിട്ടേണുകള്‍ പ്രതിദിനം സമര്‍പ്പിക്കപ്പെടുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ സാങ്കേതിക പ്രശ്‌നം നേരിടുന്നവര്‍ ആദായനികുതി വകുപ്പിന്റെ ടോള്‍ഫ്രീ ഹെല്‍പ് ഡെസ്‌കിലേക്ക് വിളിക്കണമെന്നും അധികൃര്‍ നിര്‍ദേശിച്ചു. അതേസമയം ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയില്‍ നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് നിരവധി നികുതിദായകരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും പറഞ്ഞു. 2024-25 വര്‍ഷത്തെ ഐടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി 2024 ആഗസ്റ്റ് 31 വരെ നീട്ടണമെന്ന് അഭ്യര്‍ത്ഥിച്ച് ഓള്‍ ഗുജറാത്ത് ഫെഡറേഷന്‍ ഓഫ് ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സും ഇന്‍കം ടാക്‌സ് ബാര്‍ അസോസിയേഷനും രംഗത്തെത്തി. ഇതു സംബന്ധിച്ച് കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് അവർ കത്ത് അയച്ചിട്ടുണ്ട്.