ശരിയായ ഫോം
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി നിങ്ങള്‍ ശരിയായ ഐടിആര്‍ ഫോം ആണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ റിട്ടേണ്‍ അപൂര്‍ണമായി കരുതപ്പെടും. ശരിയായ ഫോം ഉപയോഗിച്ച് നിങ്ങള്‍ വീണ്ടും ഐടിആര്‍ ഫയല്‍ ചെയ്യേണ്ടിയും വരും. നിങ്ങള്‍ ശമ്പളം മേടിക്കുന്ന നികുതിദായകന്‍ ആണെങ്കില്‍ ഐടിആര്‍-1 ഫോം ആണ് ഫയല്‍ ചെയ്യേണ്ടത്.
എന്താണ് ഐടിആര്‍-1?
ഇന്ത്യയില്‍ താമസിക്കുന്ന, സാമ്പത്തിക വര്‍ഷത്തില്‍ 50 ലക്ഷം രൂപയില്‍ കുറവ് വരുമാനമുള്ള, ശമ്പളത്തിലൂടെ വരുമാനം ലഭിക്കുന്നവരാണ് ഐടിആര്‍-1 ഫോം ഫയല്‍ ചെയ്യേണ്ടത്. ഒരു വീട്, കുടുംബ പെന്‍ഷന്‍ വരുമാനം, കാര്‍ഷിക വരുമാനം(5000 രൂപ വരെ), മറ്റ് സ്രോതസ്സുകള്‍ എന്നിവയെല്ലാം വരുമാന സ്രോതസ്സില്‍ ഉള്‍പ്പെടുന്നു. സേവിംഗ് അക്കൗണ്ടുകളില്‍ നിന്നുള്ള പലിശ, നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ, നഷ്ടപരിഹാരം, അല്ലെങ്കില്‍ കുടുംബ പെന്‍ഷന്‍ എന്നിവയിലൂടെ ലഭിക്കുന്ന പലിശയും വരുമാന സ്രോതസ്സില്‍ ഉള്‍പ്പെടുന്നു.
advertisement
ഐടിആര്‍-1 ഫോം ഉപയോഗിക്കാന്‍ പാടില്ലാത്തത് ആരൊക്കെ?
ഇന്ത്യയിൽ താമസിക്കാത്തവരും, എൻആർഐകളും ഐടിആര്‍-1 ഫോം ഫയല്‍ ചെയ്യാന്‍ പാടില്ല. ആകെയുള്ള വരുമാനം 50 ലക്ഷത്തില്‍ കൂടുതലുള്ളവരും, ലോട്ടറി, കുതിരപന്തയം, നിയമപരമായ ചൂതാട്ടം, നികുതി വിധേയമായ മൂലധന നേട്ടം(ഹ്രസ്വകാലമോ ദീര്‍ഘകാലമോ) എന്നിവയുള്ള ഒരു വ്യക്തിക്ക് ഐടിആര്‍- 1 ഫോം ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നത് ഓര്‍ത്തിരിക്കേണ്ട കാര്യമാണ്. കൂടാതെ, നിങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരി പങ്കാളിത്തത്തില്‍ നിക്ഷേപിക്കുകയോ ഒന്നില്‍ കൂടുതല്‍ വീടുകളില്‍ നിന്ന് വരുമാനം ലഭിക്കുകയോ ചെയ്യുന്നുണ്ടെങ്കിലും ഐടിആര്‍-1 ഫോം നല്‍കരുത്.
ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് നല്‍കേണ്ട രേഖകള്‍ ഏതൊക്കെ?
ആന്വല്‍ ഇന്‍ഫൊര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്(എഐഎസ്) ഡൗണ്‍ലോഡ് ചെയ്യണം. ഫോം 16, വീട്ടുവാടകയുടെ രശീത്(ബാധകമെങ്കില്‍), വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തിയതിന്റെ പ്രീമിയത്തിന്റെ രശീത്(ബാധകമെങ്കില്‍) എന്നിവയുടെ കോപ്പികള്‍ കൈയ്യില്‍ കരുതണം. എന്നാല്‍, യാതൊരുവിധ രേഖകളും( പണം നിക്ഷേപം നടത്തിയതിന്റെ തെളിവുകളോ, ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകളോ) റിട്ടേണിനൊപ്പം നല്‍കേണ്ടതില്ല. അതേസമയം പിന്നീട് ഒരു അന്വേഷണോ മറ്റോ വന്നാല്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുക്കുന്നതിന് ഇവ കൈയ്യില്‍ കരുതേണ്ടതുണ്ട്.
ഐടിആര്‍ ഫയലിംഗിന്റെ സമയത്ത് ഓര്‍ത്തിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍
- പൊരുത്തക്കേടുകള്‍ കണ്ടെത്തുക: എഐഎസും 25എഎസും ഡൗണ്‍ലോഡ് ചെയ്ത് യഥാര്‍ത്ഥ ടിഡിഎസ്/ടിസിഎസ് പരിശോധിക്കുക. എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ അത് തിരുത്തുക.
- രേഖകള്‍ കൃത്യമായി പരിശോധിക്കുക: ഐടിആര്‍ സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് സ്‌റ്റേറ്റ് മെന്റുകള്‍, പാസ്ബുക്ക്, പലിശ സര്‍ട്ടിഫിക്കറ്റുകള്‍, ഇളവുകള്‍ അല്ലെങ്കില്‍ കിഴിവുകള്‍ ക്ലെയിം ചെയ്യാനുള്ള രസീതുകള്‍, ഫോം 16, ഫോം 26എഎസ്, നിക്ഷേപം സംബന്ധിച്ച തെളിവുകള്‍ എന്നിവയുടെ രേഖകള്‍ സമാഹരിക്കുകയും ശ്രദ്ധാപൂര്‍വം പരിശോധിക്കുകയും ചെയ്യുക.
- മൂന്‍കൂട്ടി നല്‍കേണ്ട വിവരങ്ങള്‍: പാന്‍, സ്ഥിരമായ മേല്‍വിലാസം, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നേരത്തെ പൂരിപ്പിച്ച് നല്‍കിയത് ശരിയാണെന്ന് നികുതിദായകര്‍ ഉറപ്പാക്കേണ്ടതുണ്ട്.
- ഇ-വേരിഫൈ ചെയ്യുക: റിട്ടേണ്‍ ഇ-ഫയല്‍ ചെയ്തശേഷം അത് ഇ-വേരിഫൈ ചെയ്യേണ്ടതുണ്ട്.