മനുഷ്യരെ വഹിക്കാന്‍ കഴിവുള്ള ഓറിയോണ്‍ പേടകവുമായാണ് നാസ ഈ പരീക്ഷണ വിക്ഷേപണം നടത്തിയത്. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ഓറിയോൺ വിക്ഷേപിച്ചത്. പറന്നുയർന്ന് രണ്ട് മണിക്കൂറിനുള്ളിൽ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഇത് പരീക്ഷണ വിക്ഷേപണം ആയതു കൊണ്ടുതന്നെ ഇത്തവണ യാത്രികർ ഉണ്ടായിരുന്നില്ല.
ആദ്യ ഘട്ടത്തില്‍ ചന്ദ്രന്റെ പ്രതലത്തില്‍ നിന്ന് 97 കിലോമീറ്റര്‍ മുകളിലായിരിക്കും ആര്‍ട്ടെമിസ്. ഇതിന് ശേഷം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച് കൂടുതല്‍ മുന്നോട്ട് നീങ്ങും.
advertisement
മുൻപ് എഞ്ചിന്‍ തകരാര്‍ മൂലം പല തവണ ആര്‍ട്ടെമിസ്-1 വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നിരുന്നു. സെപ്‌റ്റംബർ അവസാനം ഇയാൻ ചുഴലിക്കാറ്റിനെത്തുടർന്നും വിക്ഷേപണം മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ആഴ്ച വീശിയ നിക്കോൾ ചുഴലിക്കാറ്റും വിക്ഷേപണം വീണ്ടും മാറ്റിവെയ്ക്കുന്നതിന് കാരണമായി.
ഹൂസ്റ്റണിലും അലബാമയിലെ ഹണ്ട്‌സ്‌വില്ലെയിലുമൊക്കെയുള്ള കൂറ്റൻ സ്‌ക്രീനുകളിൽ വിക്ഷേപണ ദൃശ്യം കാണാൻ നിരവധിയാളുകൾ തടിച്ചു കൂടിയിരുന്നു. "ഇത് നിങ്ങൾക്കുള്ളതാണ്. നിങ്ങളെല്ലാം ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു," എന്നാണ് ലോഞ്ച് ഡയറക്ടർ ചാർലി ബ്ലാക്ക്‌വെൽ-തോംസൺ ലിഫ്റ്റ്ഓഫിന് തൊട്ടുമുൻപ് പറഞ്ഞത്. അപ്പോളോ വിക്ഷേപിച്ചപ്പോൾ ജനിച്ചിട്ടില്ലാത്ത തലമുറയെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നാസ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും കരുത്തുറ്റ റോക്കറ്റാണിത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റുന്ന പേടകം ആവശ്യമായ പരിശോധനകളും വിവര ശേഖരണങ്ങളും നടത്തി ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള വിക്ഷേപണങ്ങളില്‍ മനുഷ്യരും ഉണ്ടാകും. 2024-ൽ ദൗത്യത്തിന്റെ ഭാഗമായി നാല് ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയക്കാനും 2025-ൽ മനുഷ്യരെ ചന്ദ്രനിൽ ഇറക്കാനുമാണ് നാസ ലക്ഷ്യമിടുന്നത്.
ഇപ്പോൾ ഭൂമിയിൽ നിന്ന് 230,000 മൈൽ (370,000 കിലോമീറ്റർ) അകലെയുള്ള ഓറിയോൺ തിങ്കളാഴ്ചയോടെ ചന്ദ്രനിലെത്തുമെന്നാണ് കരുതുന്നത്. പിന്നീട് ചന്ദ്രന്റെ വിദൂര ഭ്രമണപഥത്തിൽ പ്രവേശിക്കും. ഡിസംബർ 11 നായിരിക്കും പേടകം തിരിച്ച് ഭൂമിയിലെത്തുന്നത്.
2030-കളുടെ അവസാനമോ 2040-കളുടെ തുടക്കത്തിലോ ബഹിരാകാശയാത്രികരെ ചൊവ്വയിലേക്ക് അയയ്ക്കാനും നാസക്ക് പദ്ധതിയുണ്ട്.
പതിനേഴ് ബഹിരാകാശ യാത്രികരെ അവസാനമായി ചന്ദ്രനിൽ എത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് നാസ പുതിയ ചാന്ദ്രദൗത്യവുമായി എത്തിയത്. യാത്രികർക്ക് പകരം സെൻസറുകൾ ഘടിപ്പിച്ച ഡമ്മികളെ ആണ് ദൗത്യത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.