സൈബർ മീഡിയ റിസേർച്ചിന്റെ (സിഎംആർ) റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് സംഭവിക്കുന്ന ഡിജിറ്റൽ വിപ്ലവം ആളുകളെ ഫീച്ചർ ഫോണുകൾ ഉപേക്ഷിച്ച് സ്മാർട്ട് ഫോണുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ 10,000 രൂപയ്ക്ക് 4ജി ഫോണുകളും നിലവിൽ 5ജി ഫോണുകളുടെയും മോഡലുകൾ പല കമ്പനികളും അവതരിപ്പിച്ചതും ഫീച്ചർ ഫോൺ ഉപഭോക്താക്കളെ സമാർട്ട് ഫോണുകളിലേക്ക് അടുപ്പിക്കുന്നുണ്ട്. യുപിഐ പെയ്മെന്റ് സംവിധാനങ്ങളും മറ്റുമുള്ള ഫീച്ചർ ഫോണുകൾ ഉപഭോക്താക്കൾ പലരും ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ അത്തരം സംവിധാനങ്ങൾ ഉൾക്കൊള്ളിക്കാനുള്ള ഫീച്ചർ ഫോണുകളുടെ പരിമിതികൾ കാരണം പലർക്കും സ്മാർട്ട്ഫോൺ തന്നെ തിരഞ്ഞെടുക്കേണ്ടി വരുന്നുവെന്ന് സിഎംആറിലെ ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ് മേധാവി പ്രഭു റാം പറഞ്ഞു.
advertisement
സർവേയിൽ പങ്കെടുത്ത 78 ശതമാനത്തോളം പേർ കൂടുതൽ കാലം നില നിൽക്കുന്ന ബാറ്ററി ഉള്ള ഫീച്ചർ ഫോണുകൾ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ 74 ശതമാനം പേർ ഉപയോഗിക്കാൻ എളുപ്പമുള്ള ഫോണുകൾ വേണമെന്ന് അഭിപ്രായപ്പെട്ടു, 57 ശതമാനം പേർ ഫോണുകളിൽ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തണമെന്നും താങ്ങാവുന്ന വിലയിൽ ഉള്ളവ ആയിരിക്കണമെന്നും ആവശ്യപ്പെട്ടുവെന്നുമാണ് പഠനം. അതേസമയം 62 ശതമാനം പേരാണ് ഫീച്ചർ ഫോണുകളുടെ കുറഞ്ഞ ക്യാമറ ക്വാളിറ്റിയിൽ പരാതി ഉന്നയിച്ചത്. 56 ശതമാനം പേർ പുതിയ ആപ്ലിക്കേഷനുകളുടെ അഭാവമാണ് ഫീച്ചർ ഫോണുകളുടെ പോരായ്മയായി പറഞ്ഞത്.
ഇന്ത്യൻ മൊബൈൽ ഫോൺ ഉപയോക്താക്കളിൽ 87 ശതമാനം പേർ ദിവസവും 3 മണിക്കൂർ കോളുകൾക്കായി ചെലവാക്കുന്നുവെന്നും, 72 ശതമാനം പേർ മൊബൈലിലെ അലാറം വയ്ക്കാനുള്ള സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും, 62 ശതമാനം പേർ സന്ദേശങ്ങൾ അയക്കുന്നതിനായാണ് മൊബൈൽ കൂടുതലും ഉപയോഗിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥ അറിയാനുള്ള സംവിധാനങ്ങളും, വാർത്തകൾ അറിയുന്നതിനും യഥാക്രമം 47 ഉം 34 ഉം ശതമാനം പേരാണ് മൊബൈൽ ഉപയോഗിക്കുന്നത്. കൂടാതെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് 24 ശതമാനം പേരാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.