ആമസോൺ പിരിച്ചുവിട്ടത് 14,000 ജീവനക്കാരെ
കമ്പനിയുടെ ആഗോളതലത്തിലെ പുനഃസംഘടനയുടെയും കാര്യക്ഷമതയില്ലായ്മ പരിഹരിക്കുന്നതിന്റെയും ഭാഗമായി നേരത്തെ ആമസോൺ തങ്ങളുടെ 14,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ജൂനിയർ മുതൽ സീനിയർ മാനേജ്‌മെന്റ് വരെയുള്ള അഞ്ച് മുതൽ ഏഴ് തലങ്ങൾ വരെയുള്ള മാനേജർമാരെയാണ് ഇത് കൂടുതലായി ബാധിച്ചത്. ആമസോണിന്റെ റീട്ടെയിൽ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ് ഇതിൽ കൂടുതലായി ഉൾപ്പെട്ടത്. അതിൽ ഇ-കൊമേഴ്‌സ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക് ടീമുകളും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അടുത്ത 90 ദിവസത്തേക്ക് പൂർണ ശമ്പളവും അനുകൂല്യങ്ങളും ലഭിക്കുമെന്നും അതിൽ ഒരു പിരിച്ചുവിടൽ ഓഫർ ഉൾപ്പെടുന്നതായും എച്ച്ആർ വിഭാഗം മേധാവി ബെത്ത് ഗാലെറ്റി പറഞ്ഞു.
advertisement
സെയിൽസ്‌ഫോഴ്‌സും ഗൂഗിളും പട്ടികയിൽ
സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റവും ബിസിനസ് പുനഃസംഘടനയുടെയും ഭാഗമായി സെയിൽസ്‌ഫോഴ്‌സ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ തങ്ങളുടെ 4000ലധികം ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഇതിൽ എഐ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച നടപടി സ്ഥിരീകരിച്ച് സെയിൽസ്‌ഫോഴ്‌സ് സിഇഒ മാർക്ക് ബെനിയോഫ് പറഞ്ഞിരുന്നു. ലോഗൻ ബാർട്ട്‌ലെറ്റിന്റെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വർഷം തന്നെ തങ്ങളുടെ ബിസിനസ് പുനഃസംഘടനയുടെ ഭാഗമായി വിവിധ ഡിവിഷനുകളിലായി നൂറുകണക്കിന് ജോലികൾ ഗൂഗിൾ വെട്ടിക്കുറച്ചിരുന്നു. കുറഞ്ഞ വേതനം, മോശം ജോലി, ശമ്പള വ്യവസ്ഥകൾ എന്നിവയെച്ചൊല്ലി പ്രതിഷേധിച്ച 200 ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിടുകയും പകരം എഐയുടെ സഹായം പ്രയോജനപ്പെടുത്തുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈയിൽ ഐടി ഭീമനായ മൈക്രോസോഫ്റ്റും തങ്ങളുടെ 9000 ജീവനക്കാരെ പീരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ആകെ ജീവനക്കാരുടെ നാല് ശതമാനത്തോളം വരുമിത്. ഈ വർഷം നടത്തിയ മൂന്നാമത്തെ പിരിച്ചുവിടലായിരുന്നു ഇത്.മേയ് മാസത്തിൽ 6000 ജീവനക്കാരെയും ഒരാഴ്ചയ്ക്ക് ശേഷം 300 പേരെയും അവർ ഒഴിവാക്കിയിരുന്നു. എഐയെ കൂടുതലായി ആശ്രയിക്കാനുള്ള തീരുമാനത്തിന്റെ പിന്നാലെയായിരുന്നു ഇത്.
