"നിങ്ങളുടെ കൈയ്യിൽ 3.75 ലക്ഷം രൂപയുണ്ടെങ്കിൽ ബേസ് മോഡൽ മാരുതി എസ്-പ്രസ്സോ വാങ്ങാം. 2019-ൽ ഈ മോഡൽ ഇറക്കിയപ്പോൾ ഉണ്ടായിരുന്ന വിലയെക്കാൾ കുറവാണിത്. പിന്നെന്തിനാണ് പഴയ കാറുകൾ അന്വേഷിക്കുന്നത്? വാഗൺ ആറിന് പോലും ഇപ്പോൾ 5 ലക്ഷം രൂപ മാത്രം മതി."- മാരുതിയുടെ ഷോറൂമിലെ ഒരു ജീവനക്കാരൻ പറയുന്നു.
ജിഎസ്‌ടി ഇളവിൻ്റെ ഫലങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് കാർ വിപണിയെയാണ്. മാരുതിക്ക് ദേശീയ തലത്തിൽ ആദ്യ ദിവസം 80,000 അന്വേഷണങ്ങളാണ് ലഭിച്ചത്. 30,000 കാറുകളാണ് മാരുതി തിങ്കളാഴ്ച മാത്രം വിറ്റഴിച്ചത്. 35 വർഷത്തിനിടെ മാരുതിയുടെ ഏറ്റവും വലിയ പ്രതിദിന വിൽപ്പനയാണിത്.
advertisement
ഹ്യുണ്ടായ് ആദ്യ ദിവസം 11,000 കാറുകൾ വിറ്റപ്പോൾ, ടാറ്റ മോട്ടോഴ്സിന് 25,000 അന്വേഷണങ്ങളാണ് ലഭിച്ചത്. ടാറ്റ തിങ്കളാഴ്ച 10,000 കാറുകൾ ഡെലിവറി ചെയ്തു. കാർ ഷോറൂമുകളിലേക്ക് പുതിയ വാഹനങ്ങൾ തേടി ആളുകൾ എത്താൻ തുടങ്ങിയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
2020 മുതൽ ഇന്ത്യൻ കാർ വിപണിയിൽ വന്ന മാറ്റങ്ങൾ വില കൂടാൻ കാരണമായിരുന്നു. ബിഎസ്-4-ൽ നിന്ന് ബിഎസ്-6 ലേക്കുള്ള മാറ്റം, എയർബാഗുകൾ, എബിഎസ് തുടങ്ങിയ സംവിധാനങ്ങൾ നിർബന്ധമാക്കിയതും വാഹനവില ഉയർത്തി. ഇപ്പോൾ വില 2019-ലെ നിരക്കിലേക്ക് എത്തിയിട്ടുണ്ട്. "വിലക്കയറ്റം പരിഗണിക്കുമ്പോൾ ഇത്രയും കുറഞ്ഞ വിലയിൽ കാർ ലഭിക്കുന്ന മറ്റൊരു രാജ്യം ഉണ്ടാകില്ല," ഒരു പ്രമുഖ കമ്പനിയുടെ ജനറൽ മാനേജർ പറഞ്ഞു.