ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ ജാംനഗര്‍ റിഫൈനറിയുടെ ഇതുവരെയുള്ള യാത്രയെ അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റിലയന്‍സ് സ്ഥാപകന്‍ ധിരുഭായ് അംബാനിയുടെ സ്വപ്‌ന പദ്ധതിയായ ജാംനഗര്‍ റിഫൈനറി മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ വളര്‍ച്ച പ്രാപിക്കുകയായിരുന്നു.
ചടങ്ങില്‍ റിഫൈനറിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഇഷ മനസ് തുറന്നു. '' ജാംനഗര്‍ റിഫൈനറിയുടെ 25-ാം വാര്‍ഷികം ആഘോഷിക്കാനാണ് നമ്മള്‍ ഒത്തുകൂടിയിരിക്കുന്നത്. ഇവിടെ എന്റെ മുത്തച്ഛന്റെ സാന്നിദ്ധ്യം അറിയുന്നു. അദ്ദേഹത്തെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഇത്. ജാംനഗര്‍ റിഫൈനറിയുടെ ഇന്നത്തെ വളര്‍ച്ച കണ്ട് അദ്ദേഹം സന്തോഷിക്കുന്നുണ്ടാകും,'' ഇഷ പറഞ്ഞു.
advertisement
പിതാവിന്റെ സ്വപ്‌നം പൂര്‍ത്തികരിക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചയാളാണ് തന്റെ അച്ഛനായ മുകേഷ് അംബാനി എന്നും ഇഷ കൂട്ടിച്ചേര്‍ത്തു. '' തന്റെ പിതാവിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അച്ഛന്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പിതാവിന്റെ സ്വപ്‌നത്തിന് അദ്ദേഹം വലിയ വില നല്‍കിയിരുന്നു,'' ഇഷ പറഞ്ഞു.
'' നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം. താങ്കള്‍ ഒരു ബിസിനസുകാരന്‍ മാത്രമല്ല. ഒരു മകനും അച്ഛനും കൂടിയാണ്. അതിനുമപ്പുറം നല്ലൊരു മനുഷ്യന്‍ കൂടിയാണ്. അസാധ്യമായത് ഒന്നുമില്ലെന്ന് ജാംനഗര്‍ റിഫൈനറിയുടെ വിജയത്തിലൂടെ നിങ്ങള്‍ തെളിയിച്ചു. ഐക്യത്തോടെയും അഭിനിവേശത്തോടെയും ലക്ഷ്യബോധത്തോടെയും നീങ്ങിയാല്‍ എന്തും നേടിയെടുക്കാമെന്ന് നിങ്ങള്‍ തെളിയിച്ചു. ജാംനഗര്‍ ഒരു സ്വര്‍ഗമാണ്. അവിടെയാണ് ഞങ്ങളുടെ വീട് എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്,'' ഇഷ പറഞ്ഞു.
ജാംനഗറിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇഷ മനസുതുറന്നു. '' കുട്ടിക്കാലത്ത് അമ്മയോടൊപ്പം ഇവിടേക്ക് ഞാന്‍ വന്നിരുന്നു. അന്ന് തരിശായി കിടന്ന ഈ പ്രദേശത്ത് അമ്മ ഒരു ടൗണ്‍ഷിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. പച്ചപ്പ് നിറഞ്ഞ ഒരു ടൗണ്‍ഷിപ്പുണ്ടാക്കാന്‍ അമ്മ അശ്രാന്തം പരിശ്രമിക്കുന്നതും ഞാന്‍ കണ്ടു,'' ഇഷ പറഞ്ഞു.
റിലയന്‍സ് ഗ്രൂപ്പിന്റെ പ്രധാന പദ്ധതികളിലൊന്നായ ജാംനഗര്‍ റിഫൈനറി 1999ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയുടെ വ്യവസായിക വൈഭവത്തിന്റെ പ്രതീകമായി റിഫൈനറി മാറി. കൂടാതെ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഗണ്യമായ സംഭാവന നല്‍കാനും ജാംനഗര്‍ റിഫൈനറിയ്ക്ക് സാധിച്ചു.