പാൻകാർഡ് പ്രവർത്തനരഹിതമായാൽ അധിക നികുതി അടച്ചതിന്‍റെ റീഫണ്ട് ലഭിക്കാതെ വരും. കൂടാതെ, വരുമാന സ്രോതസ്സിൽ നിന്ന് കുറയ്ക്കുന്ന നികുതിയും (ടിഡിഎസ്) ശേഖരിക്കുന്ന നികുതിയും (ടിസിഎസ്) ഉയർന്ന നിരക്കിലാകുകയും ചെയ്യും. പാൻ പ്രവർത്തനരഹിതമായാൽ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയില്ല. മ്യൂച്വൽ ഫണ്ടുകളിലും സ്റ്റോക്കുകളിലും നിക്ഷേപിക്കുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിയമങ്ങൾ അനുസരിച്ച് ആധാർ-പാൻ ലിങ്കേജ് ആവശ്യമാണ്.
ആദായ നികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റ് (incometax.gov.in) വഴി ആധാറുമായി പാൻകാർഡ് ലിങ്ക് ചെയ്യാം. എന്നാൽ, ഈ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ 1,000 രൂപ ലേറ്റ് ഫീസ് അടയ്‌ക്കേണ്ടിവരും.
advertisement
പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ?
1. നിങ്ങൾ ഇതിനകം ആധാർ-പാൻ ലിങ്ക് പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതാണ് ഘട്ടം ഒന്ന്. ആദ്യം ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കാം
2. പ്രക്രിയ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, നിങ്ങളുടെ ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കുകയാണ് വേണ്ടത്.
3. നിങ്ങളുടെ പാൻ, ആധാർ വിശദാംശങ്ങൾ നൽകുക
4. രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ആ വിവരം സ്ക്രീനിൽ തെളിയും.
5. ബന്ധിപ്പിക്കാത്തവർ www.incometax.gov.in എന്നതിലേക്ക് ലോഗിൻ ചെയ്യേണ്ടിവരും (നിങ്ങളുടെ പാൻ നിങ്ങളുടെ ഉപയോക്തൃ ഐഡി ആയിരിക്കും)
6. ഇ-ഫയൽ > ഇ-പേ ടാക്സ് > പുതിയ പേയ്മെന്റ് എന്നതിലേക്ക് പോകുക
7. ‘ആദായനികുതി’ ടാബ് തിരഞ്ഞെടുക്കുക, മൂല്യനിർണ്ണയ വർഷമായി 2024-25 തിരഞ്ഞെടുക്കുക
8. പേയ്‌മെന്റ് തരം ‘മറ്റ് രസീതുകൾ (500)’ ആയി തിരഞ്ഞെടുത്ത് തുടരുക
9. മുൻകൂട്ടി പൂരിപ്പിച്ച തുകയായ 1,000 രൂപ നിങ്ങൾക്ക് കാണാൻ കഴിയും; തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക
10. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് പേയ്‌മെന്റ് പൂർത്തിയാക്കാം
11. ഇ-ഫയൽ > ഇ-പേ ടാക്സ് > പേയ്മെന്റ് ഹിസ്റ്ററിയിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ചലാൻ ഡൗൺലോഡ് ചെയ്യാം.
12. അടുത്തതായി, ഇ-ഫയലിംഗ് പോർട്ടലിന്റെ ഹോംപേജിന്റെ ഇടതുവശത്തുള്ള മെനുവിലുള്ള ‘ലിങ്ക് ആധാർ’ ടാബിൽ ക്ലിക്ക് ചെയ്യുക.
13. നിങ്ങളുടെ പാൻ, ആധാർ എന്നിവ നൽകി വിവരങ്ങൾ സാധൂകരിക്കുക
2023 മാർച്ച് 31 വരെയായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധി, ആദായനികുതി വകുപ്പ് ജൂൺ 30 വരെ നീട്ടിയിരുന്നു. നേരത്തെ പലതവണ സമയപരിധി നീട്ടിയിരുന്നു. ഈ സമയപരിധി നഷ്‌ടപ്പെടുകയാണെങ്കിൽ, 1,000 രൂപ പിഴയടച്ച് 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം.
എന്നിരുന്നാലും, ഈ ലിങ്കിംഗ് പ്രക്രിയ പൂർത്തിയാക്കാൻ നിർബന്ധിതരല്ലാത്തവർക്ക് ഒരു അനന്തരഫലവും നേരിടേണ്ടിവരില്ല. “നിർദ്ദിഷ്‌ട സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, നിയമം അനുസരിച്ച് പ്രവാസി, ഇന്ത്യൻ പൗരനല്ലാത്ത ഒരു വ്യക്തി അല്ലെങ്കിൽ മുൻ വർഷത്തിൽ എപ്പോൾ വേണമെങ്കിലും എൺപത് വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾ” തുടങ്ങിയവർ ഇത് ചെയ്യേണ്ടതില്ലെന്ന് ആദായ നികുതി വകുപ്പ് 2023 മാർച്ചിൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.