സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് സംഭവം നടന്നതെന്നാണ് കേസ് അന്വേഷിക്കുന്ന ദില്ലി പോലീസിന്റെ വൃത്തങ്ങൾ പറയുന്നത്. സൈബർ ആക്രമണം ഉണ്ടായത് ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ നിന്നാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ലഭിച്ച ഇമെയിലിലൂടെയാണ് മാൽവെയർ ആക്രമണം ഉണ്ടായതെന്നാണ് എൻഐസി നൽകിയ പരാതിയിൽ പറയുന്നത്. ലഭിച്ച മെയിലിൽ ഉദ്യോഗസ്ഥൻ ക്ലിക്കു ചെയ്തപ്പോൾ കമ്പ്യൂട്ടറിൽ സേവ് ചെയ്തിരുന്ന എല്ലാ ഡാറ്റയും ഇല്ലാതാവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
ഈ സംഭവത്തെ തുടർന്ന് എൻഐസിയുടെയും മന്ത്രാലയത്തിന്റെയും കീഴിലുള്ള നൂറുകണക്കിന് കമ്പ്യൂട്ടറുകളിൽ ഒരു ബഗ് ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രോക്സി സെർവറിൽ നിന്നാണ് യഥാർത്ഥ ഉറവിടമായ ഇ-മെയിൽ അയച്ചതെന്നാണ് ദില്ലി പോലീസിന്റെ കണ്ടെത്തൽ. എന്നാൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എൻഐസിയിലെയും മന്ത്രാലയത്തിലെയും കമ്പ്യൂട്ടറുകളിൽ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതും പ്രധാനമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുൾപ്പെടെയുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള നിർണായക വിവരങ്ങളാണ് ഉള്ളത്.