ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയാണ് ഇക്കാര്യത്തെപ്പറ്റി തന്റെ ബ്ലോഗിലൂടെ മുന്നറിയിപ്പ് നല്‍കിയത്. എഐ സ്വാധീനത്തെ നേരിടാന്‍ സാമൂഹിക സുരക്ഷ പദ്ധതികള്‍ ഒരുക്കണമെന്നും തൊഴിലാളികള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ഐഎംഎഫ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
"നിലവിലെ സാഹചര്യത്തില്‍ എഐ സാങ്കേതിക വിദ്യ സ്വാധീനം ആഗോളതലത്തിലുള്ള അസമത്വം കൂടുതല്‍ വഷളാക്കും. കൂടുതല്‍ സാമൂഹിക പിരിമുറുക്കങ്ങള്‍ തടയാന്‍ സര്‍ക്കാരുകള്‍ കൃത്യമായ നയരൂപീകരണം നടത്തേണ്ടത് അത്യാവശ്യമാണ്," എന്ന് ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഐഎംഎഫ് മേധാവിയുടെ പ്രതികരണം.
advertisement
YouTube സ്ലോ ആണോ? ആഡ് ബ്ലോക്കറുകൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് യൂട്യൂബ്
തിങ്കളാഴ്ചയാണ് ഉച്ചകോടി ആരംഭിച്ചത്. ഉച്ചകോടിയുടെ ഭാഗമായി ദാവോസ് നഗരം എഐ പരസ്യങ്ങളും മറ്റും കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.
അതേസമയം, തൊഴിലാളികളും ബിസിനസ് സംരംഭങ്ങളും എഐ സാങ്കേതിക വിദ്യയെ സ്വീകരിച്ച് കഴിഞ്ഞിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് ഗുണപരവും പ്രതികൂലവുമായി പ്രത്യാഘാതങ്ങളാണ് ഈ സാങ്കേതികവിദ്യയുടെ സ്വാധീനത്തിലൂടെ പ്രതീക്ഷിക്കേണ്ടത് എന്നും ക്രിസ്റ്റലീന പറഞ്ഞു.
വളര്‍ന്നുവരുന്ന വിപണികളെ അപേക്ഷിച്ച് വികസിത സമ്പദ് വ്യവസ്ഥകളില്‍ കൂടുതല്‍ ആഴത്തിലുള്ള പ്രത്യാഘാതകങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
വികസിത സമ്പദ് വ്യവസ്ഥകളിലെ 60 ശതമാനം ജോലികളില്‍ എഐ സ്വാധീനമുണ്ടായേക്കാം. ഇതില്‍ പകുതിയോളം ജോലികളില്‍ എഐ സാങ്കേതിക വിദ്യയിലൂടെ ഉല്‍പ്പാദനക്ഷമത കൂടിയേക്കാമെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാട്ടി.
'' ബാക്കി പകുതി തൊഴിലുകളില്‍ മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ എഐ സാങ്കേതികവിദ്യ ഏറ്റെടുത്തേക്കാം. ഇത് തൊഴിലാളികളുടെ ആവശ്യം കുറയ്ക്കുകയും കുറഞ്ഞ വേതന നിരക്ക് ഉണ്ടാകാന്‍ കാരണമാകുകയും ചെയ്‌തേക്കാം. ചില ജോലികള്‍ പൂര്‍ണമായി ഇല്ലാതാകാനും സാധ്യതയുണ്ട്,'' എന്നും ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.
ആകർഷകമായ അന്താരാഷ്ട്ര റോമിങ് പ്ലാനുകളുമായി ജിയോ
വളര്‍ന്നുവരുന്ന വിപണികള്‍, കുറഞ്ഞ വരുമാനമുള്ള സമ്പദ് വ്യവസ്ഥകള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 40 ശതമാനം, 26 ശതമാനം തൊഴിലുകളെ എഐ സാങ്കേതികവിദ്യ സ്വാധീനിച്ചേക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് വളര്‍ന്നുവരുന്ന വിപണി എന്ന വിഭാഗത്തില്‍ പെടുന്നത്. ബുറുണ്ടി, സിയറ, ലിയോണ്‍, പോലെയുള്ള രാജ്യങ്ങളാണ് നിശ്ചിത പ്രതീശീര്‍ഷ വരുമാനമുള്ള വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്നത്.
'' ഈ രാജ്യങ്ങളില്‍ പലതിനും എഐ സാങ്കേതികവിദ്യയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ വൈദഗ്ധ്യമുള്ള തൊഴിലാളികളോ ഇല്ല. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ രാജ്യങ്ങളില്‍ അസമത്വം വര്‍ധിക്കാന്‍ സാങ്കേതികവിദ്യ വഴിയൊരുക്കുകയും ചെയ്യും,'' ക്രിസ്റ്റലീന പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഉച്ചകോടിയിലും എഐ വിഷയം ഉയര്‍ന്നിരുന്നു. ചാറ്റ്ജിപിടി സംവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്.
പല കമ്പനികളും തങ്ങളുടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമായി എഐയെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മാത്രമല്ല എഐയുടെ വ്യാപനം തൊഴിലിൽ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദ്ഗധര്‍ പറയുന്നു.