''2013ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവിടല്‍ 300 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. 2019ലെ അര്‍ധ കുംഭമേളയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവിടലില്‍ 70 മുതല്‍ 100 ശതമാനം വരെ വളര്‍ച്ചയുണ്ടെന്നും'' പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് പരസ്യ ഏജന്‍സിയായ വിത് ആന്‍ഡ് ചായയുടെ സഹസ്ഥാപകന്‍ നഹുഷ് ഗുലാവാനി പറഞ്ഞു.
മഹാ കുംഭത്തെ ബ്രാന്‍ഡുകള്‍ ഒരു ആത്മീയ ഒത്തുചേരലായി മാത്രമല്ല, മറിച്ച് കൂടുതല്‍ ആഴത്തില്‍ വിപണിയിലേക്ക് കടക്കുന്നതിനും ബ്രാന്‍ഡിന്റെ വിശ്വസ്തത വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു പാന്‍ ഇന്ത്യ പ്ലാറ്റ്‌ഫോമായുമാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് വര്‍ധിച്ച ചെലവ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
2013ല്‍ മാര്‍ക്കറ്റിംഗ് ചെലവുകള്‍ ഏകദേശം 1200 കോടി രൂപ മുതല്‍ 1500 കോടി രൂപ വരെയായിരുന്നു. പത്രങ്ങള്‍, റേഡിയോ, ഔട്ട്‌ഡോര്‍ തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളെയാണ് അന്ന് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. 2019 ലെ അര്‍ധ കുംഭമേളയുടെ സമയമായപ്പോഴേക്കും ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വാധീനം വര്‍ധിച്ചതോടെ ഇത് 2000 കോടി മുതല്‍ 2500 കോടി രൂപ വരെയായി ഉയര്‍ന്നു. പ്രാദേശിക, ഗ്രാമീണ പ്രേക്ഷകരെ പിടിച്ചെടുക്കുന്നതിനായി ഹൈപ്പര്‍, ടാര്‍ഗറ്റഡ് കാംപെയിനുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനാല്‍ 2025ലെ മഹാകുംഭമേളയിലെ ബ്രാന്‍ഡുകളുടെ ചെലവിടല്‍ 4500 കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
''2019നെ അപേക്ഷിച്ച് 2025ലെ മഹാ കുംഭമേളയ്ക്കുള്ള ഞങ്ങളുടെ മാർക്കറ്റിംഗ് ചെലവുകള്‍ 25 ശതമാനം വര്‍ധിച്ചു,'' എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും എസ്ബിയു ഹെഡുമായ അനിര്‍ബന്‍ ബാനര്‍ജി പറഞ്ഞു.
2025ലെ കുംഭമേളയിലേക്കായി ബ്രാന്‍ഡ് മഹാ കുംഭ് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 5000 എവറെഡി സൈറല്‍ ടോര്‍ച്ചുകള്‍ നല്‍കിയിട്ടുണ്ട്.
ഹോര്‍ഡിംഗുകള്‍, ഓണ്‍-ഗ്രൗണ്ട് ആക്ടിവേഷനുകള്‍, ട്രാന്‍സിറ്റ് പരസ്യങ്ങള്‍ എന്നിവയ്ക്കായി എച്ച് യുഎല്‍, ഐടിസി പോലുള്ള എഫ്എംസിജി ബ്രാന്‍ഡുകള്‍ ഏകദേശം 120 കോടി രൂപയിലധികമാണ് ചെലവഴിച്ചിരിക്കുന്നതെന്ന് മീഡിയ കെയര്‍ ബ്രാന്‍ഡ് സൊലുഷന്‍സ് ഡയറക്ടര്‍ യാസിന്‍ ഹമീദാനി മണികണ്‍ട്രോളിനോട് പറഞ്ഞു. എയര്‍ടെല്‍ പോലുള്ള ടെലികോം കമ്പനികള്‍ 5ജി പ്രൊമോഷനുവേണ്ടി ഏകദേശം 80 കോടി മുതല്‍ 100 കോടി രൂപ വരെ വകയിരുത്തിയിട്ടുണ്ട്. പേടിഎം, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഏകദേശം 50 കോടി മുതല്‍ 70 കോടി വരെയും ചെലവഴിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണ, വെല്‍നസ് ബ്രാന്‍ഡുകള്‍ തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് കിയോസ്‌കുകള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍, ബോധവത്കരണ കാംപെയ്‌നുകള്‍ എന്നിവയ്ക്കായി 30 കോടി മുതല്‍ 50 കോടി രൂപവരെയും നിക്ഷേപം നടത്തിയിട്ടുണ്ട്.
ബ്രാന്‍ഡുകളുടെ വിഭാഗത്തില്‍ എഫ്എംസിജിയാണ് മുന്നിലുള്ളത്. മൊത്തം ചെലവിന്റെ 35 ശതമാനം സൗജന്യ സാമ്പിളുകളുടെ വിതരണത്തിനായും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുമായാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിഎഫ്എസ്‌ഐ അവരുടെ മൊത്തം ചെലവിന്റെ 20 ശതമാനവും ടെലികോം സ്ഥാപനങ്ങള്‍ 15 ശതമാനവും ഇത്തരത്തിലാണ് വിനിയോഗിക്കുന്നത്.
എഫ്എംസിജിയും ടെലികോം ബ്രാന്‍ഡുകളും 50 കോടി മുതല്‍ 100 കോടി വരെയാണ് ചെലവഴിക്കുന്നത്. ചെറിയ പ്രാദേശിക ബ്രാന്‍ഡുകളും സ്റ്റാര്‍ട്ടപ്പുകളും പ്രാദേശിക കാംപെയ്‌നുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി അഞ്ച് കോടി മുതല്‍ 10 കോടി വരെ ചെലവഴിക്കുകയും ചെയ്യുന്നു.
മുന്‍നിര ബ്രാന്‍ഡുകള്‍ അവരുടെ വാര്‍ഷിക മാര്‍ക്കിംഗ് ബജറ്റിന്റെ 15 മുതല്‍ 25 ശതമാനം വരെ 2025ലെ മഹാ കുംഭമേളയ്ക്കായി നീക്കി വയ്ക്കുന്നുണ്ടെന്ന് ഗുലാവാനി പറഞ്ഞു. തങ്ങളുടെ വാര്‍ഷിക മാര്‍ക്കറ്റിംഗ് ചെലവിന്റെ അഞ്ച് മുതല്‍ 8 ശതമാനം മഹാ കുംഭിലേക്കാണെന്ന് കുക്കു എഫ്എം വക്താവ് പറഞ്ഞു.
ഔട്ട്‌ഡോര്‍ വേഴ്‌സസ് ഡിജിറ്റല്‍
വിപണന ചെലവിന്റെ ഒരു പ്രധാന ഭാഗം ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്കായാണ് നീക്കി വെച്ചിരിക്കുന്നത്. ഇത് ഏകദേശം 24 മുതല്‍ 40 ശതമാനം വരെ വരുമെന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ സോഷ്യല്‍ പില്ലിന്റെ സഹസ്ഥാപകനും ഡിജിറ്റല്‍ മീഡിയ മേധാവിയുമായ നീലേഷ് പെഡ്‌നേക്കര്‍ പറഞ്ഞു. ഉയര്‍ന്ന ഡിമാന്‍ഡും മികച്ച സ്ഥലങ്ങളുടെ ലഭ്യതയും പരസ്യനിരക്കുകളിലും വര്‍ധനവുണ്ടാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊത്തം വിപണന ചെലവുകളുടെ 40 ശതമാനം ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായാണ് നീക്കി വെച്ചിരിക്കുന്നത്. ബ്രാന്‍ഡുകള്‍ക്ക് പരസ്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പ്രധാന മാര്‍ഗമാണിതെന്ന് കിയേറ്റീവ് ഏജന്‍സിയായ പള്‍പ്പ് സ്ട്രാറ്റജിയുടെ സ്ഥാപകനും ചീഫ് സ്ട്രാറ്റജിസ്റ്റുമായ അംബിക ശര്‍മ മണികണ്‍ട്രോളിനോട് പറഞ്ഞു.
കുംഭമേളയിലെ സുപ്രധാന ഇടകളില്‍ പരസ്യം വയ്ക്കുന്നതിനുള്ള ആവശ്യത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ 2019നെ അപേക്ഷിച്ച് പരസ്യച്ചെലവ് 40 മുതല്‍ 60 ശതമാനം വരെ വര്‍ധിച്ചു. സംഗം ഘട്ടുകള്‍, പ്രധാന പ്രവേശന കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്ക് പ്രതിമാസം 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 2019ല്‍ ഇത് ആറ് മുതല്‍ 9 ലക്ഷം വരെയായിരുന്നു.
ബ്രാന്‍ഡഡ് പവലിയനുകള്‍, കിയോസ്‌കുകള്‍ തുടങ്ങിയവയ്ക്കുള്ള ചെലവ് 30 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധിച്ചു.
ചെറിയ ഇന്ററാക്ടീവ് ബൂത്തുകള്‍ക്ക് നാല് ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് ചെലവ്. വിആര്‍(വെര്‍ച്വല്‍ റിയാലിറ്റി) എക്‌സ്പീരിയന്‍സ് സോണുകള്‍ പോലെയുള്ള മിഡ്-റേഞ്ച് സജ്ജീകരണങ്ങള്‍ക്ക് 16 ലക്ഷം മുതല്‍ 40 ലക്ഷം വരെയാണ് ചെലവ് വരിക. 2019നെ അപേക്ഷിച്ച് ഔട്ട്‌ഡോര്‍ പരസ്യ നിരക്കുകള്‍ രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരെ വര്‍ധിച്ചു
ബോട്ടുകളിലെ പരസ്യത്തിന് 45 ദിവസത്തേക്ക് ഒരു ലക്ഷം രൂപ വരെയാണ് ചെലവ്. സംഗം അല്ലെങ്കില്‍ ഫുഡ് കോര്‍ട്ടുകള്‍ക്ക് സമീപമുള്ള, ആളുകൾ കൂടുതലായി എത്തുന്ന പ്രദേശങ്ങളില്‍ നിരക്ക് കൂടുമെന്ന് കുക്കു എഫ്എം വക്താവ് പറഞ്ഞു.
ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതിന് പ്രതിമാസം രണ്ട് ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയാണ് ചെലവ്. 2019ല്‍ ഇത് 1.5 ലക്ഷം മുതല്‍ 3 ലക്ഷം രൂപവരെയായിരുന്നു.
പ്രധാന സ്‌നാന ദിനങ്ങള്‍, പ്രത്യേകിച്ച് മകരസംക്രാന്തി (ജനുവരി 14), മൗനി അമാവാസി (ഫെബ്രുവരി 10), ബസന്ത് പഞ്ചമി (ഫെബ്രുവരി 16) എന്നിവയാണ് പ്രധാന ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന 'സ്‌നാന്‍സ്' (സ്‌നാന ചടങ്ങുകള്‍) എന്നറിയപ്പെടുന്ന പ്രധാന പരിപാടികളിലാണ് ബ്രാന്‍ഡുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്‍ട്രി ഗേറ്റുകള്‍, ഘാട്ടുകള്‍, ടെന്റുകള്‍, ട്രാന്‍സിറ്റ് ഹബ്ബുകള്‍ (റെയില്‍വേ, ബസുകള്‍) പോലുള്ള ഉയര്‍ന്ന ദൃശ്യപരതയുള്ള മേഖലകളിലാണ് ബ്രാന്‍ഡുകള്‍ പ്രധാനമായും പരസ്യം ചെയ്യുന്നത്. 45 ദിവസത്തെ പരിപാടിയില്‍ ബ്രാന്‍ഡിംഗ് ചെലവുകളുടെ ഏകദേശം 70 ശതമാനവും ഈ സുപ്രധാന ദിവസങ്ങളിലേക്കാണ് നീക്കി വെച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.