ഭൂനികുതി വർധനവിലൂടെ നൂറുകോടിയുടെ അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോടതി ഫീസിലും കാര്യമായ വർധനയുണ്ട്. ഇതിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യം വയ്ക്കുന്നത്. സർക്കാർ ഭൂമിയുടെ പാട്ടനിരക്കും കൂട്ടിയിട്ടുണ്ട്. ന്യായവിലയ്ക്ക് അനുസരിച്ച് പാട്ടനിരക്കിൽ വ്യത്യാസം വരും. പാട്ടത്തുക കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇലക്ട്രിക് കാറുകളുടെ നികുതിയും കൂട്ടി. ഇതിലൂടെ 30 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബജറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിൽ സംസ്ഥാനം ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടുകയാണ് ചെയ്തത്. കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്കരിക്കും എന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. ഇവ പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ബാലഗോപാൽ പറഞ്ഞു.
കേരളത്തിൽ ആൾതാമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി ധനമന്ത്രി അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി.
സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ബജറ്റ് വെറും പൊള്ളയായത് എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വലിയ കടബാധ്യതകൾ തീർക്കാനുള്ള നീക്കിയിരിപ്പുപോലും ബജറ്റിൽ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.