ഔദ്യോഗിക കണക്ക് പ്രകാരം ആർബിഐയുടെ പക്കല്‍ 822.1 ടണ്‍ സ്വർണം ഉണ്ട്. ഇതില്‍ 413.8 ടണ്‍ സ്വർണം വിദേശ രാജ്യങ്ങളില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. 100.3 ടണ്‍ സ്വർണം മാത്രമാണ് ഇന്ത്യയിലെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. പല വിദേശ രാജ്യങ്ങളെയും പോലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വിദേശത്തുള്ള സ്വർണത്തിന്റെ നല്ലൊരു പങ്കും സൂക്ഷിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ ആണ്.
മാർച്ച് മാസം ആണ് ലണ്ടനില്‍ നിന്ന് സ്വർണം ഇന്ത്യയില്‍ എത്തിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന പ്ലാനിങ് ആണ് സ്വർണം എത്തിക്കുന്നതിന് മുന്നോടിയായി നടന്നത്. ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സർക്കാരിന്റെ വിവിധ ഏജൻസികള്‍ എന്നിവ സംയുക്തമായി പ്രവർത്തിച്ചാണ് സ്വർണം എത്തിച്ചത്. പ്രത്യേക വിമാനത്തില്‍ കനത്ത സുരക്ഷയില്‍ എത്തിച്ച സ്വർണം മുംബൈയിലെ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ ലോക്കറിലും നാഗ്പൂരിലും ആണ് സൂക്ഷിച്ചിരിക്കുന്നത്.
advertisement
സ്വർണം ഇന്ത്യയില്‍ എത്തിക്കുന്നതിന് ചില ഇളവുകള്‍ കേന്ദ്ര സർക്കാർ നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കസ്റ്റംസ് തിരുവ ഇളവ് ആണ്. രാജ്യത്തിന്റെ സ്വത്ത് എന്ന നിലയില്‍ കസ്റ്റംസ് തിരുവ പൂർണമായും കേന്ദ്രം ഒഴിവാക്കി. എന്നാല്‍ ഇറക്കുമതിക്ക് ഏർപ്പെടുത്തുന്ന ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചില്ല. ഈ നികുതി വിഹിതം വിവിധ സംസ്ഥാനങ്ങളും ആയി കേന്ദ്രം പങ്കുവെക്കുന്നതാണ്. അതിനാലാണ് നികുതി ഇളവ് നല്‍കാത്തത്.
1991ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചന്ദ്രശേഖർ സർക്കാർ സ്വർണം പണയംവെച്ചിരുന്നു. എന്നാല്‍ ഇന്ത്യൻ സാമ്പത്തിക രംഗം പിന്നീട് ശക്തമാകാൻ തുടങ്ങിയതോടെ റിസർവ് ബാങ്ക് സ്വർണം വാങ്ങി ശേഖരിക്കാൻ തുടങ്ങി. 15 വർഷങ്ങള്‍ക്ക് മുൻപ് ഐഎംഎഫില്‍ നിന്ന് ഇന്ത്യ 200 ടണ്‍ സ്വർണം വാങ്ങിയിരുന്നു. അതിന് ശേഷം ഓരോ വർഷവും സ്വർണം വാങ്ങി ശേഖരിക്കാൻ തുടങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷം 27.5 ടണ്‍ സ്വർണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാങ്ങിയിരുന്നു. 2019 ല്‍ ഇന്ത്യയുടെ പക്കല്‍ ഉണ്ടായിരുന്നത് 618.2 ടണ്‍ സ്വർണം ആയിരുന്നു. 2023ല്‍ അത് 794.6 ടണ്ണും 2024 ല്‍ 822.1 ടണ്‍ സ്വർണവും ആയി ഉയർന്നു.
“ആരും കാണാതിരുന്ന സമയത്ത്, ആർബിഐ അവരുടെ 100 ടൺ സ്വർണ്ണ ശേഖരം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ മാറ്റി. മിക്ക രാജ്യങ്ങളും തങ്ങളുടെ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളിലോ അത്തരത്തിലുള്ള ചില സ്ഥലങ്ങളിലോ സൂക്ഷിക്കുന്നു (കൂടാതെ പ്രിവിലേജിനായി ഒരു ഫീസ് നൽകുകയും ചെയ്യുന്നു). ഇന്ത്യയുടെ സ്വർണത്തിന്റെ ഭൂരിഭാഗവും ഇനി സ്വന്തം നിലവറകളിലായിരിക്കും. 1991ൽ ഒരു പ്രതിസന്ധിയുടെ നടുവിൽ ഒറ്റരാത്രികൊണ്ട് സ്വർണം കയറ്റി അയയ്‌ക്കേണ്ടിവന്നതിൽ നിന്ന് ഞങ്ങൾ ഒരുപാട് മുന്നോട്ട് പോയി''- പ്രശസ്ത സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായ സഞ്ജീവ് സന്യാല്‍ എക്സിൽ കുറിച്ചു.
Summary: The Reserve Bank of India (RBI) has moved over 100 tonnes of gold from the UK to its domestic vaults. It marks the first time at least since early 1991 when the precious yellow metal at this scale has been added to the stock held locally.