5 ജി സേവനങ്ങൾ രാജ്യത്ത് ഘട്ടം ഘട്ടമായിട്ടാകും നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാകും 5ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി പ്രവർത്തനം തുടങ്ങുക. എന്നാൽ, ഈ നഗരങ്ങളിലെ എല്ലാവർക്കും 5ജി സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ലഭിച്ചേക്കില്ല. ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും ആദ്യം 5ജി സേവനം നൽകുകയെന്ന് വിവിധ ടെലികോം കമ്പനികൾ അറിയിച്ചിട്ടുണ്ട്.
advertisement
3 ജി, 4 ജി എന്നിവയിലേതു പോലെ, 5 ജി ടെലികോം താരിഫ് പ്ലാനുകളും ഉടൻ പ്രഖ്യാപിക്കും. 5 ജി സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടി വരുമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ പ്രമുഖ ടെലികോം കമ്പനികളെല്ലാം ഇതു സംബന്ധിച്ച ആലോചനകളും കൂടിക്കാഴ്ചകളും നടത്തി വരികയാണ്.
ഉപയോഗം കൂടുന്നതിനനുസരിച്ച് താരിഫ് പ്ലാനുകൾ കുറയാനാണ് സാധ്യത. കൂടുതൽ ഉപഭോക്താക്കൾ, പ്രത്യേകിച്ചും മെട്രോ നഗരങ്ങളിൽ ഉള്ളവർ 5 ജി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
5 ജി, 4 ജി താരിഫുകൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യതയില്ലെന്ന് എയർടെൽ സിടിഒ രൺദീപ് സെഖോൺ അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യയിലെ 5 ജി പ്ലാനുകൾ 4 ജി താരിഫുകൾക്ക് സമാനമായിരിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
4 ജിയെക്കാൾ 100 മടങ്ങ് വേഗത്തിൽ വേഗതയാകും നൽകാൻ 5 ജിക്ക് ഉണ്ടാകുക. അതിനാൽ ബഫറിംഗ് ഇല്ലാതെ വീഡിയോകൾ കാണാനും വേഗത്തിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ഇന്ത്യയിൽ 5 ജി എത്രയും വേഗം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉറപ്പു നൽകിയിരുന്നു. 4 ജിയേക്കാൾ 10 മടങ്ങ് അധികമായിരിക്കും 5 ജിയുടെ വേഗത എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ മാസമാണ് 5 ജി ലേലം അടക്കമുള്ള നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടങ്ങളില്‍ നഗരങ്ങളിലും പിന്നീട് ഗ്രാമങ്ങളിലേക്കും 5 ജി ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കാനാണ് സര്‍ക്കാർ ആലോചിക്കുന്നത്.