പലരും കോളുകൾ വരുന്ന മുറയ്ക്ക് ബ്ലോക്ക് ചെയ്‌ത് റിപ്പോർട്ട് ചെയ്യുകയാണ് പതിവ്. എന്നാൽ തട്ടിപ്പുകാർക്കും ടെലിമാർക്കറ്റിംഗ് കമ്പനികൾക്കും നിങ്ങളെ ശല്യപ്പെടുത്താൻ മറ്റ് നിരവധി നമ്പറുകളുണ്ടാകും. അപ്പോൾ പിന്നെ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും ഇത്തരം അജ്ഞാത കോളുകൾ കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറുകളുണ്ട്. നിങ്ങളുടെ ഫോണിലെ സ്പാം അല്ലെങ്കിൽ അജ്ഞാത കോളർമാരെതടയുന്നതിന് നിങ്ങൾക്ക് ഉപയോഗിക്കാവുന്ന വിവിധ രീതികൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
ആൻഡ്രോയിഡിൽ അറിയാത്ത നമ്പറുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?
advertisement
- നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഫോൺ ആപ്പ് തുറക്കുക.
- സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള ത്രീ-ഡോട്ട് ഐക്കണിൽ ടാപ്പുചെയ്ത് കോൾ ഹിസ്റ്ററി തിരഞ്ഞെടുക്കുക.
- ഒരു അജ്ഞാത നമ്പറിൽ നിന്ന് വന്ന കോൾ കണ്ടെത്തി അതിൽ ടാപ്പുചെയ്യുക.
- സ്‌ക്രീനിന്റെ താഴെയുള്ള ‘Block/report spam’ എന്നതിൽ ടാപ്പ് ചെയ്യുക.
- നമ്പർ സ്പാം ആയി റിപ്പോർട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. തുടർന്ന് സ്ഥിരീകരിക്കാൻ ‘Block’ ൽ ‘Tap’ ചെയ്യുക.
- എല്ലാ അജ്ഞാത നമ്പറുകളും ബ്ലോക്ക് ചെയ്യാൻ ഫോൺ ആപ്പിലേക്ക് തിരികെ പോയി ത്രീ-ഡോട്ട് ഐക്കണിൽ ഒന്നുകൂടി ‘Tap’ ചെയ്യുക.
- അതിൽ നിന്ന് ‘Settings’ എടുക്കുക, തുടർന്ന് ബ്ലോക്ക് ചെയ്‌ത നമ്പറുകൾ തിരഞ്ഞെടുക്കുക.
- ‘Unknown’ ന് അടുത്തുള്ള ‘toggle’ ഓണാക്കുക.
ഇത്രയും ചെയ്താൽ Android ഫോണിലെ അജ്ഞാത നമ്പറുകൾ നിങ്ങൾ ബ്ലോക്ക് ചെയ്‌തു കഴിഞ്ഞു. നിങ്ങൾ സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളിൽ നിന്ന് നിങ്ങൾക്ക് ഇനി കോളുകളൊന്നും ലഭിക്കില്ല. നിങ്ങളുടെ ഫോണിൽ വിഷ്വൽ വോയ്‌സ്‌മെയിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ ബ്ലോക്ക് ചെയ്‌ത കോളർമാർക്ക് വോയ്‌സ്‌മെയിലുകൾ വിടാനും കഴിയില്ല.
ഐഫോണിൽ അറിയാത്ത നമ്പറുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?
നിങ്ങളുടെ iPhone-ൽ അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നത് ഒഴിവാക്കാൻ നിങ്ങൾക്ക് Silence Unknown Callers എന്ന ഫീച്ചർ ഉപയോഗിക്കാം. നിങ്ങളെ ഒരിക്കലും ബന്ധപ്പെടുകയോ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്യുകയോ ചെയ്തിട്ടില്ലാത്ത ഫോൺ നമ്പറുകളെ ഈ ഫീച്ചർ ബ്ലോക്ക് ചെയ്യുന്നു. നിങ്ങൾ സന്ദേശമയച്ചതോ ഇമെയിൽ ചെയ്തതോ ആയ അല്ലെങ്കിൽ നിങ്ങളുടെ ആശയവിനിമയ ചരിത്രത്തെ അടിസ്ഥാനമാക്കി സിരി നിർദ്ദേശിക്കുന്ന നമ്പറുകളിൽ നിന്ന് നിങ്ങൾക്ക് തുടർന്നും കോളുകൾ ലഭിക്കും.
iPhone-ൽ അജ്ഞാത നമ്പറുകൾ തടയാൻ എന്തൊക്കെ ചെയ്യണം?
- സെറ്റിംഗ്സിലെ phone ഓപ്ഷൻ തിരഞ്ഞെടുക്കുക.
- താഴേക്ക് സ്ക്രോൾ ചെയ്ത് ‘Silence Unknown Callers’ എന്നത് ‘Tap’ ചെയ്യുക
- Toggle വലത്തേക്ക് സ്ലൈഡ് ചെയ്‌ത് ഫീച്ചർ ON ആക്കുക
നിങ്ങൾ അജ്ഞാത നമ്പറുകൾ ബ്ലോക്ക് ചെയ്യുമ്പോൾ സംഭവിക്കുന്നതെന്ത്?
അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ കട്ടാകുകയും അവ നിങ്ങളുടെ വോയ്‌സ്‌മെയിലിലേക്ക് അയയ്‌ക്കുകയും ചെയ്യുന്നു. ഒരു അജ്ഞാത നമ്പരിൽ നിന്ന് നിങ്ങളെ വിളിക്കുമ്പോൾ നിങ്ങൾക്ക് അതേകുറിച്ച് ഒരു അറിയിപ്പും ലഭിക്കില്ല. എങ്കിലും നിങ്ങളുടെ കോളുകളുടെ പട്ടികയിൽ നിങ്ങൾക്ക് ഇപ്പോഴും ഈ നമ്പരുകൾ മിസ്‌ഡ് കോളുകൾ ആയി കാണാൻ കഴിയും.
അജ്ഞാത നമ്പറുകൾ ബ്ലോക്ക് ചെയ്യുന്നതിന് മുമ്പ്നിങ്ങളുടെ ഫോണിൽ പ്രധാനപ്പെട്ട കോൺടാക്റ്റുകൾ നഷ്ടപെടാത്തവിധം സംരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക അല്ലെങ്കിൽ ആവശ്യമുള്ള ചില കോളുകൾ നഷ്‌ടമായി പോയി എന്ന് വരാം. അജ്ഞാത നമ്പറുകളിൽ നിന്ന് വീണ്ടും കോളുകൾ സ്വീകരിക്കണമെങ്കിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ ഫീച്ചർ ഓഫ് ചെയ്യാവുന്നതാണ്.
“ശല്യപ്പെടുത്തരുത് ” അഥവാ DND എങ്ങനെ ആക്ടീവാക്കാം?
ടെലിമാർക്കറ്ററുകളിൽ നിന്ന് സ്‌പാം കോളുകൾ ലഭിക്കുന്നത് നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ നമ്പരിൽ നിന്ന് “ശല്യപ്പെടുത്തരുത്” അഥവാ DND സേവനം നിങ്ങൾക്ക് ഉപയോഗിക്കാം. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്ററിലൂടെ (എൻസിപിആർ) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് ഈ സേവനം നൽകുന്നത് . നിങ്ങൾക്ക് എല്ലാ ടെലിമാർക്കറ്റിംഗ് കമ്മ്യൂണിക്കേഷനും തടയാൻ ഇത് തിരഞ്ഞെടുക്കാവുന്നതാണ്.
- നിങ്ങളുടെ SMS ആപ്പ് തുറന്ന് START എന്ന് ടൈപ്പ് ചെയ്യുക.
- 1909 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.
- വിഭാഗങ്ങളുടെ പട്ടികയും അവയുടെ കോഡുകളും സഹിതം നിങ്ങളുടെ സേവന ദാതാവിൽ നിന്ന് നിങ്ങൾക്ക് ഒരു മറുപടി ലഭിക്കും. ഉദാഹരണത്തിന്, ബാങ്കിംഗ് (1), ഹോസ്പിറ്റാലിറ്റി (2) മുതലായവ പോലെയുള്ളവ.
- നിങ്ങൾ തടയാൻ ആഗ്രഹിക്കുന്ന വിഭാഗത്തിന്റെ കോഡ് ഉപയോഗിച്ച് മറുപടി നൽകുക. എല്ലാ വിഭാഗങ്ങളെയും തടയാൻ നിങ്ങൾ “0” എന്ന് ടൈപ്പ് ചെയ്ത മറുപടി അയച്ചാൽ മതിയാകും.
- നിങ്ങളുടെ സേവന ദാതാവിൽ നിന്ന് നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. 24 മണിക്കൂറിനുള്ളിൽ ഡിഎൻഡി സേവനം പ്രവർത്തനക്ഷമമാകും.
ഇത് ഒരിക്കൽ പ്രവർത്തനക്ഷമമാക്കിയാൽ പിന്നെ ബ്ലോക്ക് ചെയ്‌ത വിഭാഗത്തിലോ വിഭാഗങ്ങളിലോ ഉള്ള ടെലിമാർക്കറ്ററുകളിൽ നിന്ന് നിങ്ങൾക്ക് കോളുകളൊന്നും ലഭിക്കില്ല.