കാബൂൾ: അമേരിക്കൻ സൈന്യം ഉപയോഗിച്ചുവന്ന 33 Mi-17, 33 UH-60 ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററുകളും 43 MD-530 ഹെലികോപ്റ്ററുകളും താലിബാൻ പിടിച്ചെടുത്തു. ഇതുകൂടാതെ, 64 ആയിരത്തിലധികം മെഷീൻ ഗൺ, 3,58,000 റൈഫിളുകൾ, ഒരു ലക്ഷത്തിലധികം പിസ്റ്റളുകൾ, 176 ടാങ്കുകൾ, 1,62,0000 വാക്കി ടോക്കികൾ, പതിനാറായിരത്തിലധികം നൈറ്റ് വിഷൻ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. എന്നാൽ ഇവയിൽ ഭൂരിഭാഗവും കാബൂൾ വിടുന്നതിന് മുമ്പ് യുഎസ് സൈന്യം പൊളിച്ചുമാറ്റുകയോ ഉപയോഗ ശൂന്യമാക്കുകയോ ചെയ്തിരുന്നു.
അഫ്ഗാൻ സൈന്യത്തിന്റെ യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും താവളം കൂടിയായിരുന്നു ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം. അമേരിക്കൻ സൈനികർ യുദ്ധോപകരണങ്ങളെല്ലാം നശിപ്പിച്ച ശേഷമാണ് കാബൂൾ വിട്ടത്. കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 എയർക്രാഫ്റ്റുകളും 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങളുമാണ് ഉപയോഗശൂന്യമാക്കിയശേഷം ഉപേക്ഷിച്ചത്. ‘ആ വിമാനങ്ങൾ ഇനി പറക്കില്ല, ആർക്കും അവ പ്രവർത്തിപ്പിക്കാനും കഴിയില്ല.’- ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.