എന്താണ് ഡീപ് ഫേക്ക് വീഡിയോ?
ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ കൃത്രിമ വീഡിയോകൾ നിർമിക്കുന്ന രീതിയാണിത്. മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതാണ് ഡീപ് ഫേക്ക്. ഒരു വ്യക്തിയുടെ വീഡിയോകളോ ഓഡിയോ റെക്കോർഡിങുകളോ സൃഷ്‌ടിക്കാനോ മാറ്റിമറിയ്ക്കാനോ മെഷീൻ ലേണിംഗ് ഉപയോഗിക്കുന്ന ഒരു തരം സാങ്കേതിക വിദ്യയാണിത്.
advertisement
നിരവധി സാധ്യതകളുള്ള ഡീപ് ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗങ്ങൾക്കും കാരണമാകുന്നുണ്ട്. കാണുന്നവർക്ക് ഇത് യാഥാർഥ്യമാണെന്ന് തോന്നിയേക്കാം. മുഖം മാറ്റിയ ഫോട്ടോകളോ മോർഫ് ചെയ്ത വീഡിയോകളോ എന്തിനേറെ പ്രമുഖരുടെ ശബ്ദം പോലും ഇത്തരത്തിൽ സൃഷ്ടിക്കാൻ സാധിക്കും. ഓൺലൈനിൽ ലഭ്യമായ ചില ഒറിജിനൽ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ചാണ് ഇത്തരം ഫേക്കുകൾ നിർമിക്കുന്നത്.
ഇത്തരം വീഡിയോകൾക്ക് കൂടുതലും ഇരകളാകേണ്ടി വരുന്നത് സ്ത്രീകളാണ്. ടെയ്ലർ സ്വിഫ്റ്റ്, എമ്മ വാട്സൺ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ നിരവധിപ്പർ ഡീപ് ഫേക്കിന് ഇതിനകം ഇരയായിട്ടുണ്ട്. ഒരു ഡച്ച് എഐ കമ്പനിയുടെ പഠനം അനുസരിച്ച്, ഡീപ് ഫേക്ക് വീഡിയോയുടെ പ്രധാന ഉദ്ദേശം പോണോഗ്രാഫിയാണ്. അതിനാൽ തന്നെ, അതിന്റെ ഇരകളിൽ കൂടുതലും സ്ത്രീകളാണ്.
ഡീപ് ഫെയ്ക് വീഡിയോകളും ചിത്രങ്ങളും എങ്ങനെ തിരിച്ചറിയാം?
ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ തിരിച്ചറിയാൻ സാധിക്കും. ഡീപ്ഫേക്ക് തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.
1. കൃത്രിമമായ മുഖചലനങ്ങളും ഭാവങ്ങളും ആണോ എന്ന് പരിശോധിക്കുക
2. വിചിത്രമെന്നോ അസ്വാഭാവികമെന്നോ തോന്നുന്ന ഭാവങ്ങൾ, ശരീര അനുപാതം അല്ലെങ്കിൽ ചലനങ്ങൾ എന്നിവയാണോ എന്ന് പരിശോധിക്കുക
3. ലിപ് സിങ്കില്ലാത്ത അല്ലെങ്കിൽ ചുണ്ടിന്റെ ചലനങ്ങളോട് പൊരുത്തപ്പെടാത്ത ഓഡിയോ ആണോ എന്ന് പരിശോധിക്കുക
4. ആ വ്യക്തിയുടെ സാധാരണ പെരുമാറ്റത്തിൽ നിന്നും വ്യത്യസ്തമായ വീഡിയോ ആണോ എന്ന് പരിശോധിക്കുക
5. വിശ്വാസ്യതയുള്ള ഉറവിടമാണോ എന്ന് പരിശോധിക്കുക.
6. ഡീപ്ഫേക്ക് ഡിറ്റൻഷൻ ടൂളുകൾ കണ്ടെത്തുകയാണെങ്കിൽ അവ ഉപയോഗിക്കുക
7. ഏറ്റവും പുതിയ ടെക്നോളജിയെക്കുറിച്ചും ഡീപ്ഫേക്ക് സാങ്കേതികവിദ്യയെക്കുറിച്ചും അറിഞ്ഞിരിക്കുക