നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച സാങ്കേതിക സംവിധാനമാണ് യുപിഐ. ബാങ്ക് അക്കൌണ്ടുകൾ വഴി വ്യക്തികള്‍ തമ്മിലുള്ള പണകൈമാറ്റത്തിന് സഹായിക്കുന്ന സംവിധാനമാണിത്.
യുപിഐ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സുരക്ഷിതമായ യുപിഐ പിന്‍ നമ്പര്‍: പണകൈമാറ്റത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാണ് യുപിഐ പിന്‍ നമ്പര്‍. ഈ പിന്‍ നമ്പര്‍ വളരെ രഹസ്യമായി സൂക്ഷിക്കണം. ആരുമായും പങ്കുവയ്ക്കരുത്. എല്ലാവര്‍ക്കും വേഗത്തില്‍ കണ്ടുപിടിക്കാന്‍ കഴിയുന്ന തരത്തിലുള്ള പിന്‍ നമ്പറുകള്‍ ഉപയോഗിക്കരുത്.
ഔദ്യോഗിക യുപിഐ ആപ്പ് ഉപയോഗിക്കുക: ബാങ്കുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതോ മറ്റ് വിശ്വാസ്യ കേന്ദ്രങ്ങളില്‍ നിന്നുള്ളതോ ആയ യുപിഐ ആപ്പുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അവയുടെ വിശ്വാസ്യത പരിശോധിക്കണം.
advertisement
പണം കൈമാറുന്ന വ്യക്തിയുടെ വിവരങ്ങള്‍ പരിശോധിക്കുക: നിങ്ങള്‍ പേയ്‌മെന്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ യുപിഐ വിവരങ്ങള്‍ ശരിയാണോ എന്ന് കൃത്യമായി പരിശോധിക്കണം. വിവരങ്ങളിലെ ചെറിയ തെറ്റുകള്‍ നിങ്ങളുടെ പണം നഷ്ടപ്പെടുത്താന്‍ കാരണമാകും. ആ പണം മറ്റൊരു വ്യക്തിയ്ക്കായിരിക്കും ലഭിക്കുക.
കൈമാറ്റം ചെയ്യുന്ന പണം പരിശോധിക്കുക: അയയ്ക്കുന്നതിന് മുമ്പ് എത്ര രൂപയാണ് നിങ്ങള്‍ കൈമാറ്റം ചെയ്യുന്നത് എന്ന കാര്യം ഒന്നുകൂടി ഉറപ്പുവരുത്തണം.
ഫിഷിംഗ്: നിങ്ങളുടെ ബാങ്ക് അധികൃതര്‍, സര്‍വ്വീസ് പ്രൊവൈഡര്‍ എന്ന രീതിയില്‍ നിങ്ങളിലേക്ക് എത്തുന്ന മെസേജുകള്‍, ഇമെയിലുകള്‍, കോളുകള്‍ എന്നിവയെ ശ്രദ്ധിക്കണം. സംശയാസ്പദമായ മെസേജുകള്‍ക്ക് മറുപടി നല്‍കരുത്. അതിലൂടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചിലപ്പോള്‍ ചോരാനുള്ള സാധ്യതയുണ്ട്.
നെറ്റ് വര്‍ക്ക് കണക്ടിവിറ്റി: യുപിഐ ട്രാന്‍സാക്ഷന് മുമ്പ് നിങ്ങളുടെ നെറ്റ് വര്‍ക്ക് കണക്ടിവിറ്റി ശ്രദ്ധിക്കണം. ദുര്‍ബലമായ നെറ്റ് വര്‍ക്ക് കണക്ടിറ്റിവിറ്റി നിങ്ങളുടെ ട്രാന്‍സാക്ഷനിലും കാലതാമസമുണ്ടാക്കിയേക്കാം.
ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡ് സൂക്ഷിക്കുക: പണകൈമാറ്റം സംബന്ധിച്ച എല്ലാ രേഖകളും സൂക്ഷിച്ച് വെയ്ക്കുക. യുപിഐ ഐഡി, തീയതി, തുക, എന്നിവയെപ്പറ്റിയുള്ള വിവരങ്ങളാണ് കൃത്യമായി സൂക്ഷിച്ച് വെയ്‌ക്കേണ്ടത്. പണകൈമാറ്റം സംബന്ധിച്ച എന്തെങ്കിലും തര്‍ക്കങ്ങളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇവ തെളിവായി സ്വീകരിക്കുന്നതാണ്.
യുപിഐ ആപ്പ് അപ്‌ഡേറ്റ് ചെയ്യുക: യുപിഐ ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍: അനധികൃത ട്രാന്‍സാക്ഷന്‍ ഒന്നും നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ എപ്പോഴും പരിശോധിക്കണം. നിങ്ങളുടെ അക്കൗണ്ടില്‍ എന്തെങ്കിലും കൃത്രിമം നടന്നായി ബോധ്യപ്പെടുന്ന പക്ഷം ആ വിവരം ബാങ്കിനെ അറിയിക്കേണ്ടതാണ്.
ലോക്ക്, അല്ലെങ്കില്‍ ബയോമെട്രിക് സംവിധാനത്തിന്റെ ഉപയോഗം: കഴിയുമെങ്കില്‍ ഫിംഗര്‍പ്രിന്റ്, ഫേസ് ഓഥന്റിക്കേഷന്‍, ആപ്പ് ലോക്ക് എന്നീ സംവിധാനങ്ങള്‍ യുപിഐ ആപ്പിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കണം. അനാവശ്യമായി നിങ്ങളുടെ യുപിഐ ആപ്പ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും.