ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ മുൻ സിഇഒ പരാഗ് അഗർവാളിനെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും മസ്ക് പുറത്താക്കിയിരുന്നു. ബ്രെറ്റ് ടെയ്‌ലർ, ഒമിദ് കോർഡെസ്താനി, ഡേവിഡ് റോസെൻബ്ലാറ്റ്, മാർത്ത ലെയ്ൻ ഫോക്‌സ്, പാട്രിക് പിച്ചെറ്റ്, എഗോൺ ഡർബൻ, ഫെയ്- ഫെയ് ലിയും മിമി അലമേഹോ തുടങ്ങിയവരാണ് പുറത്താക്കപ്പെട്ട മറ്റു ജീവനക്കാർ. ബോർഡ് പിരിച്ചുവിടാനുള്ള നീക്കം താത്കാലികമാണെന്നും തൊട്ടുപിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
advertisement
കഴിഞ്ഞയാഴ്ചയാണ് മാസങ്ങൾ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേശം 44 ബില്യൺ ഡോളറിന് സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ ഇലോൺ മസ്‌ക് ഏറ്റെടുത്തത്. പിന്നാലെ ട്വിറ്ററിൽ കാര്യമായ മാറ്റങ്ങൾ അവതരിപ്പിക്കാനും തുടങ്ങി. സ്പാം അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതാണ് അതിലൊന്ന്. ട്വിറ്ററിന്റെ സോഫ്‌റ്റ്‌വെയർ കോഡിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാനും പ്ലാറ്റ്‌ഫോം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കൂടുതൽ മനസിലാക്കാനും അദ്ദേഹത്തിന്റെ ടീമുകൾ ചില ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ ആരംഭിച്ചുവെന്ന് കമ്പനിയിലെ ചില വൃത്തങ്ങൾ പറയുന്നു.
തങ്ങളിൽ ചിലരോട് മസ്ക് നേരിട്ടു സംസാരിച്ചെന്ന് ജീവനക്കാരിൽ ചിലർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാൽ കമ്പനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങളിൽ നിന്നാണ് തങ്ങൾ അറിയുന്നതെന്നാണ് മറ്റു ചില ജീവനക്കാർ പറയുന്നത്.
ഏപ്രിലിലാണ് സ്ഥാപനത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട മസ്കിന്റെ പ്രൊപ്പോസൽ ട്വിറ്റർ അംഗീകരിച്ചത്. ഫേക്ക് അക്കൗണ്ടുകളും സ്പാം പ്രശ്നവും പരിഹരിക്കാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് മസ്കിന് പരാതി ഉണ്ടായിരുന്നു. ഇതെല്ലാം താൻ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ പൂർത്തിയാക്കിയത് ഒക്ടോബർ 27നാണ്. പുറത്താക്കപ്പെടുന്ന സിഇഒ ആയ പരാഗ് അഗർവാളിന് പുതിയ ഡീലിൻെറ ഭാഗമായി 42 മില്യൺ ഡോളർ (ഏകദേശം 350 കോടി) ഇലോൺ മസ്കിൽ നിന്നും ലഭിക്കുമെന്നാണ് വിവരം. അടുത്ത 12 മാസത്തിനുള്ളിൽ അഗർവാൾ സിഇഒ സ്ഥാനത്ത് നിന്ന് മാറുകയും പുതിയ ആൾ മൈക്രോബ്ലോഗിങ് സൈറ്റിൻെറ തലപ്പത്തെത്തുകയും ചെയ്യുമെന്ന് ഗവേഷക സ്ഥാപനമായ ഇക്വിലർ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. 2022 ഏപ്രിലിൽ തന്നെ ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോൺ മസ്ക് എത്തിയിരുന്നു. എന്നാൽ വൈകാതെ തന്നെ പല കാരണങ്ങളാൽ അദ്ദേഹത്തിന് ആ കരാറിൽ നിന്ന് പിന്തിരിയേണ്ടി വന്നു. ട്വിറ്ററിൻെറ സഹ സ്ഥാപകനായിരുന്ന ജാക്ക് ഡോർസി 2021 നവംബറിൽ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 38കാരനായ അഗർവാൾ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റത്.