ജിയോബുക്കിനെ ഇന്ത്യയുടെ സ്വന്തം ക്രോംബുക്ക് പതിപ്പ് ആക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. ജിയോബുക്കും ക്രോംബുക്‌സ് പോലെ തന്നെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ചുള്ളതാണ്. ജിയോബുക്കിന്റെ സവിശേഷതകളും വിലയും മറ്റ് വിശദാംശങ്ങളും പരിശോധിക്കാം:
സവിശേഷതകള്‍
11.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ജിയോബുക്കിനുള്ളത്. അഡ്രിനോ 610 ജിപിയുവുമായി പെയര്‍ ചെയ്ത് ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 665 SoC ആണ് ലാപ്ടോപ്പില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് 2GM റാമും 32GB eMMC സ്റ്റോറേജും ലഭിക്കും. ഇത് 128GB വരെ വര്‍ദ്ധിപ്പിക്കാവുന്നതുമാണ്.
advertisement
ഗൂഗിളുമായി ചേര്‍ന്ന് റിലയന്‍സ് വികസിപ്പിച്ചെടുത്ത ജിയോഎസ് എന്ന ആന്‍ഡ്രോയിഡിന്റെ കസ്റ്റമൈസ്ഡ് പതിപ്പിലാണ് ഈ ലാപ്ടോപ്പ് പ്രവര്‍ത്തിക്കുന്നത്. ജിയോ സ്‌റ്റോര്‍ എന്ന പേരില്‍ ലാപ്ടോപ്പിന് സ്വന്തമായി ഒരു ആപ്പ് സ്റ്റോറും ഉണ്ട്. ഈ ആപ്പ് സ്റ്റോറിൽ നിന്ന് മറ്റ് ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യാം.
ലാപ്ടോപ്പില്‍ രണ്ട് മൊഗാപിക്‌സല്‍ വെബ് ക്യാമറയും ജിയോ നല്‍കിയിട്ടുണ്ട്. 5,000mAh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 8 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നല്‍കാന്‍ കഴിയുമെന്ന് റിലയന്‍സ് ജിയോ അവകാശപ്പെടുന്നു. 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ മിനി, വൈഫൈ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. 4G കണക്റ്റിവിറ്റി പ്രവര്‍ത്തനക്ഷമമാക്കാന്‍ ജിയോയില്‍ നിന്നുള്ള എംബഡഡ് സിമ്മുമായാണ് ജിയോബുക്ക് വരുന്നത്.
വിലയും ലഭ്യതയും
ജിയോബുക്കിന്റെ വില 15,000 രൂപയില്‍ താഴെയാണ്. സര്‍ക്കാര്‍ വെബ്സൈറ്റില്‍ 19,500 രൂപയാണ് ആദ്യം വിലയായി നൽകിയിരുന്നത്. എന്നാൽ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറില്‍ നിന്നോ വെബ്സൈറ്റില്‍ നിന്നോ വില കുറച്ച് വാങ്ങുന്നതിനായി നിരവധി ഓഫറുകളും നല്‍കുന്നുണ്ട്. ചില ബാങ്ക് കാര്‍ഡുകള്‍ വഴി ലാപ്‌ടോപ്പ് വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 5,000 രൂപ വരെ ഓഫറും ലഭിക്കുന്നതാണ്. ചില ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 3,000 രൂപയുടെ ഫ്‌ലാറ്റ് ഡിസ്‌കൗണ്ടും ഇഎംഐയിലൂടെ വാങ്ങുന്നവര്‍ക്ക് ഏകദേശം 5,000 രൂപയുടെ കിഴിവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Also Read-Steve Jobs | സ്റ്റീവ് ജോബ്സിൻെറ പഴയ കമ്പ്യൂട്ടർ ലേലത്തിന്; രണ്ട് കോടി രൂപയോളം ലഭിച്ചേക്കും
2 ജി നെറ്റ്വര്‍ക്കുകളില്‍ നിന്ന് 4ജിയിലേക്ക് ഉപയോക്താക്കളെ എത്രയും വേഗം മാറ്റുന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും. 5ജിയിലേയ്ക്കുള്ള ഇന്ത്യയുടെ മാറ്റം ദേശീയ മുന്‍ഗണനയായിരിക്കണമെന്നും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2021ല്‍ സംസാരിക്കവെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞിരുന്നു.