കമ്പനിയുടെ പെയ്ഡ് അപ്പ് ഇക്വിറ്റി മൂലധനത്തിലെ മൊത്തം ഓഹരികളുടെ 2.41 ശതമാനം അല്ലെങ്കില്‍ 10 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഓഹരിയൊന്നിന് ശരാശരി 1,800 രൂപ നിരക്കില്‍ 10 കോടി ഓഹരികള്‍ തിരികെ വാങ്ങും. നിലവിലെ വിപണി വിലയുടെ 19 ശതമാനം പ്രീമിയം നിരക്കിലാണ് തിരികെ വാങ്ങല്‍.
ഏതാണ്ട് 26 ലക്ഷത്തോളം ഓഹരി ഉടമകൾക്ക് ഇത് നേട്ടമാകും. ഇന്‍ഫോസിസ് ഓഹരി തിരികെ വാങ്ങലിന് യോഗ്യരായ ഓഹരി ഉടമകളെ നിര്‍ണ്ണയിക്കുന്ന റെക്കോര്‍ഡ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഹരി തിരികെ വാങ്ങല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നോ നാലോ മാസമെടുത്തേക്കും.
advertisement
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇതിനുമുമ്പ് ഇക്വിറ്റി ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ഓഹരി ബൈബാക്ക് നടത്തിയത് 2017-ലാണ്. അന്ന് 4.9 ശതമാനം ഓഹരികളാണ് കമ്പനി ഓഹരിയുടമകളില്‍ നിന്നും തിരികെ വാങ്ങിയത്. 2022-ലാണ് ടെക് ഭീമന്‍ അവസാനമായി ഓഹരി തിരികെ വാങ്ങിയത്.
2024-ല്‍ കമ്പനി പ്രഖ്യാപിച്ച ക്യാപിറ്റല്‍ റിട്ടേണ്‍ പോളിസിയുടെ ഭാഗമാണ് നിലവിലെ ബൈബാക്ക്. കമ്പനിയുണ്ടാക്കുന്ന പണത്തിന്റെ 85 ശതമാനം അഞ്ച് വര്‍ഷത്തിനുള്ളില്‍ ലാഭവിഹിതത്തിലൂടെയും ഓഹരി തിരികെ വാങ്ങുന്നതിലൂടെയും ഓഹരിയുടമകള്‍ക്ക് തിരികെ നല്‍കുമെന്ന് ഇന്‍ഫോസിസ് അന്ന് പ്രഖ്യാപിച്ചിരുന്നു.
ശരാശരി 30 ശതമാനം പണമാണ് ഓഹരി തിരികെ വാങ്ങാനായി കമ്പനി ചെലവഴിക്കുന്നത്. മൊത്തം മൂല്യത്തിന്റെ 14-15 ശതമാനം തിരികെ വാങ്ങുന്നു. ഇന്‍ഫോസിസിന്റെ ഓരോ 100 ഓഹരികളിലും കുറഞ്ഞത് അഞ്ച് ഓഹരികളെങ്കിലും തിരികെ വാങ്ങാന്‍ സാധ്യതയുണ്ട്. സ്‌കീമിനായി അപേക്ഷിക്കുമ്പോള്‍ എത്ര ഓഹരികള്‍ തിരികെ വാങ്ങുമെന്നതിനെയാണ് സ്വീകാര്യതാ അനുപാതം (acceptance ratio) എന്നുപറയുന്നത്.
റീട്ടെയില്‍ ഓഹരിയുടമകളുടെ പങ്കാളിത്തം
ഓഹരി തിരികെ വാങ്ങുന്നതില്‍ ഒരു ഭാഗം റീട്ടെയില്‍ ഓഹരിയുടമകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ടാകും. രണ്ട് ലക്ഷം രൂപയില്‍ താഴെ മൂല്യമുള്ള ഓഹരികള്‍ കൈവശമുള്ളവരാണ് റീട്ടെയില്‍ ഓഹരിയുടമകള്‍. അതായത് നിലവിലെ വിപണി വിലയായ 1,510 രൂപയില്‍ 132 ഓഹരികള്‍ കൈവശമുള്ളവര്‍. ബൈബാക്കില്‍ 15 ശതമാനം അല്ലെങ്കില്‍ 2,700 കോടി രൂപയുടെ ഓഹരികളാണ് ഇവരില്‍ നിന്നായി തിരികെ വാങ്ങുക.
മുന്‍ ബൈബാക്കുകള്‍ക്ക് സമാനമായി റീട്ടെയില്‍ പങ്കാളിത്തം ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍ സ്വീകാര്യതാ അനുപാതം 5 ശതമാനത്തില്‍ താഴെയാകാം. 1,800 രൂപയുടെ വാങ്ങല്‍ വിലയില്‍ റീട്ടെയില്‍ ഓഹരി ഉടമകള്‍ക്ക് നേട്ടങ്ങള്‍ പരിമിതമായിരിക്കും.
ബൈബാക്കിന് കാരണം
ഇന്ത്യ-യുഎസ് തീരുവ പ്രശ്‌നങ്ങള്‍ കാരണം ആഗോള സാമ്പത്തിക സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഐടി ഓഹരികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇന്‍ഫോസിസ് ബൈബാക്കിന് ഒരുങ്ങുന്നത്. ദുര്‍ബലമായ വിപണി സാഹചര്യത്തില്‍ ഓഹരി വിലയെ പിന്തുണയ്ക്കുന്നതിനായാണ് ഇന്‍ഫോസിസിന്റെ നീക്കം. വിപണി വിശകലന വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഏകദേശ ലക്ഷ്യവില 1,743 രൂപയാണ്. ഇതില്‍ 13.7 ശതമാനം വരെ വര്‍ദ്ധനവിന് സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു. ഏറ്റവും ഉയര്‍ന്ന പ്രതീക്ഷ 2,085 രൂപയാണ്.
കഴിഞ്ഞ 12 മാസത്തിനിടെ ഇന്‍ഫോസിസ് ഓഹരി മൂല്യത്തില്‍ 21 ശതമാനം കുറവാണ് ഉണ്ടായത്. വ്യാഴാഴ്ച എന്‍എസ്ഇയില്‍ 1.17 ശതമാനം ഇടിവോടെ 1,509.70 രൂപയിലാണ് ഇന്‍ഫോസിസ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.