പൊതുവെ ഓൺലൈൻ ടാക്സി മേഖല നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കമ്പനികൾ ആണ്. ആ മേഖലയിലേക്കാണ് സർക്കാർ സ്വന്തം ഓൺലൈൻ ഓട്ടോ - ടാക്സി സംവിധാനമായ കേരള സവാരിയുമായെത്തുന്നത് എന്നതാണ് പ്രത്യേകത.
''മോട്ടോർ തൊഴിലാളികൾ നിരവധി പ്രയാസങ്ങൾ നേരിടുന്നുണ്ട്. അവർക്കൊരു കൈത്താങ്ങ് എന്ന നിലയിൽ ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാർ അംഗീകൃത നിരക്ക് ലഭിക്കാത്ത സാഹചര്യം തൊഴിലാളികൾക്ക് പലപ്പോഴും ഉണ്ടാകുന്നുണ്ട്. യാത്രക്കാർക്കാകട്ടെ കൂടിയ നിരക്ക് നൽകേണ്ടിയും വരുന്നു'' - തൊഴില്‍ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
advertisement
കേരള സവാരിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
- ആളുകൾക്കിഷ്ടം ഓൺലൈൻ ടാക്സി സംവിധാനങ്ങളോടാണ്. കാരണം തങ്ങൾ ഉള്ളിടത്തേക്ക് വണ്ടികൾ വരുന്നു എന്നത് തന്നെ. സർവ മേഖലകളിലും ആധുനികവൽക്കരണം നടന്നുവരികയാണ്. മോട്ടോർ തൊഴിലാളികളും ഈ മാറ്റത്തിന്റെ ഭാഗമാകുന്നു.
- നിലവിലെ സംവിധാനങ്ങളിൽ മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ട് എന്നാണ് നിഗമനം. എന്നാൽ സർവീസുകൾ കൂടുതൽ ലഭിക്കുന്നത് കൊണ്ട് നഷ്ടം സഹിച്ചും തുടരാൻ തൊഴിലാളികൾ നിർബന്ധിതരാവുകയാണ്.
- ചാർജുകൾക്ക് സീസണൽ മാറ്റം എന്നത് ഒരു ചൂഷണമാണ്. കേരള സവാരിയിൽ ഒറ്റ നിരക്കെ ഉണ്ടാകൂ. സർവീസ് ചാർജ് എട്ട് ശതമാനം മാത്രമാണ് ഈടാക്കുക. ഇത് മറ്റ് ഓൺലൈൻ ടാക്സി സംവിധാനങ്ങളേക്കാൾ കുറവാണ്.
- സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം സർവീസ് ചാർജ് ആയി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്സ് നൽകാനും മറ്റുമായി ഉപയോഗപ്പെടുത്തും.
- സുരക്ഷയാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. സ്ത്രീകൾക്കും മുതിർന്നവർക്കും കുട്ടികൾക്കും സുരക്ഷിതമായി കേരള സവാരിയിൽ യാത്ര ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
- ഡ്രൈവറുടെ രജിസ്ട്രേഷൻ മുതൽ ഈ കരുതലുണ്ടാവും. ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മികച്ച പരിശീലനമാണ് ഡ്രൈവർമാർക്ക് നൽകുന്നത്.
- കൂടാതെ കേരള സവാരി ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ ഡ്രൈവർക്കോ യാത്രക്കാർക്കോ പരസ്പരം അറിയാതെ തന്നെ പാനിക് ബട്ടൺ അമർത്താം. പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് സംവിധാനങ്ങളെ ബന്ധപ്പെടാൻ പാനിക്ക് ബട്ടൺ അമർത്തിയാൽ കഴിയും.
- വാഹനങ്ങളിൽ സബ്‌സിഡി നിരക്കിൽ ജി പി എസ് ഘട്ടം ഘട്ടമായി ഘടിപ്പിക്കാനും പദ്ധതിയുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്ററും ഇതിന്റെ ഭാഗമാകും.
- തിരുവനന്തപുരം നാഗരസഭാ പരിധിയിൽ ആണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. താമസിയാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിലെ 500 ഓട്ടോ -ടാക്സി ഡ്രൈവർമാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ഡ്രൈവർമാരെ ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന തലത്തിലേക്ക് കൂടി മാറ്റാനുള്ള പരിശീലനവും നൽകുന്നുണ്ട്.
- പദ്ധതിയുടെ ഭാഗമാകുന്ന വാഹനത്തിന്റെ ഓയിൽ, വാഹന ഇൻഷുറൻസ്, ടയർ, ബാറ്ററി എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന കാര്യം ആലോചനയിൽ ഉണ്ട് . യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്സിഡന്റ് ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.
- വാഹനങ്ങളിൽ പരസ്യം നൽകി വരുമാന വർധന ഉണ്ടാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പരസ്യത്തിന്റെ 60 ശതമാനം വരുമാനവും ഡ്രൈവർമാർക്ക് നൽകും.
- തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായം നൽകുന്നത്. മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി അഡ്വ. ആന്റണി രാജു കേരള സവാരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.