അധിക മൂലധനം സ്വരൂപീക്കാന്‍ കഴിയാതെ വന്നതോടെയാണ് ഫ്രണ്ട്‌ഡെസ്‌ക് തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായതെന്ന് ജീവനക്കാര്‍ പറഞ്ഞു. മാര്‍ക്കറ്റ് വാടക നിരക്കില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്‌ക്കെടുത്ത് വിപണിയില്‍ ഹ്രസ്വകാലത്തേയ്ക്ക് വാടകയ്ക്ക് നല്‍കുന്ന രീതിയാണ് ഫ്രണ്ട്‌ഡെസ്‌ക് പിന്തുടര്‍ന്ന് പോന്നിരുന്നത്. മൂലധന ചെലവുകള്‍ വര്‍ധിക്കുകയും വാടക നിരക്ക് ഉയരുകയും ചെയ്തതോടെ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കമ്പനിയ്ക്ക് കഴിയാതെയായി.
പുതിയ ചില പ്ലാനുകളുമായി കമ്പനി നിക്ഷേപകരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2017ലാണ് ഫ്രണ്ട്‌ഡെസ്‌ക് കമ്പനി സ്ഥാപിതമായത്. അന്നുമുതല്‍ യുഎസില്‍ ആയിരത്തോളം ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകളാണ് ബിസിനസിന്റെ ഭാഗമായി കമ്പനിയ്ക്ക് ലഭിച്ചത്. നിക്ഷേപകരില്‍ നിന്ന് ഏകദേശം 26 മില്യണ്‍ ഡോളര്‍ സമാഹരിക്കാനും കമ്പനിയ്ക്ക് ആയി. അതേസമയം ഇതാദ്യമായല്ല യുഎസില്‍ കമ്പനികള്‍ ഒറ്റത്തവണയായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. 2022ല്‍ ഒരു ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനി ഒരു വീഡിയോ കോളിലൂടെ 800 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അവര്‍ക്ക് പകരം കുറഞ്ഞവേതനത്തിന് കുറച്ച് ജോലിക്കാരെ നിയമിക്കുകയും ചെയ്തു.
advertisement
അതേസമയം ആഗോള മാന്ദ്യം മുന്നില്‍ക്കണ്ട് നിരവധി കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. 2023 മെയ് 31ഓടെ ടെക്നോളജി വ്യവസായ മേഖലയില്‍ ഏകദേശം 200,000 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരില്‍ 12,000 പേരെ പിരിച്ചുവിടുമെന്ന് ടെക് ഭീമനായ ഗൂഗിള്‍ അറിയിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും ചെലവ് ചുരുക്കലിന്റെ ഭാഗമായും ആണ് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്.
ഇക്കാര്യം സിഇഒ സുന്ദര്‍ പിച്ചൈ മെയിലിലൂടെ ജീവനക്കാരെ അറിയിച്ചിരുന്നു. ''ഞങ്ങള്‍ക്കു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന അസാധ്യ കഴിവുകളുള്ള ചില ആളുകളോട് വിട പറയേണ്ട അവസ്ഥ വന്നിരിക്കുന്നു. അതില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നു. ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തെ ബാധിക്കുമെന്ന വസ്തുത എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. കഠിനമായ, എന്നാല്‍ ഒഴിവാക്കാനാവാത്ത ഈ തീരുമാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു''എന്നും പിച്ചൈ പറഞ്ഞിരുന്നു.
അമേരിക്കയില്‍ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് നോട്ടീസ് പീരിയഡിലെ (കുറഞ്ഞത് 60 ദിവസത്തെ) ശമ്പളം ലഭിക്കും. കൂടാതെ ഒരു പിരിച്ചുവിടല്‍ പാക്കേജും ലഭിക്കും. നാലു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും. ഇതിനു പുറമെ 2022 ലെ ശേഷിക്കുന്ന ബോണസും 6 മാസത്തെ ആരോഗ്യ ഇന്‍ഷുറന്‍സ്, പ്ലേസ്മെന്റ് സേവനങ്ങള്‍, പുതിയ ജോലി കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവയും നല്‍കുമെന്ന് കമ്പനി അറിയിച്ചിരുന്നു. മുമ്പ് മൈക്രോസോഫ്റ്റും 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു.