ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അവ തിരുത്തി വീണ്ടും ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ആദായ നികുതി വകുപ്പ് അവസരം നല്‍കുന്നുണ്ട്. റിവൈസ്ഡ് റിട്ടേണ്‍ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. റിവൈസ്ഡ് റിട്ടേണ്‍ എങ്ങനെ ഫയല്‍ ചെയ്യാമെന്നും അതിന്റെ സമയപരിധി എത്രയാണെന്നും അറിയുന്നതിനായി ആദായ നികുതി വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ച് വായിക്കുക. അല്ലെങ്കില്‍ ഏതെങ്കിലും വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക.
ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിലോ റീഫണ്ട് തുക ക്ലെയിം ചെയ്യുന്നതിലോ പിഴവ് വരുത്തുകയോ മറ്റേതെങ്കിലും തെറ്റുകള്‍ പറ്റുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് റിവൈസ്ഡ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നികുതിദായകര്‍ക്ക് അവസരം ലഭിക്കുന്നത്. മുമ്പ് ചെയ്ത റിട്ടേണിലെ തെറ്റ് തിരുത്താന്‍ റിവൈസ്ഡ് റിട്ടേണിലൂടെ നികുതിദായകര്‍ക്ക് സാധിക്കും. റിവൈസ്ഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആദായനികുതി വകുപ്പ് പ്രത്യേകം ഫീസോ പിഴയോ ഈടാക്കുന്നില്ല.
advertisement
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139(5) പ്രകാരമാണ് നികുതിദായകര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കുന്നത്. ജൂലൈ 31ന് ശേഷം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത നികുതിദായകര്‍ക്കും മറ്റ് പിഴയോ ഫീസോ കൂടാതെ റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാനാകുന്നതാണ്. ഇനി നികുതിദായകന്‍ അദ്ദേഹത്തിന്റെ ആദായനികുതി റിട്ടേണ്‍ സമയപരിധിയ്ക്കുള്ളില്‍ ഫയല്‍ ചെയ്തിട്ടും ഇതുവരെ അത് പരിശോധനയ്ക്ക് വിധേയമായിട്ടില്ലെങ്കില്‍ റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല.
ഇതിനുപകരം മുമ്പ് ഫയല്‍ ചെയ്ത ഐടിആര്‍ ഡിലീറ്റ് ചെയ്ത് പുതിയത് സമര്‍പ്പിക്കാന്‍ നികുതിദായകന് സാധിക്കും. ഇതിന് പ്രത്യേകം പിഴയോ ഫീസോ ഈടാക്കില്ല. ഡിസംബര്‍ 31 വരെ നികുതിദായകര്‍ക്ക് റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് എത്ര തവണ വേണമെങ്കിലും നിങ്ങള്‍ക്ക് റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാം.