ഐഐടി വാരണാസിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ സായികേഷിന് ഒരു സോഫ്ട്‍വെയർ കമ്പനിയിൽ ജോലി ലഭിച്ചു. 28 ലക്ഷം രൂപയായിരുന്നു ഈ ജോലിയ്ക്ക് ലഭിച്ചിരുന്ന വാർഷിക ശമ്പളം. എന്നാൽ ഈ ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നമായ ബിസിനസിലേക്ക് കടക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ആദ്യം എല്ലാവരും സായികേഷിന്റെ ഈ തീരുമാനത്തെ കളിയാക്കിയെങ്കിലും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. സായികേഷിന്റ തീവ്രമായ ആഗ്രഹത്തിന് താങ്ങായി അദ്ദേഹത്തിന്റെ സുഹൃത്തും കൺട്രി ചിക്കൻ കോ.സഹസ്ഥാപകരിൽ ഒരാളുമായ ഹേമാംബർ റെഡ്ഡി ഒപ്പമുണ്ടായിരുന്നു. ഇരുവരും കൂടാതെ മൊഹമ്മദ് സമി ഉദ്ദീൻ എന്നയാളും കൂടി ചേർന്ന് അവർ തങ്ങളുടെ സംരംഭകത്വ യാത്ര ആരംഭിച്ചു. കൺട്രി ചിക്കൻ കോ. എന്നാണ് കമ്പനിയുടെ പേര്.
advertisement
Also read- 5000 രൂപ മുതൽ മുടക്കി 10,000 കോടി വിറ്റുവരവ്; കോഴി കൊണ്ട് വിജയം കൊയ്ത സഹോദരങ്ങൾ
ഹേമാംബർ റെഡ്ഡിയുടെ കോഴി വ്യവസായത്തിലെ വൈദഗ്ധ്യവും സായികേഷിന്റെ പ്രതിബദ്ധതയുമാണ് കമ്പനിയുടെ ദ്രുതഗതിയിലുള്ള ഉയർച്ചയ്ക്ക് കാരണം. ഇന്ത്യയിലെ ആദ്യത്തെ നാടൻ ചിക്കൻ റെസ്റ്റോറന്റുകൾ സ്ഥാപിക്കുന്നതിൽ സായികേഷും സംഘവും നിർണായക പങ്കുവഹിച്ചുവെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലും പ്രഗതി നഗറിലും ഉള്ള റെസ്റ്റോറന്റുകൾ കൂടുതൽ ശ്രദ്ധേയമായി. ഈ റെസ്റ്റോറന്റുകളിൽ ഏകദേശം 70 ഓളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. കൂടാതെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളമുള്ള 15,000-ത്തിലധികം കോഴി കർഷകരുമായി കമ്പനി ബന്ധം സ്ഥാപിച്ചു. ഈ കർഷകരിൽ നിന്ന് കമ്പനി നാടൻ കോഴിക്കുഞ്ഞുങ്ങളെ സംഭരിച്ചു.
കോഴികളുടെ ആരോഗ്യം നിലനിർത്തുന്നതിന് കർഷകരെ ബോധവത്കരിക്കാനുള്ള ഒരു സംരംഭവും കൺട്രി ചിക്കൻ കോ. കമ്പനി ആരംഭിച്ചു. ഗുണനിലവാരത്തിന്റെ കർശനമായ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് രുചികരവും ഉയർന്ന നിലവാരമുള്ളതുമായ ചിക്കൻ നൽകാനാണ് കമ്പനി ശ്രമിക്കുന്നത്. 2022–2023 സാമ്പത്തിക വർഷത്തിൽ 5 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. 2022 ജനുവരി മുതൽ 2023 ഏപ്രിൽ വരെ കമ്പനി ഗണ്യമായ വളർച്ച കൈവരിച്ചു. പ്രതിമാസ വരുമാനം 3 ലക്ഷം രൂപയിൽ നിന്ന് 1.2 കോടി രൂപയായി ഉയർന്നു. 2023–2024 സാമ്പത്തിക വർഷത്തിൽ 50 കോടി രൂപ വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് കൺട്രി ചിക്കൻ കോ. ഇപ്പോൾ.