പ്രമുഖ ലേലക്കമ്പനിയായ ബോൺഹാംസ് നടത്തുന്ന ലേലത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ബഹിരാകാശ പരീക്ഷണങ്ങളുടെയും ചരിത്രവുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കളും ഡോക്യുമെൻറുകളും ലേലത്തിന് എത്തുന്നുണ്ട്. കമ്പനികളും വ്യക്തികളുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കൾ ആളുകൾക്ക് വിലയ്ക്ക് വാങ്ങാൻ സാധിക്കുമെന്ന് ആപ്പിൾ ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.
ആപ്പിളിൻെറ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കൾ ലേലത്തിൻെറ പട്ടികയിലുണ്ട്. സ്റ്റീവ് ജോബ്സ് ഉപയോഗിച്ച നിരവധി വസ്തുക്കളുമുണ്ട്. ആപ്പിളിൽ നിന്ന് തുടക്കത്തിൽ പുറത്ത് പോയ ശേഷം നെക്സ്റ്റിൽ ജോലി ചെയ്യുമ്പോഴാണ് സ്റ്റീവ് ജോബ്സ് മക്കിന്റോഷ് എസ്ഇ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നത്. ജോബ്സ് മാത്രം ഉപയോഗിച്ചിരുന്ന ഈ കമ്പ്യൂട്ടർ അദ്ദേഹത്തിൻെറ അസിസ്റൻറ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1987ൻെറ അവസാനത്തിലും 1988ൻെറ തുടക്കത്തിലുമായിട്ടാണ് ജോബ്സ് ഈ കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങിയത്.
advertisement
ജോബ്സിൻെറ ജോലിയുടെ രീതിയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഈ കമ്പ്യൂട്ടറിനകത്തുള്ള ഹാർഡ് ഡിസ്കിലുണ്ട്. ജോബ്സിൻെറ ജോലിയുടെ സമയക്രമം, ഓരോ സമയത്തും ചെയ്തിരുന്ന കാര്യങ്ങൾ, ജീവനക്കാരെ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, യാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം ഈ ഹാർഡ് ഡിസ്കിലുണ്ടാവും. ഇത് കൂടാതെ കിങ് ചാൾസ് മൂന്നാമനുമായി നടക്കാതെ പോയ ഒരു കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും ഹാർഡ് ഡിസ്കിലുണ്ട്. ആ സമയത്ത് പ്രിൻസ് ഓഫ് വെയിൽസ് എന്നാണ് ചാൾസ് അറിയപ്പെട്ടിരുന്നത്.
പാളോ അൾട്ടോയിലുള്ള നെക്സ്റ്റിൻെറ ഔദ്യോഗിക ഓഫീസിൽ നിന്ന് റെഡ് വുഡ് സിറ്റിയിലുള്ള കമ്പ്യൂട്ടർ മാറ്റിയിരുന്നു. 1993 വരെ ജോബ്സിൻെറ ഡെസ്കിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുവായിരുന്നു ഈ കമ്പ്യൂട്ടർ. ജോബ്സ് മാത്രമല്ല മറ്റൊരാൾ കൂടി ഈ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നു. അത് മറ്റാരുമല്ല, ജോബ്സിൻെറ മകൾ ലിസ ബ്രണ്ണൻ ജോബ്സാണ്. ഓഫീസ് സന്ദർശിക്കുമ്പോഴെല്ലാം ലിസ ഈ മക്കിന്റോഷ് ഉപയോഗിക്കുമായിരുന്നു.
1994ൽ ഒരു മാർക്കറ്റിങ് പ്രൊജക്ടാണ് സ്റ്റീവ് ജോബ്സ് ഈ കമ്പ്യൂട്ടറിൽ അവസാനമായി ചെയ്ത ടാസ്ക് എന്നാണ് റിപ്പോർട്ട്. പിന്നീട് തിമോത്തി കുക്കിന് ഈ കമ്പ്യൂട്ടർ കൈമാറിയിരുന്നു. 20 ലക്ഷം ഡോളറിനും 30 ലക്ഷം ഡോളറിനും ഇടയിലാണ് കമ്പ്യൂട്ടറിന് മൂല്യം കൽപ്പിക്കുന്നത്. 20 എംബി ഹാർഡ് ഡ്രൈവ്, ബാക്കപ്പ് ഡ്രൈവ്, മൌസ് എന്നിവയും കമ്പ്യൂട്ടറിനൊപ്പം ലഭിക്കും.
1995ൽ ജോബ്സ് ഒപ്പിട്ട നെക്സ്റ്റിൻെറ പെർഫോർമൻസ് റിവ്യൂവും ലേലത്തിനുണ്ട്. 6000 ഡോളർ മുതൽ 8000 ഡോളർ വരെയാണ് ഇതിന് മൂല്യം കണക്കാക്കിയിരിക്കുന്നത്. നെക്സ്റ്റ് ഓഫീസിൽ ഉണ്ടായിരുന്ന സമയത്ത് ജോബ്സ് ഉപയോഗിച്ചിരുന്ന അദ്ദേഹത്തിൻെറ വ്യക്തിപരമായ വസ്തുക്കളും ലേലത്തിന് വെച്ചിട്ടുണ്ട്.
