ആകെ തൊഴിലാളികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നതോടെ ഇന്ത്യയിൽ ഐ ടി മേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായി ടി സി എസ് മാറി. ആഗോളതലത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് ടി സി എസിനുള്ളത്. ആദ്യ സ്ഥാനം കൈയാളുന്ന ആക്സൻച്വറിന് 5.37 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ഇൻഫോസിസിൽ 2.5 ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുമ്പോൾ എച്ച് സി എൽ ടെക്കിൽ 1.6 ലക്ഷം പേരും വിപ്രോയിൽ 1.9 ലക്ഷം പേരും ജോലി ചെയ്യുന്നു.
advertisement
ആകെ തൊഴിലാളികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ടി സി എസ് ഇന്ത്യൻ റെയിൽവേയ്ക്ക് പിന്നിലാണ്. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് ഒരു ദശലക്ഷത്തിലേറെ തൊഴിലാളികളുണ്ട്. സ്വകാര്യ കമ്പനികളിൽ ആദിത്യ ബിർള ഗ്രൂപ്പിന് 1.2 ലക്ഷം ജീവനക്കാരാണ് ഉള്ളത്. എൽ ആൻഡ് ടി കമ്പനിയിൽ 3.37 ലക്ഷം പേർ തൊഴിലെടുക്കുമ്പോൾ റിലയൻസ് ഇൻഡസ്ട്രീസിലെ തൊഴിലാളികളുടെ എണ്ണം 2 ലക്ഷമാണ്.
Also read- Petrol price | കേരളത്തിൽ പെട്രോൾ വില ഉയർന്നു തന്നെ; ഇന്നത്തെ നിരക്കറിയാം
ടി സി എസ് ഈ പാദത്തിൽ 45,111 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. ഇതോടെ വാർഷിക വരുമാനത്തിൽ 18.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. അത് കൂടാതെ, 28.5 ശതമാനം വളർച്ചയോടു കൂടി ടി സി എസ് 9,008 കോടി രൂപ അറ്റാദായവും നേടി. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ 8.1 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടുകളിലാണ് കമ്പനി ഒപ്പുവെച്ചത്.
പ്രായോഗികമായ സമീപനങ്ങൾ കൈക്കൊണ്ടതിന്റെ ഫലമായി ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സൃഷ്‌ടിച്ച വെല്ലുവിളികളെ മറികടക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി ടി സി എസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്റ്ററുമായ എൻ ഗണപതി സുബ്രഹ്മണ്യൻ അറിയിച്ചു. "ഈ പാദത്തിൽ വരുമാനത്തിന്റെ കാര്യത്തിൽ ആറ് ബില്യൺ ഡോളറിന്റെ നാഴികക്കല്ല് ഞങ്ങൾ പിന്നിട്ടു. വാർഷിക വരുമാനത്തിലെ വർദ്ധനവിനും സ്ഥാനക്കയറ്റങ്ങൾക്കും പുറമെ ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ ഡ്രൈവുകളിലൊന്ന് സംഘടിപ്പിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു", ചീഫ് ഫിനാൻഷ്യൽ ഓഫീസർ സമീർ സെക്സറിയ പ്രതികരിച്ചു.