സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആരംഭിച്ച ഡിജി യാത്ര സംവിധാനത്തിലൂടെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റല്‍ പ്രൊസസ്സിംഗ് ആണ് നടത്തുന്നത്. എന്‍ട്രി പോയിന്റ് ചെക്ക്, സെക്യൂരിറ്റി ചെക്ക്, എയര്‍ക്രാഫ്റ്റ് ബോര്‍ഡിംഗ് എന്നിവ ഉള്‍പ്പെടെയുള്ള ചെക്ക്‌പോയിന്റുകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം പരിശോധിക്കും.
പേപ്പര്‍ രഹിതമായും ഒന്നിലധികം ചെക്ക് ഇന്‍ പോയിന്റുകളില്‍ ബുദ്ധിമുട്ടില്ലാതെയും യാത്രക്കാരുടെ തിരിച്ചറിയല്‍ പരിശോധന നടത്താന്‍ ഇതുവഴി സാധിക്കും. ഇതിനായി ഒരു കേന്ദ്രീകൃത രജിസ്‌ട്രേഷന്‍ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.
advertisement
സെക്യൂരിറ്റി ചെക്ക് പോയിന്റുകളിലെയും ബോര്‍ഡിംഗ് ഗേറ്റുകളിലെയും കാത്തിരിപ്പ് കുറയ്ക്കാനും ക്യൂ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു. 2023 മാര്‍ച്ചോടെ ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, വിജയവാഡ എന്നിവിടങ്ങളിലും ഡിജി യാത്ര അവതരിപ്പിക്കും. ക്രമേണ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
പുതിയ സംവിധാനത്തിനായി, യാത്രക്കാര്‍ ആദ്യം ഡിജി യാത്ര ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആധാര്‍ വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ അവരുടെ വിശദാംശങ്ങള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണിലെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഉപയോഗിച്ച് സ്വന്തം ചിത്രം പകര്‍ത്തിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. തുടര്‍ന്ന് ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യുകയും വിവരങ്ങള്‍ എയര്‍പോര്‍ട്ടുമായി പങ്കുവെയ്ക്കുകയും വേണം.
എയര്‍പോര്‍ട്ട് ഇ-ഗേറ്റില്‍, യാത്രക്കാരന്‍ ആദ്യം ബാര്‍ കോഡോഡ് കൂടിയ ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യണം. ഇ-ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം യാത്രക്കാരുടെ ഐഡന്റിറ്റിയും യാത്രാ രേഖകളും സാധൂകരിക്കും. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ യാത്രക്കാരന് ഇ-ഗേറ്റ് വഴി വിമാനത്താവളത്തിലേക്ക് പ്രവേശിക്കാം. തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ കയറാന്‍ സാധാരണ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI), കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (CIAL), ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (BIAL), ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (DIAL), ഹൈദരാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (HIAL), മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (MIAL)
എന്നീ വിമാനത്താവളങ്ങളാണ് ഡിജി യാത്ര ഫൗണ്ടേഷന്റെ ഓഹരിയുടമകള്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം നേരത്തെ ഡിജി യാത്ര ആപ്പിന്റെ ബീറ്റാ പതിപ്പ് ഓഗസ്റ്റ് 15ന് പുറത്തിറക്കിയിരുന്നു.