ദീപാവലിയോട് അനുബന്ധിച്ച് ഓഹരി വിപണിയ്‌ക്ക് അവധിയാണെങ്കിലും വൈകുന്നേരം ഒരു മണിക്കൂർ വ്യാപാരത്തിനായി എക്സ്ചേഞ്ചുകൾ തുറക്കും. "ദീപാവലി ദിനത്തിലെ മുഹൂര്‍ത്ത വ്യാപാരത്തിന്റെ ഭാഗമായി നവംബർ 1 വെള്ളിയാഴ്ച ഒരു പ്രത്യേക ലൈവ് ട്രേഡിംഗ് സെഷൻ നടക്കും. സാധാരണ രീതിയിലുള്ള വ്യാപാരം വൈകുന്നേരം 6 മുതൽ 7 വരെ നടക്കും," എൻഎസ്ഇ പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നവംബർ 1 ന് പ്രത്യേക മുഹൂർത്ത വ്യാപാരം നടത്തും എന്നാണ് വിവരം. എന്നാൽ ഇതിന്റെ സമയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. NSE പ്രകാരം, പ്രത്യേക ദീപാവലി മുഹൂർത്ത വ്യാപാര സെഷനിൽ നടത്തുന്ന ഇടപാടുകൾ മറ്റേതൊരു സാധാരണ ദിവസത്തെയും പോലെ അന്ന് തന്നെ തീർപ്പാക്കുകയും ചെയ്യും.
advertisement
വ്യാപാരത്തിന് ശേഷം, രണ്ട് കക്ഷികളും (വാങ്ങുന്നവരും വിൽക്കുന്നവരും) അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതുണ്ട്. അതായത് വാങ്ങുന്നയാൾ സ്റ്റോക്കുകൾക്കായി പണം നൽകുകയും വിൽപ്പനക്കാരൻ സാധാരണ സെറ്റിൽമെൻ്റ് നിയമങ്ങൾ അനുസരിച്ച് അവ വിതരണം ചെയ്യുകയും ചെയ്യും. ഈ ശുഭകരമായ സമയത്ത് ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെട്ടാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യവും മികച്ച സാമ്പത്തിക വളർച്ചയും ഉണ്ടാകുമെന്നാണ് വിശ്വാസം. വരും വർഷത്തിലെ അഭിവൃദ്ധിക്കും അനുഗ്രഹങ്ങൾ തേടുന്നതിനുമായി വ്യാപാരികളും നിക്ഷേപകരും ഓഹരി വിപണി വ്യാപാരത്തിൽ കുറച്ചുസമയത്തേക്ക് പങ്കെടുക്കുകയാണ് മുഹൂർത്ത വ്യാപാരത്തിലൂടെ ചെയ്യുന്നത്.
ഒരു മണിക്കൂർ നീളുന്ന ഈ പ്രത്യേക ഓഹരി വ്യാപാരത്തിൽ നിക്ഷേപകർ അവരുടെ ഇഷ്ടാനുസരണം ഓഹരികൾ വാങ്ങുകയാണ് ചെയ്യുന്നത്. കൂടാതെ പുതിയ ഓഹരികൾ വാങ്ങുന്നതിനും ഇത് അനുകൂല സമയമായി കരുതുന്നു. അതുകൊണ്ടുതന്നെ ഈ ദിവസം കൂടുതൽ ആളുകൾ പലതരത്തിലുള്ള സാമ്പത്തിക നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാറുണ്ട്.
അതോടൊപ്പം സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങൾ, റിയൽ എസ്റ്റേറ്റ്, ഇലക്ട്രോണിക് വസ്തുക്കൾ, വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനും ഈ ശുഭ ദിനത്തിൽ പ്രത്യേകം സമയം നിശ്ചയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ എണ്ണം റഷ്യ, ജപ്പാൻ രാജ്യങ്ങളിലെ ആകെ ജന സംഖ്യയെക്കാൾ കൂടുതൽ ആണെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഓഗസ്റ്റ് അവസാനം വരെ രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.11 കോടിയായി. ലളിതമായി അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതും ഓഹരി നിക്ഷേപത്തെ കുറിച്ച് ആളുകൾക്ക് നല്ല അറിവ് ലഭിക്കുന്നതുമാണ് അക്കൗണ്ടുകളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്. വ്യക്തിഗത നിക്ഷേപകർക്ക് ഒന്നിലേറെ അക്കൗണ്ടുകൾ കുടുംബാംഗങ്ങളുടെയും മറ്റും പേരിൽ തുടങ്ങാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഡിമാറ്റ് അക്കൗണ്ട് തുറന്ന് ഓഹരിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ബംഗ്ലാദേശിന്റെ ജനസംഖ്യയുടെ അത്രയും വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിൽ 40 ലക്ഷത്തിലധികം പുതിയ അക്കൗണ്ടുകളും രാജ്യത്ത് തുറന്നിട്ടുണ്ട്.