വളര്‍ന്നു വരുന്ന സാങ്കേതികവിദ്യയുടെയും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തേണ്ടതിന്റെയും പശ്ചാത്തലത്തില്‍ കമ്പനിയുടെ തൊഴില്‍ ശക്തി പുഃനക്രമീകരിക്കുന്നതിനും ഭാവിയ്ക്ക് അനുയോജ്യമായ സ്ഥാപനമായി സ്വയം സ്ഥാപിക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ടിസിഎസ് അറിയിച്ചു.
ടിസിഎസ് തങ്ങളുടെ ആഭ്യന്തര മാനവ വിഭവശേഷി നയങ്ങള്‍ പരിഷ്‌കരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.
''ഭാവിയിലെ മാറ്റങ്ങള്‍ക്ക് തയ്യാറായ ഒരു സ്ഥാപനമായി വളരുന്നതിനുള്ള യാത്രയിലാണ് ടിസിഎസ്. നൂതനമായ സാങ്കേതിക മേഖലകളില്‍ നിക്ഷേപം നടത്തുക, പുതിയ വിപണികളിലേക്ക് കൂടി പ്രവേശിക്കുക, ഞങ്ങളുടെ ക്ലയന്റുകള്‍ക്കും ഞങ്ങള്‍ക്കും വേണ്ടി വന്‍തോതില്‍ എഐ വിന്യസിക്കുക, ഞങ്ങളുടെ പങ്കാളിത്തങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുക, അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളിലെ തന്ത്രപരമായ മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു,'' ടിസിഎസ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.
advertisement
''ഇതിനായി നിരവധി പുനർനൈപുണ്യ, പുനര്‍വിന്യാസ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിന്യാസം സാധ്യമല്ലാത്ത സ്ഥാപനത്തില്‍ നിന്ന് സഹപ്രവര്‍ത്തകരെ ഞങ്ങള്‍ ഒഴിവാക്കും. ഇത് ഞങ്ങളുടെ ആഗോളതലത്തിലുള്ള തൊഴിലാളികളുടെ ഏകദേശം രണ്ട് ശതമാനത്തെ ബാധിക്കും. പ്രധാനമായും മിഡില്‍, സീനിയര്‍ ഗ്രേഡുകളിലെ ജീവനക്കാരാണ് ഇതില്‍ ഉള്‍പ്പെടുന്നത്,'' കമ്പനി കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നത് എഐയുമായി ബന്ധപ്പെട്ടതല്ലെന്ന് ടിസിഎസ് വ്യക്തമാക്കി. ''അല്ല, ഇത് എഐ 20 ശതമാനം ഉത്പാദനക്ഷമത നേട്ടങ്ങള്‍ നല്‍കുന്നത് കൊണ്ടല്ല. ഞങ്ങള്‍ അപ്രകാരം ചെയ്യുന്നില്ല. നൈപുണ്യ പൊരുത്തക്കേട് ഉള്ളിടത്താണ് ജീവനക്കാരെ പിരിച്ചുവിടുന്നത്,'' മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ ടിസിഎസ് സിഇഒയും എംഡിയുമായ കൃതിവാസന്‍ പറഞ്ഞു.
അതേസമയം പിരിച്ചുവിടുന്ന ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിന് വ്യക്തമായ നടപടികള്‍ നിലവിലുണ്ടെന്നും ഇത് അനുകമ്പയോടെ കൈകാര്യം ചെയ്യുമെന്നും കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാകുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഈ വര്‍ഷം മുഴുവനും പിരിച്ചുവിടല്‍ നടപടി തുടരും. എന്നാല്‍, ഇത് തിടക്കപ്പെട്ട് ചെയ്യുകില്ല. പിരിച്ചുവിടാന്‍ സാധ്യതയുള്ള ആളുകളുമായി ഞങ്ങള്‍ ആദ്യം സംസാരിക്കും. അവര്‍ക്ക് ഒരു അവസരം ഞങ്ങള്‍ നല്‍കും,'' അദ്ദേഹം വ്യക്തമാക്കി.
പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന പിന്തുണയെക്കുറിച്ചും കമ്പനി വിശദീകരിച്ചു. ഇതിനായി ടിസിഎസിന്റെ സ്ഥാപിത എച്ച്ആര്‍ നയങ്ങള്‍ പാലിക്കുമെന്ന് കൃതിവാസന്‍ പറഞ്ഞു. നോട്ടീസ് പിരീഡ് പേ, അധിക പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് കാലാവധി വര്‍ധിപ്പിക്കല്‍, കൗണ്‍സിലിംഗ് സേവനങ്ങള്‍, ഔട്ട്‌പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നതായും ഇത് വളരെ അനുകമ്പാപൂര്‍വമായ രീതിയില്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2026 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ പിരിച്ചുവിടലുകള്‍ ഘട്ടം ഘട്ടമായി നടത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.