ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ആദ്യഘട്ട ഡീ- ബൂസ്റ്റിങ് (വേഗം കുറക്കുന്ന പ്രക്രിയ) പ്രക്രിയയിലൂടെ ചന്ദ്രനോട് ഏറ്റവുമടുത്ത ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ-3നെ താഴ്ത്തിയത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞത് 113 കിലോമീറ്ററും കൂടിയത് 157 കിലോമീറ്ററും അകലെയാണ് ദീര്‍ഘ വൃത്താകൃതിയിലുള്ള ഈ ഭ്രമണപഥമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ലാൻഡറിന്‍റെ വേഗം കുറച്ച് ത്രസ്റ്റര്‍ എൻജിനുകള്‍ ഉപയോഗിച്ചാണ് ഈ ഘട്ടം പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ട ഡീ- ബൂസ്റ്റിങ് ഓപ്പറേഷൻ ഓഗസ്റ്റ് 20ന് അര്‍ധരാത്രിക്കുശേഷം രണ്ട് മണിയോടെ നടക്കും.
ഓഗസ്റ്റ് 23ന് വൈകീട്ട് 5.47ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലെ ‘മാൻസിനസ് സി’ ഗര്‍ത്തത്തിന് അടുത്തായി നാലു കിലോമീറ്റര്‍ നീളവും 2.4 കിലോമീറ്റര്‍ വീതിയുമുള്ള പ്രദേശത്ത് ലാൻഡറിനെ ഇറക്കാനാണ് ഐ.എസ്.ആര്‍.ഒ ഉദ്ദേശിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ട്. സോഫ്റ്റ് ലാൻഡിങ് വിജയകരമായാല്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
വിക്രം ലാൻഡർ ചിത്രീകരിച്ച ആദ്യ ചന്ദ്ര ഉപരിതലത്തിന്‍റെ ചിത്രം ഇന്ന് വൈകിട്ടോടെയാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ലാൻഡര്‍ ഇമേജ് കാമറ -1 പകര്‍ത്തിയ ചിത്രം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ചന്ദ്രനിലെ ഗർത്തങ്ങളാണ് ഇതിൽ കാണാനാകുന്നത്.