എങ്ങനെയാണ് ഒരു രാജ്യം പ്രതിസന്ധികളെ നേരിടുന്നത്, അതിനെ എങ്ങനെയാണ് അതിജീവിക്കുന്നത്, ശക്തമായ സാമ്പത്തിക പുരോഗതി എങ്ങനെ നേടുന്നു, ഓരോ മനുഷ്യന്റെയും ജീവിതം എങ്ങനെ മാറുന്നു, ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രവർത്തനങ്ങളിലേർപ്പെടാൻ നമുക്കെങ്ങനെ സാധിക്കുന്നു, രാജ്യത്തിന് പുറത്തുള്ള നമ്മുടെ ജനങ്ങളെ നാം എങ്ങനെ നോക്കിക്കാണുന്നു, എന്നീ അഞ്ച് കാര്യങ്ങളിൽ കഴിഞ്ഞ ഒരു ദശകത്തിൽ ഇന്ത്യയിൽ മാറ്റം വന്നുവെന്ന് ജയശങ്കർ പറഞ്ഞു. ഒപ്പം മറ്റ് പല രാജ്യങ്ങളും ഇപ്പോഴും കോവിഡിന്റെ ആഘാതത്തിൽ നിന്നും കരകയറാതെ നിൽക്കുമ്പോൾ ഇന്ത്യ നടത്തിയ പ്രവർത്തനങ്ങളെയും, ഏഴ് മില്യണോളം ആളുകളെ വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തേക്ക് തിരികെ എത്തിച്ച നടപടികളെയും ജയശങ്കർ ഉയർത്തിക്കാട്ടി.
advertisement
2020ൽ കോവിഡിന്റെ തുടക്ക സമയത്ത് നടന്ന ഒരു വെർച്വൽ മീറ്റിംഗിൽ കോവിഡിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പോയേക്കാവുന്ന ഒരു രാജ്യം ഇന്ത്യയായിരിക്കുമെന്ന തരത്തിൽ ചർച്ചകൾ വന്നിരുന്നുവെന്നും എന്നാൽ പിന്നീട് ലോകത്തിന് കോവിഡ് പ്രതിരോധ മരുന്നുകൾ നിർമ്മിച്ചു നൽകുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ജയശങ്കർ പറഞ്ഞു.
ഇന്ന് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും രാജ്യത്തിലേക്കുള്ള നിക്ഷേപങ്ങളിൽ എക്കാലത്തെയും ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
“ നിങ്ങൾ ഇന്ത്യയിൽ എവിടെ സഞ്ചാരിച്ചാലും നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് കാണാൻ സാധിക്കും. മെട്രോകളുടെ നിർമ്മാണം, പുതിയ റോഡുകളുടെ നിർമ്മാണം, പുതിയ റെയിൽവേ സ്റ്റേഷനുകളുടെ നിർമ്മാണം പുതിയ എയർപോർട്ടുകളുടെ നിർമ്മാണം അങ്ങനെ പലതും രാജ്യത്ത് നിരന്തരം സംഭവിക്കുന്നു. ഇനി നിങ്ങൾ ഗ്രാമങ്ങളിലേക്ക് ചെന്നാൽ അവിടെ പുതിയ ജല വിതരണ പൈപ്പുകൾ വരുന്നത് കാണാൻ സാധിക്കും” - ജയശങ്കർ പറഞ്ഞു. രാജ്യത്തിനുണ്ടായ മാറ്റം രാജ്യത്തെ ജനങ്ങളിൽ തന്നെ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറാമത്തെ ഇന്ത്യ - നൈജീരിയ ജോയിന്റ് കമ്മീഷൻ മീറ്റിംഗിന്റെ ഭാഗമായി ജനുവരി 21 മുതൽ 23 വരെയുള്ള പര്യടനത്തിനായി നൈജീരിയയിൽ എത്തിയതാണ് ജയശങ്കർ. ഉഗാണ്ടയിലെ കമ്പാലയിൽ വച്ചു നടന്ന ചേരി ചേരാ പ്രസ്ഥാനത്തിന്റെ 19-ാം ഉച്ചകോടിയിലും ജയശങ്കർ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി മറ്റ് വിദേശ നേതാക്കളുമായും യുഎൻ സെക്രട്ടറി ജനറലായ ആന്റോണിയോ ഗുട്ടറസ്സുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാമത് നൈജീരിയ-ഇന്ത്യ ബിസിനസ്സ് കൗൺസിലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്ന അദ്ദേഹം നൈജീരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണലിൽ (Nigerian Institute Of International ) സംസാരിക്കുകയും ബിസിനസ്സ് പ്രതിനിധികളുമായി സംവദിക്കുകയും ഒപ്പം മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഇന്ത്യയുടെ മിഷൻ മേധാവികളുടെ റീജിയണൽ കോൺഫറൻസിലും അദ്ദേഹം പങ്കെടുക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും സഹകരണവും വർധിപ്പിക്കുകയാണ് ജയ ശങ്കറിന്റെ നൈജീരിയ സന്ദർശനത്തിന് പിന്നിലെ ലക്ഷ്യം. ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ നൈജീരിയ സന്ദർശനമാണ്.