അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് വായ്പകളെടുക്കാനായി പാകിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ വിനിമയ നിരക്കില്‍ അയവ് വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 24 രൂപയുടെ ഇടിവാണ് കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്.
അതേസമയം, പാകിസ്ഥാനിലെ മണി എക്‌സേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ ഡോളര്‍-രൂപ നിരക്കിന്റെ പരിധി എടുത്തുമാറ്റിയിട്ടുണ്ട്.
നേരത്തെ കറന്‍സി നിരക്ക് നിശ്ചയിക്കാന്‍ കമ്പോള ശക്തികളെ അനുവദിക്കണമെന്ന് അന്താരാഷ്ട്ര നാണയനിധി പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാക് സര്‍ക്കാര്‍ അംഗീകരിച്ചതുമാണ്. നിലവില്‍ ഐഎംഎഫില്‍ നിന്ന് 6.5 ബില്യണ്‍ രൂപയുടെ ധനസഹായം പ്രതീക്ഷിച്ച് നില്‍ക്കുകയാണ് പാകിസ്ഥാന്‍.
advertisement
Also read: ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു; മുന്നേറുന്നത് ഓട്ടോ, ഫാർമ ഓഹരികൾ മാത്രം
അതേസമയം, പാകിസ്ഥാന്റെ വിദേശ നാണയ കരുതല്‍ ശേഖരത്തിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്ത് ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു പാക്കറ്റ് ധാന്യത്തിന്റെ വില ഇപ്പോള്‍ 3000 രൂപയാണ്. ഭക്ഷണത്തിനായി ജനം നെട്ടോട്ടമോടുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനില്‍ ഊര്‍ജപ്രതിസന്ധിയും രൂക്ഷമായി തുടരുകയാണ്. മണിക്കൂറുകള്‍ നീണ്ട വൈദ്യുതി തടസ്സം ജനങ്ങളുടെ സാധാരണ ജീവിതത്തെ തന്നെ ബാധിച്ചിട്ടുണ്ട്.
പ്രതിസന്ധികള്‍ക്കിടയില്‍ പലിശ നിരക്ക് ഉയര്‍ത്തി പാകിസ്ഥാന്‍ കേന്ദ്ര ബാങ്കും രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയാണ് പാകിസ്ഥാന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വന്‍തോതില്‍ ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനില്‍ വൈദ്യുതി തകരാറിലായത്. തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികളുമായി പാക് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് പാകിസ്ഥാന്‍ ഊര്‍ജമന്ത്രി ഖുറം ദസ്തഗീര്‍ പറഞ്ഞിരുന്നു.
വൈദ്യുതി പുനഃസ്ഥാപിക്കുന്നതില്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ടെന്നും അധികം വൈകാതെ തന്നെ അവ പരിഹരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വോള്‍ട്ടേജ് വ്യത്യാസമാണ് തകരാറിന് കാരണമെന്നായിരുന്നു അധികൃതരുടെ വാദം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വൈദ്യുത ഗ്രിഡില്‍ തടസമുണ്ടാകുന്നത്. വൈദ്യുത വിതരണത്തിലെ തടസം ബാധിച്ചത് ഏകദേശം 220 ദശലക്ഷം പേരെയാണ്.
വളരെ പഴക്കം ചെന്ന ഇലക്ട്രിസിറ്റി നെറ്റ് വര്‍ക്കുകളാണ് ഇപ്പോഴും പാകിസ്ഥാനില്‍ ഉപയോഗിക്കുന്നതെന്നും രാജ്യത്തിന്റെ അടിസ്ഥാന വികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സ്ഥാപിത വൈദ്യുത ശേഷി പാകിസ്ഥാന് ഉണ്ട്. എന്നാല്‍ ഇന്ധന-വാതക പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വിഭവങ്ങളുടെ അഭാവം രൂക്ഷമാണ്. അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം നടത്താന്‍ കഴിയാത്ത വിധം കടക്കെണിയിലാണ് ഈ മേഖല.