അതേസമയം 2022-ൽ 44 ബില്യൺ ഡോളറിന് അദ്ദേഹം ട്വിറ്റർ ഏറ്റെടുത്തപ്പോൾ പിരിച്ചുവിടുന്ന ജീവനക്കാരുടെ ഏകദേശം 200 മില്യൺ ഡോളറിൻ്റെ ശമ്പളം തടഞ്ഞു വെക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നതായും പരാതിയിൽ ചൂണ്ടികാണിക്കുന്നു. കൂടാതെ മസ്കിന്റെ നിയന്ത്രണം വന്നതോടെ ട്വിറ്റർ നിയമങ്ങൾ ലംഘിക്കാൻ തുടങ്ങിയെന്നും ജീവനക്കാരുൾപ്പടെ നിരവധി ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്നും കേസിൽ പറയുന്നുണ്ട്. മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, മുൻ ട്വിറ്റർ ലീഗൽ ആൻ്റ് പോളിസി മേധാവി വിജയ ഗാഡ്‌ഡെ, മുൻ ട്വിറ്റർ ജനറൽ കൗൺസൽ ഷോൺ എഡ്‌ജെറ്റ് എന്നിവരാണ് പരാതി നൽകിയ മറ്റു ജീവനക്കാർ.
advertisement
"മസ്ക് തന്റെ ബില്ലുകൾ ഒന്നും കൃത്യമായി അടക്കുന്നില്ല. നിയമങ്ങൾ തനിക്ക് ബാധകമല്ല എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. കൂടാതെ തനിക്കെതിരെ നിൽക്കുന്നവരെ മസ്ക് നേരിടുന്നത് സ്വന്തം അധികാരവും പണവും ഉപയോഗിച്ചാണ്," എന്നും കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഉന്നയിക്കുന്നു. പരാതിക്കാരായ പരാഗ് അഗർവാളിനെയും മറ്റു മൂന്ന് ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടതായി 2022 ഒക്ടോബറിൽ മസ്ക്ക് ഒരു മുന്നറിയിപ്പും നൽകാതെ അറിയിക്കുകയായിരുന്നു.
എന്നാൽ മൂന്ന് ജീവനക്കാർക്കും കമ്പനിയിൽ നിന്ന് പിരിച്ചുവിടുമ്പോൾ ഏകദേശം 100 മില്യൺ ഡോളറിലധികം അർഹമായ ബോണസ് ലഭിക്കാനുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം അഗർവാളിന് മാത്രമായി ഏകദേശം 40 മില്യൺ ഡോളറിലധികം തുക കമ്പനിയിൽ നിന്ന് ലഭിക്കാനുണ്ട്.