ട്വിറ്ററിൽ ബ്ലൂ ടിക്ക് ലഭിക്കാന്‍ പ്രതിമാസം 7.99 ഡോളര്‍ നല്‍കണം എന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീസസ് ക്രൈസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടിന് ബ്ലൂടിക്ക് നൽകിയിരിക്കുന്നത്.
ഇലോൺ മസ്കിന്റെ കീഴിൽ ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾക്ക് വ്യാപകമായി ബ്ലൂടിക്ക് നൽകുന്നുവെന്നാണ് പ്രധാന ആരോപണം. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിലുള്ള അക്കൗണ്ടിന് ബ്ലൂ ടിക്ക് നൽകിയതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ട്വിറ്ററിൽ നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ച വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനാണ് ഇലോൺ മസ്ക് ബ്ലൂടിക്ക് നൽകിയിരിക്കുന്നത്.
advertisement
Also Read- ട്വിറ്റർ ബ്ലൂ നവംബർ അവസാനത്തോടെ ഇന്ത്യയിൽ: ഉപയോക്താക്കളുടെ അഞ്ച് സംശയങ്ങൾക്ക് മറുപടി
ബ്ലൂടിക്ക് നൽകിയതോടെ ട്രംപിന്റെ അക്കൗണ്ട് ഔദ്യോഗികമായി. എന്നാൽ യഥാർത്ഥത്തിൽ ട്രംപിന്റേതല്ല ഈ അക്കൗണ്ടെന്നാണ് വാസ്തവം. സംഭവം വിവാദമായതോടെ ഏതാനും മണിക്കൂറുകൾക്കു ശേഷം അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു.
ഇതുകൊണ്ടും തീരുന്നില്ല, ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾക്ക് ബ്ലൂടിക്ക് നൽകുന്ന രീതി. ഗെയിമിങ് കഥാപാത്രമായ സൂപ്പർമാരിയോ, ബാസ്കറ്റ് ബോൾ താരം ലെബ്രോൺ ജെയിംസ്, ഏറ്റവും ഒടുവിൽ ജീസസ് ക്രൈസ്റ്റ് തുടങ്ങി വ്യാജ അക്കൗണ്ടുകൾക്ക് ബ്ലൂടിക്ക് നൽകി അംഗീകാരം നൽകിയിരിക്കുകയാണ് ട്വിറ്റർ.
ഇതിൽ ജീസസ് ക്രൈസ്റ്റിന്റെ ബ്ലൂടിക്ക് ഒഴികെ മറ്റെല്ലാ അക്കൗണ്ടുകളും വെരിഫൈഡ് ആക്കിയതിനു പിന്നാലെ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ എന്തുകൊണ്ട് ദൈവത്തിന്റെ പേരിലുള്ള അക്കൗണ്ട് മാത്രം നീക്കം ചെയ്യുന്നില്ലെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
വ്യാജ പ്രൊഫൈലുകൾക്ക് വെരിഫിക്കേഷൻ നൽകുന്നതിലൂടെ ട്വിറ്ററിലെ മറ്റ് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് പുതിയ രീതിയെന്നാണ് പ്രധാന ആരോപണം. ഡൊണാൾഡ് ട്രംപിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നും തനിക്ക് ലൈക്ക് ലഭിച്ചെന്ന് ഒരു ഉപയോക്താവ് പറയുന്നത് ഇതിന് ഉദാഹണമാണ്. ഡൊണാൾഡ് ട്രംപ് തന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ട്രംപ് ട്വിറ്ററിൽ തിരിച്ചെത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ യഥാർത്തത്തിൽ ട്രംപിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടാണിത്. പ്രശസ്തരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്ക് വെരിഫിക്കേഷൻ നൽകുന്നത് ഭാവിയിൽ കൂടുതൽ സങ്കീർണതകൾക്കും കാരണമാകും.