കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഒരു ദിവസക്കൂലിക്കാരന്റെ മകനായ മുസ്തഫ പിസി ആറാം ക്ലാസ് തോറ്റതോടെ സ്കൂൾ ഉപേക്ഷിച്ച് പിതാവിനൊപ്പം കൃഷി ചെയ്യാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ അദ്ധ്യാപകന്റെ സമയോചിതമായ ഇടപെടലാണ് അവനെ പഠനം ഉപേക്ഷിക്കുന്നതിൽ നിന്ന് തടഞ്ഞത്. വർഷങ്ങൾക്ക് ശേഷം, ഇന്ന് ആ കുട്ടി ഐഡി ഫ്രെഷ് ഫുഡിന്റെ സിഇഒ ആയി ജൈത്രയാത്ര നടത്തുകയാണ്.
ഹ്യൂമൻസ് ഓഫ് ബോംബെയുമായി നടത്തിയ ഒരു അഭിമുഖത്തിൽ മുസ്തഫ ഇപ്രകാരം പറഞ്ഞു, “സ്കൂളിലേക്ക് മടങ്ങേണ്ട ആവശ്യത്തെക്കുറിച്ച് എന്റെ അധ്യാപകൻ പഠനമുപേക്ഷിക്കാന്‍ തയ്യാറായി നിന്ന എന്നെ ബോധ്യപ്പെടുത്തി; മാത്രമല്ലാ, അദ്ദേഹം എന്നെ സൗജന്യമായി പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹായത്തോടെ, ഞാൻ എന്റെ ക്ലാസിൽ ഗണിതശാസ്ത്രത്തിൽ ഒന്നാമനായി! എന്തിനധികം പറയുന്നൂ, അത് എന്നെ കൂടുതൽ കഠിനമായി പഠിക്കാൻ പ്രേരിപ്പിച്ചു, ഞാൻ സ്കൂൾ ടോപ്പറായി മാറി - എന്റെ അധ്യാപകർ എല്ലാവരും ചേർന്ന് എന്റെ കോളേജ് ഫീസ് അടക്കുകയും ചെയ്തു. "
advertisement
പഠനത്തിന് ശേഷം മുസ്തഫ ഇന്ത്യയിൽ ജോലി ചെയ്യാൻ ആരംഭിച്ചു. ഒടുവിൽ ഒരു ജോലിയുടെ ആവശ്യത്തിനായി അദ്ദേഹം വിദേശത്തേക്കു പോയി. അവിടെ ചെന്നതിനുശേഷം വെറും രണ്ടുമാസം കൊണ്ട് പിതാവിന്റെ വായ്പയായ രണ്ടുലക്ഷം രൂപ അടച്ചു തീർക്കാൻ കഴിയും വിധം അദ്ദേഹത്തിന് പണം സമ്പാദിക്കാൻ സാധിച്ചു. അദ്ദേഹം പറയുന്നതനുസരിച്ച്, നല്ല ശമ്പളമുള്ള ജോലി ഉണ്ടായിരുന്നിട്ടും, ഒരു ബിസിനസ്സ് ആരംഭിക്കായിരുന്നൂ അദ്ദേഹം ആഗ്രഹിച്ചത്.
ആയിടെ, ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്ന ആട്ടിയ മാവിന്റെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് ഒരു ഉപഭോക്താവ് പരാതിപ്പെടുന്നത് മുസ്തഫ കേൾക്കാനിടയായി. തുടര്‍ന്ന് ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനുള്ള നല്ല നിലവാരമുള്ള ആട്ടിയ മാവ് ഉല്പാദിപ്പിക്കുന്ന ഒരു കമ്പനി ആരംഭിക്കാനുള്ള ആശയം ഒരു കസിൻ ആണ് അദ്ദേഹത്തിൻറെ മുന്നിൽ അവതരിപ്പിച്ചത്. അദ്ദേഹം കമ്പനിയിൽ 50,000 രൂപ നിക്ഷേപിക്കുകയും അത് പ്രവർത്തിപ്പിക്കുന്നതിന് തൻറെ ബന്ധുക്കളെ ഏൽപ്പിക്കുകയും ചെയ്തു.
മൂന്ന് വർഷത്തിനുശേഷം, തന്റെ മുഴുവൻ സമയവും കമ്പനിയിൽ നിക്ഷേപിക്കുന്നതാണ് കമ്പനിയുടെ വളർച്ചയ്ക്ക് അഭികാമ്യമെന്ന് മുസ്തഫ മനസ്സിലാക്കി. ഇത് ഫലവത്തായില്ലെങ്കിൽ തനിക്ക് മറ്റൊരു ജോലി ലഭിക്കുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകിക്കൊണ്ട് അങ്ങനെ അദ്ദേഹം ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി. എന്നാൽ കാര്യങ്ങൾ അദ്ദേഹം പ്രതീക്ഷിച്ചതു പോലെ അത്ര എളുപ്പമായിരുന്നില്ല, കൂടാതെ അദ്ദേഹത്തിന് നിരവധി തടസ്സങ്ങൾ നേരിടേണ്ടിയും വന്നു.
തന്റെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത ദിവസങ്ങളുണ്ടായിരുന്നുവെന്ന് മുസ്തഫ പറയുന്നു. എന്നാൽ കമ്പനി വിജയിക്കുകയാണെങ്കില്‍ തന്നോടൊപ്പം നില്‍ക്കുന്ന 25 ജീവനക്കാരെയും കോടീശ്വരന്മാരാക്കാമെന്ന് അദ്ദേഹം അവരോട് വാഗ്ദാനം ചെയ്യുകയും അവർക്ക് ഓഹരികൾ നൽകുകയും ചെയ്തു. എട്ട് വർഷത്തെ കഷ്ടപ്പാടുകൾക്ക് ശേഷം മുസ്തഫ തന്റെ വാഗ്ദാനം പാലിച്ചു. അവർ ഒരു നിക്ഷേപകനെ കണ്ടെത്തുകയും, ഐഡി ഫ്രെഷ് ഫുഡ് 2000 കോടി കമ്പനിയായി മാറുകയും ചെയ്തു.
താന്‍ കടന്നുപോയ കഷ്ടപ്പാടുകളുടെ ദിവസങ്ങളിൽ ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന് തന്നെ ഉപദേശിക്കുകയും തനിക്ക് ആവശ്യമായ എല്ലാ പ്രചോദനങ്ങളും നൽകുകയും ചെയ്ത ആ അദ്ധ്യാപകന് മുസ്തഫ തന്റെ എല്ലാ ബഹുമതികളും നൽകുന്നു, തന്റെ വിജയം കാണാൻ തന്റെ അദ്ധ്യാപകന് കഴിഞ്ഞില്ലായെന്നതില്‍ മുസ്തഫ അതിയായി ദുഃഖിക്കുന്നു. “എന്റെ വിജയം എന്റെ അദ്ധ്യാപകനുമായി പങ്കിടാൻ ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അദ്ദേഹം ഇതിനകം തന്നെ അന്തരിച്ചതായി ഞാൻ മനസ്സിലാക്കി." അദ്ദേഹം ഹ്യൂമൻസ് ഓഫ് ബോംബെയോട് പറഞ്ഞു. ‘ഒരു തൊഴിലാളിയായി മാറേണ്ട ഞാന്‍ അദ്ദേഹം കാരണം എന്തൊക്കെയാണ് നേടിയതെന്ന് എന്റെ സാറിന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ തകർന്ന ഹൃദയത്തോടെ ചിന്തിച്ചു! അദ്ദേഹം നല്‍കിയ മഹത്തായ ആ അനുഭവത്തെ ബഹുമാനിക്കാൻ എനിക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഞാൻ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാറുണ്ട്." മുസ്തഫ പറയുന്നു.
2018 ൽ ഹാർവാഡിൽ പ്രഭാഷണം നടത്താന്‍ ക്ഷണിച്ചപ്പോൾ അദ്ദേഹം എല്ലാ നേട്ടങ്ങള്‍ക്കും തന്റെ അച്ഛനും അദ്ധ്യാപകനും നന്ദി പറയുകയുണ്ടായി.