2023-ല്‍ 67.8 ലക്ഷം ഡോളറാണ് സുന്ദര്‍ പിച്ചൈയുടെ സുരക്ഷയ്ക്കായി ഗൂഗിള്‍ ചെലവഴിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം അധികം തുകയാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ സുരക്ഷാ കാര്യങ്ങള്‍ക്കായി കമ്പനി മുടക്കിയത്. പിച്ചൈയുടെ ഏറ്റവും തിരക്കേറിയ വര്‍ഷമായിരുന്നു 2024. ആ വര്‍ഷം നടപ്പാക്കിയിട്ടുള്ള നിരവധി സുരക്ഷാ നടപടികളാണ് ചെലവ് വര്‍ധിക്കാന്‍ കാരണമായത്.
റെസിഡന്‍ഷ്യല്‍ സെക്യൂരിറ്റി, കണ്‍സള്‍ട്ടേഷന്‍ ഫീ, സെക്യൂരിറ്റി മോണിറ്ററിങ് സര്‍വീസസ്, കാര്‍, ഡ്രൈവര്‍ സര്‍വീസസ്, യാത്രകളിലെല്ലാം പേഴ്‌സണല്‍ സെക്യൂരിറ്റി തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളാണ് കഴിഞ്ഞ വര്‍ഷം സുന്ദര്‍ പിച്ചൈയ്ക്കായി ഒരുക്കിയതെന്നും ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ നല്‍കിയ രേഖയില്‍ പറയുന്നു.
advertisement
ഈ ചെലവുകളെല്ലാം ന്യായവും ഉചിതവും ആവശ്യവുമാണെന്നും കമ്പനി പറയുന്നുണ്ട്. ആല്‍ഫബെറ്റിന്റെയും ഓഹരി ഉടമകളുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഇത് ബിസിനസിലെ അപകട സാധ്യത കുറയ്ക്കുന്നതായും കമ്പനി വിശദമാക്കി.
ഈ അധിക സുരക്ഷാക്രമീകരണങ്ങള്‍ സുന്ദര്‍ പിച്ചൈയുടെ വ്യക്തിപരമായ നേട്ടമായി കമ്പനി കണക്കാക്കുന്നില്ല. അദ്ദേഹത്തിന്റെ തൊഴില്‍പരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നുണ്ടായിട്ടുള്ളതാണെന്നും കമ്പനി പറയുന്നു. അതേസമയം, ഗൂഗിള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
2024-ല്‍ സുന്ദര്‍ പിച്ചൈ നടത്തിയ യാത്രകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉള്‍പ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങളെ കുറിച്ച് ലോക നേതാക്കളുമായി അദ്ദേഹം പലപ്പോഴും സംസാരിച്ചിരുന്നു. എഐയില്‍ ശക്തമായ മത്സരം നടക്കുകയാണ്. എഐയും വര്‍ധിച്ചുവരുന്ന നിയന്ത്രണങ്ങളും ഗൂഗിള്‍ നേതൃത്വത്തിന് ഭീഷണിയുയര്‍ത്തിയേക്കാം. 2025-ന്റെ ആദ്യ പാദത്തില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ 12 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കാണിത്.
2024 സാമ്പത്തിക വര്‍ഷം സുന്ദര്‍ പിച്ചൈയ്ക്ക് പ്രതിഫലമായി ലഭിച്ചത് 10.73 മില്യണ്‍ ഡോളറാണ്. ഓഹരിയില്‍ നിന്നുള്ള നേട്ടം ഉള്‍പ്പെടെയാണിത്. മുന്‍ വര്‍ഷം 8.8 മില്യണ്‍ ഡോളറായിരുന്നു പ്രതിഫലമായി പിച്ചൈ വാങ്ങിയത്. 2025-ല്‍ പിച്ചൈയ്ക്കുള്ള സുരക്ഷാ ചെലവുകള്‍ ഗൂഗിള്‍ എങ്ങനെയാണ് ക്രമീകരിച്ചതെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന യുണൈറ്റഡ് ഹെല്‍ത്ത് സിഇഒ ബ്രിയാന്‍ തോംസണിന്റെ കൊലപാതകത്തിന് ശേഷം കൂടുതല്‍ കമ്പനികള്‍ തങ്ങളുടെ ഉന്നത എക്‌സിക്യൂട്ടീവുകളുടെ സുരക്ഷാ ചെലവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഉന്നത കമ്പനി വൃത്തങ്ങള്‍ക്കു നേരെയുള്ള വധ ഭീഷണികള്‍ വര്‍ധിച്ച സാഹചര്യത്തിലാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.