TRENDING:

ഭക്ഷണത്തിനുള്ള കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്പേസ്റ്റും സോപ്പും വാങ്ങിയ 24 ജീവനക്കാരെ മെറ്റ പുറത്താക്കി

Last Updated:

മൂന്നരക്കോടിയോളംരൂപ വാര്‍ഷിക വരുമാനമുള്ള ജീവനക്കാരനും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭക്ഷണത്തിന് അനുവദിച്ച ക്രഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ 24 ജീവനക്കാരെ മെറ്റ പുറത്താക്കി. ലോസ് ആഞ്ജലസിലുള്ള ഓഫീസിലെ ജീവനക്കാരെയാണ് പുറത്താക്കിയത്. ഭക്ഷണത്തിനുള്ള കൂപ്പണ്‍ ഉപയോഗിച്ച് ഇവര്‍ ടൂത്ത്‌പേസ്റ്റ്, ഡിറ്റര്‍ജന്റ് പൗഡര്‍, വൈന്‍ ഗ്ലാസ് എന്നിവ വാങ്ങിയെന്നാണ് കമ്പനി കണ്ടെത്തിയത്. മൂന്നരക്കോടിയോളംരൂപ വാര്‍ഷിക വരുമാനമുള്ള ജീവനക്കാരനും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയാണ് മെറ്റ.
advertisement

ഫുഡ് വൗച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്ന കാര്യം ഒരു ജീവനക്കാരന്‍ തന്നെയാണ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ Blind-ല്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് എച്ച്ആര്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഭവം വാസ്തവമാണെന്ന് തെളിഞ്ഞത്. ഫുഡ് കൂപ്പണില്‍ ഗുരുതരമായ തിരിമറി നടത്തിയവരെ കമ്പനിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അതില്‍ ചില ജീവനക്കാരെ താക്കീത് നല്‍കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു.

മെറ്റയുടെ വലിയ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കിവരുന്നുണ്ട്. എന്നാല്‍ ചില ചെറിയ ഓഫീസുകളില്‍ ഭക്ഷണം വാങ്ങുന്നതിനായി വൗച്ചറുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ജീവനക്കാര്‍ക്ക് ഭക്ഷണം വാങ്ങാവുന്നതാണ്. പ്രഭാത ഭക്ഷണത്തിന് 20 ഡോളറും ഉച്ചഭക്ഷണത്തിന് 25 ഡോളറും അത്താഴത്തിന് 25 ഡോളറുമാണ് കമ്പനി നല്‍കിവരുന്നത്. എന്നാല്‍ ഈ വൗച്ചര്‍ ദുരുപയോഗം ചെയ്ത ചില ജീവനക്കാര്‍ ഭക്ഷണത്തിന് പകരമായി മറ്റ് ചില സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു.

advertisement

2022-23 കാലത്ത് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി 21000 പേരെയാണ് മെറ്റ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇപ്പോള്‍ വീണ്ടും ജീവനക്കാരെ കുറയ്ക്കാനുള്ള ആലോചനയിലാണ് മെറ്റ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.

2022-ല്‍ ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കി വന്നിരുന്ന രാത്രിഭക്ഷണത്തിന്റെ സമയക്രമവും മെറ്റ മാറ്റിയിരുന്നു. വൈകുന്നേരം ആറ് മണിയെന്നതില്‍ നിന്ന് 6.30 ആക്കിയതോടെ നിരവധി ജീവനക്കാര്‍ വിമര്‍ശനവുമായി എത്തിയതും വാര്‍ത്തയായിരുന്നു.

സമാനമായി ഗൂഗിളും ജീവനക്കാര്‍ക്ക് നല്‍കിവന്നിരുന്ന ചില അധിക സൗകര്യങ്ങള്‍ കുറച്ചതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ജീവനക്കാര്‍ക്ക് ഗൂഗിള്‍ നല്‍കി വന്നിരുന്ന ഫിറ്റ്‌നെസ് പരിശീലന ക്ലാസുകള്‍ കുറയ്ക്കുകയും ലാപ്‌ടോപ് റീപ്ലേസ്‌മെന്റ് നയങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിരുന്നു.

advertisement

അതേസമയം എല്ലാ ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്ന രീതി ഗൂഗിള്‍ ഇപ്പോഴും പിന്തുടര്‍ന്നുപോകുന്നുണ്ട്. ഇതേപ്പറ്റി ഗൂഗിളിന്റെ മാതൃക കമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സുന്ദര്‍ പിച്ചൈ വിശദീകരിച്ചു. 'ഡേവിഡ് റൂബെന്‍സ്റ്റെയിന്‍ ഷോ; പിയര്‍ ടു പിയര്‍ കോണ്‍വര്‍സേഷന്‍' എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്ന വേളയിലായിരുന്നു വിശദീകരണം.

കമ്പനിയുടെ കഫേകളില്‍ വെറുതെ സംസാരിച്ചിരുന്ന അവസരങ്ങളിലാണ് പല നൂതനാശയങ്ങളും തന്റെ തലയിലുദിച്ചതെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിന് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ജീവനക്കാരുടെ സര്‍ഗ്ഗാത്മകതയുണര്‍ത്താനും മികച്ച ടീം വര്‍ക്ക് ഉറപ്പാക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ആനൂകൂല്യങ്ങളും നല്‍കുന്നത് തൊഴിലാളി സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും അത് കമ്പനിയുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2024 ജൂണ്‍ വരെ ഗൂഗിളിന് കീഴില്‍ 1.79 ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയിലുള്ള സ്ഥാപനമാണ് ഗൂഗിള്‍. ജോലി തേടിയെത്തിയ 90 ശതമാനം പേര്‍ക്കും ഗൂഗിളില്‍ തൊഴില്‍ നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി.

മെഡിക്കല്‍, ഡെന്റല്‍,വിഷന്‍ കെയര്‍ എന്നിവയുള്‍ക്കൊള്ളുന്ന സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് ആനൂകൂല്യങ്ങള്‍ ഗൂഗിള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കിവരുന്നുണ്ട്. ഓണ്‍സൈറ്റ് ഫിറ്റ്നെസ് സെന്റര്‍ സൗകര്യവും ജീവനക്കാര്‍ക്ക് ഉറപ്പാക്കുന്നുണ്ട്. മികച്ച ശമ്പളം, റിട്ടയര്‍മെന്റ് പ്ലാന്‍, സ്റ്റോക്ക് ഓപ്ഷന്‍ എന്നിവയും കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്.

advertisement

വര്‍ക് ലൈഫ് ബാലന്‍സ് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള തൊഴില്‍ അന്തരീക്ഷമാണ് കമ്പനി പിന്തുടരുന്നതെന്ന് പിച്ചൈ പറഞ്ഞു. ശമ്പളത്തോട് കൂടിയ അവധികള്‍, അവധിക്കാലം ആഘോഷിക്കുന്നതിനുള്ള അവധികള്‍ എന്നിവയും കമ്പനി നല്‍കിവരുന്നുണ്ട്. കൂടാതെ ജീവനക്കാരുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പരിശീലന പരിപാടികളും കമ്പനി സംഘടിപ്പിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Money/
ഭക്ഷണത്തിനുള്ള കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്പേസ്റ്റും സോപ്പും വാങ്ങിയ 24 ജീവനക്കാരെ മെറ്റ പുറത്താക്കി
Open in App
Home
Video
Impact Shorts
Web Stories