സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണിത്. ഇതിന് പിന്നിലെ സത്യാവസ്ഥ ഇപ്പോൾ പുറത്ത് കൊണ്ട് വന്നിരിക്കുകയാണ് ഐആർസിടിസി. വ്യത്യസ്ത സർ നെയിമുള്ള ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആയി ടിക്കറ്റ് ബുക്ക് ചെയ്താൽ നിങ്ങൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്നും 10000 രൂപ പിഴയടയ്ക്കേണ്ടി വരുമെന്നൊക്കെയാണ് പ്രചാരണം. എന്നാൽ ഇത് തികച്ചും തെറ്റായ കാര്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐആർസിടിസി.
വ്യത്യസ്ത സർ നെയിമുള്ള ആളുകൾക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. സ്വന്തം ഐഡി ഉപയോഗിച്ച് ആർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഐആർസിടിസി വ്യക്തമാക്കി. വ്യാജ പ്രചാരണത്തിൽ ആരും വീണുപോവരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് എക്സല്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഐആർസിടിസി തങ്ങളുടെ വിശദീകരണം പങ്കുവെച്ചിരിക്കുന്നത്.
advertisement
ഐആർസിടിസിക്ക് പറയാനുള്ളത്:
ഒരു ഐഡിയിൽ നിന്ന് ഒരു മാസം 12 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ സാധിക്കും. ആധാർ വിവരങ്ങൾ ലിങ്ക് ചെയ്തിട്ടുള്ള യൂസേഴ്സിന് 24 ടിക്കറ്റുകൾ വരെയും ബുക്ക് ചെയ്യാമെന്ന് ഐആർസിടിസി വ്യക്തമാക്കുന്നു. വ്യക്തിപരമായ ഐഡിയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം വിൽപനയ്ക്ക് വെക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അറിയിച്ചു. 1989ലെ റെയിൽവേ നിയമത്തിൽ 143ാം വകുപ്പ് പ്രകാരം ഇത് ചെയ്യുന്നവർക്കെതിരെ നടപടി എടുക്കാവുന്നതാണ്.
ഓൺലൈൻ തട്ടിപ്പിൽ പെടാതിരിക്കാൻ ചെയ്യേണ്ടത്:
വിശ്വസനീയമായ ആപ്പുകൾ മാത്രം ഉപയോഗിക്കുക. Fraud Alert, CERT-in, mSafe, NCSAP, ഗൂഗിളിൻെറ ‘Anti-Phishing App’ എന്നിവയിലേതെങ്കിലും മൊബൈലിൽ ഡൗൺലോഡ് ചെയ്ത് വെച്ചാൽ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം.
വ്യക്തിപരമായ കൂടുതൽ വിവരങ്ങൾ നൽകാൻ നിൽക്കരുത്. ഓൺലൈനിൽ വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കണം. അപരിചിതമായ സോഴ്സുകളിൽ നിന്ന് ചോദിക്കുമ്പോൾ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നൽകാതിരിക്കുക.
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെട്ട് വരുന്ന അപരിചിത സോഴ്സുകളിൽ നിന്നുള്ള ഇ-മെയിലുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകാതിരിക്കുക. നിങ്ങളുടെ സുപ്രധാന വിവരങ്ങൾ എടുക്കുവാൻ വേണ്ടിയായിരിക്കും ഇതിലൂടെ ശ്രമിക്കുന്നത്.
സോഫ്‌റ്റ്‌വെയർ അപ്ഡേറ്റുകൾ കൃത്യസമയത്ത് തന്നെ ചെയ്യുന്നതാണ് നല്ലത്. സുരക്ഷാഭീഷണിയിൽ നിന്നും വൈറസുകളിൽ നിന്നുമെല്ലാം രക്ഷപ്പെടാൻ ഇത് നിങ്ങളെ സഹായിക്കും.
സുരക്ഷിതമല്ലാത്ത സോഴ്സുകളിൽ നിന്നും വരുന്ന ഓഫറുകളും സൂക്ഷിക്കണം. ഓൺലൈൻ പേയ്മെൻറ് വഴി സമ്മാനങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്യാതിരിക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആളുകൾക്ക് സുരക്ഷിതമായി തന്നെ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ ഓൺലൈനിൽ സുഗമമായി ചെയ്യാവുന്നതാണ്.