നാല് മെട്രോ നഗരങ്ങളിൽ സേവനം ലഭ്യമാക്കിയതിന് ശേഷം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. വരുന്ന വർഷത്തോടെ രാജ്യത്ത് എല്ലായിടത്തും 5ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് റിലയൻസ് ജിയോ. ''ഇന്ത്യ മുഴുവൻ 5G നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഞങ്ങൾ മൊത്തം 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ 5G റോൾ-ഔട്ട് പ്ലാനാണ് ജിയോ തയ്യാറാക്കിയിരിക്കുന്നത്'', അംബാനി പറഞ്ഞു.
"അടുത്ത രണ്ട് മാസത്തിനുള്ളിൽ, ദീപാവലിയോടെ, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവയടക്കമുള്ള പ്രധാന നഗരങ്ങളിൽ 5ജി സേവനം ലഭ്യമായി തുടങ്ങും. ഓരോ മാസവും കൂടുതൽ നഗരങ്ങളിലേക്കും പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. വരുന്ന 18 മാസത്തിനുള്ളിൽ, നമ്മുടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും എല്ലാ താലൂക്കുകളിലും എല്ലാ ഗ്രാമങ്ങളിലും ഞങ്ങൾ ജിയോ 5G എത്തിക്കും,” അദ്ദേഹം വെളിപ്പെടുത്തി.
advertisement
''ഇന്ത്യയുടെ നമ്പർ വൺ ഡിജിറ്റൽ സേവന ദാതാവെന്ന് സ്ഥാനം ജിയോ നിലനിർത്തി. ഇന്ന് ജിയോയുടെ 4G നെറ്റ്‌വർക്കിൽ 421 ദശലക്ഷം മൊബൈൽ ബ്രോഡ്‌ബാൻഡ് വരിക്കാരുണ്ട്. അവർ ഓരോ മാസവും ശരാശരി 20 GB ബ്രോഡ്‌ബാൻഡ് ഡാറ്റ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അവരുടെ ഡാറ്റ ഉപഭോഗം ഇരട്ടിയായി മാറിയിട്ടുണ്ട്'', അംബാനി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായി റിലയൻസ് മാറിയെന്നും ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവേ അംബാനി പറഞ്ഞു. 2.32 ലക്ഷം ജീവനക്കാരാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ റിലയൻസിൻെറ ഭാഗമായി മാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിലയൻസ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങളും മുകേഷ് അംബാനി വിശദീകരിച്ചു. "ഇന്ത്യയിലുടനീളം 60,000 ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 63 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ റിലയൻസ് ഫൗണ്ടേഷൻ വഴി സഹായിക്കാൻ സാധിച്ചു. ഗ്രാമീണ മേഖലയിൽ 14.5 ദശലക്ഷത്തിലധികം ആളുകൾക്ക് മികച്ച ഉപജീവനമാർഗം ലഭ്യമാക്കാനും അത് വഴി അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും സാധിച്ചു. ദുരന്തനിവാരണ മേഖലയിലും മികച്ച പ്രവർത്തനം നടത്താൻ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്. 19 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1 ദശലക്ഷത്തിലധികം ആളുകൾക്ക് ദുരന്ത സമയത്ത് സഹായം നൽകാൻ സാധിച്ചു'', അദ്ദേഹം കൂട്ടിച്ചേർത്തു.