ട്വിറ്ററിന്റെ വെബ് വേര്‍ഷനിലാണ് നിലവില്‍ പുതിയ ലോഗോ കാണാനാവുക. റീബ്രാന്‍ഡിങ്ങിന് പിന്നാലെ ഇലോണ്‍ മസ്ക് തന്‍റെ പ്രൊഫൈല്‍ പിക്ചര്‍ പുതിയ ലോഗോയാക്കി.
ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും നല്‍കിയിരുന്ന നീലകിളിയുടെ ലോഗോ മാറ്റി X എന്നാക്കി. വെബ്സൈറ്റ് തുറക്കുമ്പോഴും X എന്ന ലോഗോ കാണാം. കറുപ്പ് നിറത്തിലുള്ള പശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തിലാണ് പുതിയ ലോഗോ. ട്വിറ്ററിന്റെ ഔദ്യോഗിക പേജായിരുന്ന @twitter ന്റെ പേര് മാറ്റി X എന്നാക്കിയിട്ടുണ്ട്. കൂടാതെ പ്രൊഫൈൽ ചിത്രവും പുതിയ ലോഗോയ്ക്ക് വഴിമാറി. കമ്പനിക്ക് കീഴിലുള്ള എല്ലാ ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകളിലും പുതിയ മാറ്റങ്ങള്‍ പ്രകടമാണ്. മസ്കിന് പുറമെ ട്വിറ്റര്‍ സിഇഒ ലിൻഡ യക്കരിനോയുടെയും ഔദ്യോഗിക അക്കൗണ്ടിൽ ഇപ്പോൾ പുതിയ ‘X’ ലോഗോ ആണുള്ളത്.
advertisement
‘നീലക്കിളിക്ക് വിട’; ട്വിറ്ററിന്റെ ലോഗോ മാറ്റാന്‍ ഇലോൺ മസ്ക്
നിലവിലെ ഡൊമൈന് പകരം X.COM എന്ന ഡൊമൈനിലേക്ക് അധികം വൈകാതെ ട്വിറ്റര്‍ മാറും. ഇപ്പോള്‍ X.COM എന്ന് സേര്‍ച്ച് ചെയ്താല്‍ ട്വിറ്റര്‍ സൈറ്റിലേക്കാണ് പോകുന്നത്. ‘X Everything App’ എന്ന പേരിലേക്ക് കമ്പനിയെ മാറ്റുന്നതിന് മുന്നോടിയായാണ് പുതിയ ലോഗോ മാറ്റമെന്ന് സാങ്കേതിക നിരീക്ഷകര്‍ വിലയിരുത്തുന്നു.
ട്വിറ്ററിൽ മസ്‌ക് വരുത്തുന്ന മറ്റൊരു മാറ്റം മാത്രമാണ് പുതിയ ലോഗോ. പ്ലാറ്റ്‌ഫോമിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ മാറ്റമാണിത്. കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിന്റെ ഇടപാടിലാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്, അതിനുശേഷം അദ്ദേഹം കമ്പനിയുടെ വൻതോതിലുള്ള പുനഃക്രമീകരണത്തിന് അദ്ദേഹം മേൽനോട്ടം വഹിച്ചു, ഉന്നത പദവികള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥരെയടക്കം മസ്ക് പിരിച്ചുവിട്ടിരുന്നു.