ലോകത്ത് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഇന്റർനെറ്റ് ലഭിക്കുന്ന രാജ്യമെന്ന് ഇന്ത്യയെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നവർക്ക് ദുഃസൂചന നൽകിക്കൊണ്ടുള്ളതായിരുന്നു ഭാരതി എയർടെൽ തലവന്റെ പ്രസ്താവന. ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ സുനിൽ മിത്തൽ ഉപയോക്താക്കളോടായി പറഞ്ഞത് -' ഇന്റർനെറ്റിന് ഒരുപാട് പണം മുടക്കാൻ തയാറായിക്കോളൂ' എന്നാണ്. പിടിഐ ആണ് ഇതുമായി ബന്ധപ്പെട്ടുള്ള വാർത്ത പുറത്തുവിട്ടത്.
Also Read- നിരക്ക് വർധനയ്ക്കൊരുങ്ങി എയർടെൽ, വോഡഫോൺ-ഐഡിയ കമ്പനികൾ; ഒരു മാസത്തിനകമെന്ന് റിപ്പോർട്ട്
advertisement
160 രൂപക്ക് 16 ജിബി പ്ലാൻ നൽകുന്നത് പോലും ഒരു ദുരന്തമാണെന്നാണ് സുനിൽ മിത്തലിന്റെ പക്ഷം. 1.6 ജിബിക്ക് ഉപയോക്താക്കൾ മാസം 160 രൂപ നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അംബാനിയുടെ ജിയോ രാജ്യത്ത് ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള ഡാറ്റാ പ്ലാനുകളായിരിക്കും ഇത് കേട്ടാൽ ഓർമ വരിക. എയർടെൽ മേധാവിയുടെ അഭിപ്രായം വെച്ചുനോക്കിയാൽ ഓരോരുത്തരും ഒരു ജിബിക്ക് 100 രൂപ നൽകേണ്ടി വരും. ''ഒന്നുകിൽ നിങ്ങൾ മാസം 1.6 ജിബി മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ, ഒരുപാട് പണം മുടക്കാൻ തയ്യാറാവേണ്ടിവരും. അമേരിക്കയിലും യൂറോപ്പിലുമുള്ളത് പോലെ 50-60 ഡോളർ (4000 ഇന്ത്യൻ രൂപ) നമ്മൾ ആവശ്യപ്പെടുന്നില്ല. എന്നാൽ, 16 ജിബിക്ക് രണ്ട് ഡോളർ എന്നത് ഒരിക്കലും സാധ്യമല്ല''. മിത്തൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
'ഒരു ഉപയോക്താവിൽ നിന്നും ശരാശരി 300 രൂപയെങ്കിലും വരുമാനം എയർടെല്ലിന് വേണം. കഴിഞ്ഞ ജൂൺ മാസം വരെ എയർടെല്ലിന്റെ ആവറേജ് റവന്യൂ പെർ യൂസർ (എ.ആർ.പി.യു) 157 രൂപയാണ്. ആറ് മാസം കൊണ്ട് അത് 200 രൂപയാകും. 250 രൂപയെങ്കിലും ലഭിക്കണമെന്നും' മിത്തൽ പറഞ്ഞു. റിലയൻസ് ജിയോയുടെ എ.ആർ.പി.യു നിലവിൽ 140.30 രൂപയാണ്.'കുറഞ്ഞ തുകയ്ക്ക് കുറഞ്ഞ ഡാറ്റ മാത്രമുള്ള പ്ലാനുകളും ലഭ്യമായിരിക്കും. എന്നാൽ, ഒരുപാട് ടി.വി ഷോകളും മറ്റ് വിനോദങ്ങളും ആസ്വദിക്കാനാണെങ്കിൽ നിങ്ങൾ കൂടുതൽ പണം മുടക്കേണ്ടിയിരിക്കുന്നു.' -മിത്തൽ കൂട്ടിച്ചേർത്തു.
സമീപ കാലത്ത് തന്നെ ഡാറ്റാ പ്ലാനുകൾക്ക് വലിയൊരു ചാർജ് വർധനവിനുള്ള സൂചനയാണ് എയർടെൽ തലവൻ നൽകുന്നത്. എയർടെൽ ചാർജ് വർധിപ്പിച്ചാൽ വൊഡാഫോൺ -ഐഡിയ, ജിയോ എന്നിവരും അതിന് നിർബന്ധിതരായേക്കും. അങ്ങനെയെങ്കിൽ, ഒരു ജിബിക്ക് 100 രൂപക്ക് മുകളിൽ നൽകേണ്ടിവരുന്ന പഴയ കാലത്തിലേക്ക് ഉപയോക്താക്കൾ മടങ്ങിപ്പോകേണ്ടി വരും.
എജിആർ കുടിശ്ശിക ഇനത്തിൽ വലിയ തുക അടയ്ക്കാനുള്ളതും 5ജി സ്പെക്ട്രത്തിനായുള്ള ലേലനടപടികൾ വരുന്ന മാസങ്ങളിൽ ഉണ്ടാകുമെന്നതിനാലും നിരക്കിൽ മാറ്റം വരുത്താൻ സേവന ദാതാക്കളായ എയർടെല്ലിനയും വോഡഫോൺ- ഐഡിയയെയും പ്രേരിപ്പിക്കുന്നത്.
199 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 1 ജിബി പ്രതിദിന ഡാറ്റയും അൺ ലിമിറ്റഡ് കോളുകളും ലഭിക്കുന്നു. ഡാറ്റാ ആനുകൂല്യം പത്തിലൊന്നായി ചുരുങ്ങുന്നതോടെ ഇതേ ചെലവിൽ മാസം 2.5 ജിബി മാത്രമേ ഉപയോഗിക്കാനാകൂ. എയർടെല്ലിന്റെ പോസ്റ്റ് പെയ്ഡ് പ്ലാൻ നോക്കിയാൽ, 499 രൂപയുടെ പ്ലാനിൽ 75 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളുമാണ് ലഭിക്കുന്നത്. 749, 999, 1599 എന്നിവയാണ് മറ്റു പ്ലാനുകൾ.