സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള നികുതികൾ ഉയർത്തുന്നതിന് പുറമെ, നികുതി ഇതര വരുമാനം വർധിപ്പിക്കാനുള്ള വഴികളും അവലംബിക്കും. അടുത്ത വർഷം മുതൽ ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം കിട്ടുന്ന ഡിവിസീവ് പൂളിൽ നിന്നുള്ള വിഹിതം കുറയും. ജിഎസ്ടി നഷ്ടപരിഹാരം ജൂൺ മുതൽ കിട്ടില്ല. ധനക്കമ്മി കുറയ്ക്കാനുള്ള കേന്ദ്ര ഗ്രാന്റും കുറയും. 15000 കോടി രൂപവരെ സംസ്ഥാനത്തിന് കേന്ദ്ര വിഹിതം കുറയാൻ ഇത് കാരണമാകും.
നിലവിൽ സംസ്ഥാനത്തിന്റെ കടബാധ്യത 3.27 ലക്ഷം കോടിയാണ്. ഇത് 3.67 ലക്ഷം കോടി വരെയായി ഉയരാനാണ് സാധ്യത. കിഫ്ബി വഴി 70000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ പറയുന്നത് പ്രകാരം 66000 കോടി രൂപയാണ് ചെലവ്. ഇതിന് വേണ്ടിയും കടമെടുക്കേണ്ടി വരും.
advertisement
സ്റ്റാമ്പ്, രജിസ്ട്രേഷൻ, മദ്യം, പെട്രോൾ, ബാർ, ലോട്ടറി എന്നിവയിൽ നിന്നുള്ള നികുതി വരുമാനം ഉയർത്താനുള്ള നിർദ്ദേശം ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ റവന്യു ചെലവ് 1.50 ലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതികളിലെ ചെലവും ഉയരും. സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് മറ്റ് സംസ്ഥാനങ്ങൾ ചെലവാകുന്ന തുകയുടെ ദേശീയ ശരാശരി 3600 കോടിയും കേരളം ചെലവാക്കുന്നത് 12000 കോടി രൂപയുമാണ്.
കഴിഞ്ഞ ബജറ്റിൽ കേരളം ലക്ഷ്യമിട്ട റവന്യു വരുമാനം 1,30,422കോടി രൂപയായിരുന്നു. എന്നാൽ ജനുവരി അവസാനം വരെ എത്തിയ തുക കേന്ദ്ര ഗ്രാന്‍റ് അടക്കം 86720കോടി രൂപ. ചെലവ് 1,29,055കോടിയും. കടമെടുത്ത് കേരളം നേരിടുന്ന ധനകമ്മി 44313കോടി രൂപ. ഈ വർഷം വന്ന വരുമാനത്തിൽ 77735കോടിയും ചെലവഴിച്ചത് ശമ്പളവും പെൻഷനും പലിശയും നൽകാനാണ്. ശമ്പള പരിഷ്ക്കരണം വരുത്തി വച്ചത് ഭീമമായ ബാധ്യതയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പത്ത് മാസം ശമ്പളം നൽകാൻ ചെലവഴിച്ചത് 23000 കോടിയെങ്കിൽ ഈ സാമ്പത്തിക വർഷം ഇതുവരെ 38000 കോടി രൂപ കടന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലെ വികസനത്തിന് ഊന്നൽ നൽകിയായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. രണ്ടാം ബജറ്റിൽ കോവിഡാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു.പുതിയ നികുതി നിർദേശങ്ങൾ ഉണ്ടാകുമെന്ന സൂചന ധനമന്ത്രി നൽകി കഴിഞ്ഞു.
ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിർദേശം സാമ്പത്തിക വിദഗ്ധർ സർക്കാരിന് നൽകിയിരുന്നു. നികുതി ചോർച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കും. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം, വ്യവസായം മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ ഉണ്ടാകും. അടിസ്ഥാന സൗകര്യ മേഖലയിലും പുതിയ പദ്ധതികൾ പ്രതീക്ഷിക്കാം.സിൽവർ ലൈൻ പോലുള്ള പിണറായി സർക്കാരിന്റെ പ്രധാന പദ്ധതികളുടെ മുന്നോട്ടു പോക്കിനെ സംബന്ധിച്ചും ബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങളുണ്ടാകും.