TRENDING:

ജോലി വാഗ്ദാനം മുതൽ പ്രണയം വരെ: ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും എങ്ങനെ രക്ഷപ്പെടാം?

Last Updated:

കോവിഡ് മഹാമാരിയ്ക്കു ശേഷം രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് വാർത്താവിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡിജിറ്റൽ മാധ്യമങ്ങളുടെ വരവോടെ ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകളും വർദ്ധിക്കുകയാണ്. പണ്ട് ടെലഫോണും മൊബൈൽഫോണും വഴിയായിരുന്ന തട്ടിപ്പുകൾ ഇപ്പോൾ വാട്‌സ് ആപ്പ് അടക്കമുള്ള ഇൻസ്റ്റന്റ് മെസേജിംഗ് സേവനങ്ങൾ വഴിയാണ് തഴച്ചു വളരുന്നത്.
advertisement

കോവിഡ് മഹാമാരിയ്ക്കു ശേഷം രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് വാർത്താവിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ഓരോ ദിവസം കഴിയുന്തോറും, ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. എഐ ഉപയോഗിച്ചുള്ള വോയ്‌സ് ക്ലോണിംഗ് തട്ടിപ്പുകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. ഇത്തരം തട്ടിപ്പുകളിൽ വീണുപോകുന്നവരുടെ എണ്ണവും വളരെയധികമാണ്.

ഇന്ത്യയിൽ ഏറ്റവുമധികം പേർ അകപ്പെടുന്ന ഓൺലൈൻ തട്ടിപ്പുകൾ ഇവയെല്ലാമാണ്:

ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ

advertisement

ഇത്തരം തട്ടിപ്പുകാർ വെബ്‌സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും വ്യാജ തൊഴിൽ പരസ്യങ്ങൾ പുറത്തുവിടും. ഉയർന്ന ശമ്പളമുള്ള, എന്നാൽ അധികം പ്രവൃത്തിപരിചയം ആവശ്യമില്ലാത്ത ജോലികൾക്കായുള്ളതായിരിക്കും ഈ പരസ്യങ്ങൾ. ജോലിയ്ക്കായി അപേക്ഷിക്കുന്നവരെ തട്ടിപ്പുകാർ ബന്ധപ്പെടുകയും, മുന്നോട്ടുള്ള നടപടിക്രമങ്ങൾക്കായി പണം ആവശ്യപ്പെടുകയും ചെയ്യും.

ചില കേസുകളിൽ ഏജൻസികളുടെ പ്രതിനിധികളായി ചമഞ്ഞു കൊണ്ട് തട്ടിപ്പുകാർ ഉദ്യോഗാർത്ഥികളെ അങ്ങോട്ടു സമീപിക്കും. പാർട്ട് ടൈം ജോലികളും വർക്ക് ഫ്രം ഹോം ജോലികളുമായിരിക്കും വാഗ്ദാനം ചെയ്യുക. സേവനങ്ങൾക്കുള്ള ഫീസ് കൈപ്പറ്റിയ ശേഷം ഇവർ അപ്രത്യക്ഷരാകുകയും ചെയ്യും.

advertisement

ഡൽഹി സ്വദേശിനിയായ യുവതിയ്ക്ക് ഇത്തരം തട്ടിപ്പിൽ അകപ്പെട്ട് നഷ്ടമായത് ഒമ്പതു ലക്ഷം രൂപയാണ്.

സർക്കാർ ഗ്രാന്റുകൾ, വ്യാജ സ്‌കീമുകൾ

സർക്കാർ ഉദ്യോഗസ്ഥരായി നടിച്ചു കൊണ്ട് പുതിയ സ്‌കീമുകൾ വഴിയും മറ്റും ഗ്രാന്റുകൾ അനുവദിച്ചു നൽകാം എന്നു പറഞ്ഞുള്ളതാണ് മറ്റൊരു തട്ടിപ്പ്. സോഷ്യൽ മീഡിയ, ഇമെയിൽ, ഫോൺ കോൾ, ടെക്‌സ്റ്റ് മെസേജുകൾ എന്നിവ വഴിയാണ് ഇവർ ഇരകളെ കണ്ടെത്തുക. ഇരയുടെ വിശ്വാസം നേടിക്കഴിഞ്ഞാൽപ്പിന്നെ, വ്യക്തിവിവരങ്ങളോ ഗ്രാന്റ് അനുവദിക്കാനുള്ള ഫീസോ ചോദിച്ചു വാങ്ങും.

advertisement

ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജ സർക്കാർ സ്‌കീമുകളെക്കുറിച്ചുള്ള ഫാക്ട്-ചെക്ക് മുന്നറിയിപ്പ് അടുത്തിടെയാണ് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയത്. വിദ്യാർത്ഥികൾക്കും തൊഴിൽ രഹിതർക്കും സർക്കാർ സൗജന്യമായി ലാപ്‌ടോപ്പുകൾ നൽകുന്നു എന്ന വ്യാജവാർത്തയായിരുന്നു പ്രചരിച്ചത്. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധിക്കണമെന്നും, സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും പിഐബി മുന്നറിയിപ്പു നൽകുന്നു.

വ്യാജ പാഴ്‌സൽ ഏജൻസി തട്ടിപ്പുകൾ

ഡിഎച്ച്എൽ, ഫെഡ്എക്‌സ് അടക്കമുള്ള കൊറിയർ ഏജൻസികളിൽ നിന്നെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മെസേജുകൾ അയച്ചുകൊണ്ടാണ് തട്ടിപ്പുകാർ രംഗത്തെത്തുക. നിങ്ങളുടെ മേൽവിലാസത്തിൽ പാക്കേജുകൾ വന്നിട്ടുണ്ടെന്നും, അവ വീട്ടിലെത്തിക്കാൻ ഫീസ് അടയ്ക്കണമെന്നും കാണിച്ചുള്ള മെസേജുകളും മെയിലുകളുമാണ് ലഭിക്കുക. വ്യാജ ട്രാക്കിംഗ് വെബ്‌സൈറ്റുകളും കസ്റ്റമർ കെയർ പ്രതിനിധികളെപ്പോലെ സംസാരിക്കുന്ന സംഘാംഗങ്ങളും ഇവർക്കുണ്ടാകും.

advertisement

മുംബൈയിൽ സമാനമായ ഒരു കേസിൽ ഫെഡ്എക്‌സ് കസ്റ്റമർ കെയർ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇരയെ ബന്ധപ്പെട്ടത്. മറ്റൊരു കേസിൽ, ഒരു ബ്രിഗേഡിയറിന്റെ കുടുംബാംഗത്തിന് നഷ്ടപ്പെട്ടത് 4.47 കോടി രൂപയാണ്.

വ്യാജ പൊലീസ് തട്ടിപ്പുകൾ

സർക്കാർ ഉദ്യോഗസ്ഥരോ പൊലീസ് ഉദ്യോഗസ്ഥരോ ആയി നടിച്ചുകൊണ്ടാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുക. ആധാർ കാർഡ്, എടിഎം കാർഡ്, പാൻ കാർഡ് എന്നിങ്ങനെയുള്ള രേഖകളാണ് ഇവർ ആവശ്യപ്പെടുക. ഇരയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുകയാണെന്ന് പറഞ്ഞുകൊണ്ട്, ഇവർ ചില ഫൈനുകളടയ്ക്കാൻ ആവശ്യപ്പെടും. ഇത്തരം സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ദൽഹി പൊലീസിൽ നിന്നെന്ന പേരിൽ ഫോൺ കോളുകൾ വരുന്നതായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രണയത്തട്ടിപ്പുകൾ

ഡേറ്റിംഗ് വെബ്‌സൈറ്റുകളിൽ തട്ടിപ്പുകാർ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കും. ഇതിനായി അനുവാദമില്ലാതെ പലയിടങ്ങളിൽ നിന്നും എടുത്തിട്ടുള്ള ഫോട്ടോകൾ, വ്യാജ പേരുകൾ, വിവരങ്ങൾ എന്നിവ ഉപയോഗിക്കും. മറ്റൊരാളായി നടിച്ചു കൊണ്ട് വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നതാണ് ഇവരുടെ രീതി.

ഇരകളുടെ വിശ്വാസം ആർജ്ജിച്ച ശേഷം, ലവ് ബോംബിംഗ് എന്നറിയപ്പെടുന്ന രീതി ഇവർ ഉപയോഗപ്പെടുത്തും. ഇരകളുമായി നിരന്തരം സമ്പർക്കം പുലർത്തി അവർക്ക് സമ്മാനങ്ങൾ നൽകിയും പ്രശംസിച്ചും വശത്താക്കുന്നതാണ് ഈ രീതി. ശേഷം, അവരിൽ നിന്നും പണം തട്ടിയെടുക്കും.

നോർട്ടൺ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഓൺലൈൻ ഡേറ്റിംഗ് തട്ടിപ്പുകൾ വഴി 2022ൽ മാത്രം ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടിട്ടുള്ളത് ശരാശരി 7,966 രൂപയാണ്. നാലിൽ മൂന്ന് ഇരകൾക്കും സാമ്പത്തിക നഷ്ടമുണ്ടായതായാണ് റിപ്പോർട്ടിലെ പരാമർശം.

മേൽപ്പറഞ്ഞ അഞ്ചു തരം തട്ടിപ്പുകളെക്കൂടാതെ, വേറെയും ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് നടക്കുന്നുണ്ട്. ഫിഷിംഗ് തട്ടിപ്പുകൾ, ടെക് സപ്പോർട്ട് തട്ടിപ്പുകൾ, വാട്‌സ് ആപ്പ് തട്ടിപ്പുകൾ എന്നിങ്ങനെ ആ പട്ടിക നീളും. സുഹൃത്തുക്കളോ അടുത്ത പരിചയക്കാരോ ആയി നടിച്ച് അത്യാവശ്യമായി ഓൺലൈൻ വഴി പണം കൈമാറ്റം ചെയ്യാൻ ആവശ്യപ്പെട്ടു വരുന്ന ഫോൺ കോളുകളുമുണ്ട്.

യുപിഐ പേയ്‌മെന്റുമായി ബന്ധപ്പെട്ടും ഇപ്പോൾ പുതിയ രീതിയിലുള്ള തട്ടിപ്പുകൾ പ്രചരിക്കുന്നുണ്ട്. ഇരകളുടെ അക്കൗണ്ടിലേക്ക് പണമയച്ച ശേഷം, അബദ്ധവശാൽ സംഭവിച്ചതാണെന്ന് ഭാവിച്ച് ബന്ധപ്പെടും. ഇരകൾ പണം തിരിച്ചയയ്ക്കാൻ ശ്രമിക്കുമ്പോൾ, അവരുടെ ഫോണുകളിൽ വൈറസ് ബാധിക്കുകയും ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പുകാർക്ക് കടന്നുകയറാൻ സാധിക്കുകയും ചെയ്യും.

തട്ടിപ്പുകളിൽ നിന്നും എങ്ങനെ രക്ഷപ്പെടാം?

അറിയാത്ത നമ്പറുകളിൽ നിന്നുള്ള ഫോൺകോളുകൾ, അറിയാത്ത വിലാസങ്ങളിൽ നിന്നുള്ള മെയിൽ ഐഡികൾ എന്നിവ സൂക്ഷിക്കുക.

അറിയാത്ത ആളുകളിൽ നിന്നും ലഭിക്കുന്ന ഇമെയിലുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

വ്യക്തിഗത വിവരങ്ങൾ അജ്ഞാതർക്ക് കൈമാറാതിരിക്കുക. ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ, ഒടിപി എന്നിവയെല്ലാം രഹസ്യമായി സൂക്ഷിക്കുക.

തട്ടിപ്പിന് ഇരയായി എന്ന് തിരിച്ചറിഞ്ഞാൽ, ഉടൻ തന്നെ പൊലീസിനെയോ സൈബർ സെല്ലിനെയോ സമീപിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ജോലി വാഗ്ദാനം മുതൽ പ്രണയം വരെ: ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും എങ്ങനെ രക്ഷപ്പെടാം?
Open in App
Home
Video
Impact Shorts
Web Stories