കമ്പനി ചെയര്‍മാന്‍ പോള്‍ ബള്‍ക്കെയുടെയും ലീഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ പാബ്ലോ ഇസ്ലയുടെയും മേല്‍നോട്ടത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. നേരത്തെ തന്നെ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ആഭ്യന്തര സമിതിയോട് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. നെസ്‍ലെയുടെ വിസില്‍ബ്ലോയിംഗ് ചാനല്‍ വഴി ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ നെസ്‍ലെയുടെ ഉപബ്രാന്‍ഡായ നെസ്‌പ്രെസ്സോയുടെ മേധാവി ഫിലിപ്പ് നവ്രാറ്റിലിനെ കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിച്ചു. നിയമനം ഉടന്‍ പ്രാബല്യത്തില്‍ വരും. കമ്പനിയെ സംബന്ധിച്ച് ഉപഭോക്തൃ ആവശ്യകതയില്‍ ഇടിവ് നേരിടുകയും യുഎസ് തീരുവകളില്‍ അനിശ്ചിതത്വം വര്‍ദ്ധിക്കുകയും ചെയ്യുന്ന സമയത്താണ് ഈ നേതൃമാറ്റവും.
advertisement
മുന്‍ സിഇഒ ആയിരുന്ന മാര്‍ക്ക് ഷ്‌നൈഡര്‍ കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിഞ്ഞതിനുശേഷമാണ് സെപ്റ്റംബറില്‍ ഫ്രീക്‌സെ നെസ്‍ലെയുടെ സിഇഒ ആയി ചുമതലയേറ്റത്. നാല് പതിറ്റാണ്ടായി ഫ്രീക്‌സെ കമ്പനിക്കൊപ്പമുണ്ട്. എന്നാല്‍ കമ്പനിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഒരു എക്‌സിറ്റ് പാക്കേജ് അദ്ദേഹത്തിന് ലഭിക്കില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇത് അനിവാര്യമായ തീരുമാനമായിരുന്നുവെന്ന് ചെയര്‍മാന്‍ ബള്‍ക്കെ പ്രസ്താവനയിലൂടെ അറിയിച്ചു. നെസ്‍ലെയുടെ മൂല്യങ്ങളും ഭരണവും കമ്പനിയുടെ ശക്തമായ അടിത്തറയാണെന്നും ലോറന്റിന്റെ വര്‍ഷങ്ങളുടെ സേവനത്തിന് നന്ദി പറയുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗമല്ലാത്ത ഒരു ജീവനക്കാരിയുമായി ലോറന്റ് ഫ്രീക്‌സെയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം. അത് കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് അന്വേഷണം ആരംഭിച്ചതെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എല്ലായ്‌പ്പോഴും മികച്ച കോര്‍പ്പറേറ്റ് ഭരണത്തിന് അനുസൃതമായാണ് പ്രവര്‍ത്തിച്ചതെന്ന് നെസ്‍ലെ വക്താവ് അറിയിച്ചു. ആരോപണങ്ങളെയും അന്വേഷണങ്ങളെയും ഗൗരവമായാണ് കമ്പനി എടുക്കുന്നത് എന്നതിന്റെ തെളിവാണ് ഇന്നത്തെ തീരുമാനമെന്നും വക്താവ് വിശദമാക്കി. ദീര്‍ഘകാലമായി ചെയര്‍മാനായിരുന്ന ബള്‍ക്കെ അടുത്ത വര്‍ഷം സ്ഥാനമൊഴിയുമെന്ന് നെസ്‌ലെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആഗോളതലത്തില്‍ കോര്‍പ്പറേറ്റ് നേതൃത്വത്തിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന സൂക്ഷ്മപരിശോധനയ്ക്ക് ഈ സംഭവം ആക്കം കൂട്ടുന്നു. ജൂലായില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെ അസ്‌ട്രോണമര്‍ കമ്പനിയിലെ എച്ച്ആര്‍ ഉദ്യോഗസ്ഥയുമായുള്ള രഹസ്യ ബന്ധം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സിഇഒ ആന്‍ഡി ബൈറണും രാജിവെച്ചിരുന്നു.