കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒരിക്കൽപോലും ആക്റ്റീവ് ആയിട്ടില്ലാത്ത ജി മെയിൽ അക്കൗണ്ടുകളാണ് ഗൂഗിൾ ഡിലീറ്റ് ചെയ്യുക. ബന്ധപ്പെട്ട അക്കൗണ്ട് ഉടമകൾക്ക് കഴിഞ്ഞ എട്ട് മാസം മുമ്പ് തന്നെ ആദ്യ അറിയിപ്പ് ഗൂഗിൾ നൽകിയിരുന്നു. അക്കൗണ്ട് ആക്റ്റീവ് ആക്കിയെടുക്കാനുള്ള അവസാന തീയതി ഡിസംബർ 1 ആണെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 4 ന് ഗൂഗിൾ നിർദ്ദേശം നൽകിയിരുന്നു.
ഒരു അക്കൗണ്ടിന് ആക്റ്റീവ് അല്ലാതെ തുടരാൻ ഗൂഗിൾ രണ്ട് വർഷം സമയമാണ് നൽകുന്നത്. രണ്ട് വർഷത്തിന് ശേഷവും ഒരിക്കൽപോലും അത് ഉപയോഗിച്ചിട്ടില്ല എങ്കിൽ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.
advertisement
സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഈ നടപടി എന്നാണ് സൂചന. ഡിലീറ്റ് ചെയ്യപ്പെടുന്ന ജി മെയിൽ ഐഡി ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ ഒന്നും തന്നെ സൃഷ്ടിക്കാൻ കഴിയില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുന്നോടിയായി അക്കൗണ്ട് ഉടമയ്ക്ക് നിരവധി തവണ സന്ദേശങ്ങൾ നൽകുമെന്ന് ഗൂഗിൾ ആവർത്തിച്ചു പറയുന്നു.
" നിങ്ങളുടെ അക്കൗണ്ട് ആക്റ്റീവ് അല്ല എന്ന് കണ്ടെത്തിയാൽ ഞങ്ങൾ നിങ്ങളുടെ മെയിലിലേക്കും, റിക്കവറി മെയിൽ നൽകിയിട്ടുണ്ടെങ്കിൽ അതിലേക്കും നിരവധി തവണ സന്ദേശങ്ങൾ അയയ്ക്കും. എട്ട് മാസം മുമ്പ് തന്നെ ഇങ്ങനെ അറിയിപ്പുകൾ നൽകി തുടങ്ങിയിരുന്നുവെന്നും ഗൂഗിൾ പറയുന്നു.
ഈ നടപടി അക്കൗണ്ടുകളുമായി ബന്ധമുള്ള യൂട്യൂബ് അക്കൌണ്ടുകളെ ബാധിക്കുമോ എന്നതാണ് നിരവധി ഉപഭോക്താക്കളുടെ സംശയം. എന്നാൽ യൂട്യൂബിൽ ആക്റ്റീവ് ആണെങ്കിൽ അതുമായി ബന്ധിപ്പിച്ചിട്ടുള്ള ജി മെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യപ്പെടില്ല എന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
അക്കൗണ്ട് എങ്ങനെ ആക്റ്റീവാക്കാം?
അക്കൗണ്ട് ആക്റ്റീവായി നില നിർത്താൻ പ്രസ്തുത അക്കൗണ്ട് ഉപയോഗിച്ച് താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും
• ഇമെയിൽ സന്ദേശങ്ങൾ വായിക്കുകയോ ആർക്കെങ്കിലും ഒരു ഇ മെയിൽ അയക്കുകയോ ചെയ്യുക
• ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുക
• യൂട്യൂബ് വീഡിയോ കാണുക
• ഫോട്ടോ ഷെയർ ചെയ്യുക
• പ്ലേസ്റ്റോറിൽ നിന്നും അപ്പുകൾ ഡൌൺലോഡ് ചെയ്യുക
• ഗൂഗിൾ സേർച്ച് ഉപയോഗിക്കുക
• മറ്റ് അപ്പുകളിൽ സൈൻ ഇൻ ചെയ്യാൻ ഈ ജി മെയിൽ അക്കൗണ്ട് ഉപയോഗിക്കുക
ഈ വഴികളിലൂടെ നിങ്ങളുടെ ജി മെയിൽ അക്കൗണ്ട് ആക്റ്റീവ് ആയി നിലനിർത്താനും ഡിലീറ്റ് നടപടിയിൽ നിന്ന് ഒഴിവാക്കാനും കഴിയും.