"ജിയോയുടെ 4G നെറ്റ്‌വർക്കിൽ 421 ദശലക്ഷം മൊബൈൽ ബ്രോഡ്‌ബാൻഡ് വരിക്കാരുണ്ട്. അവർ ഓരോ മാസവും ശരാശരി 20 GB ബ്രോഡ്‌ബാൻഡ് ഡാറ്റ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അവരുടെ ഡാറ്റ ഉപഭോഗം ഇരട്ടിയായി മാറിയിട്ടുണ്ട്," അദ്ദേഹം വ്യക്തമാക്കി. ആധാർ, ജൻധൻ, യുപിഐ, റുപേ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങളെ അംബാനി പ്രശംസിച്ചു. സർക്കാരിൻെറ സ്റ്റാർട്ട്-അപ്പ് ഇന്ത്യ പദ്ധതിയിലൂടെ കഴിഞ്ഞ ആറ് വർഷത്തിനിടെ 73,000 സ്റ്റാർട്ടപ്പുകൾ ഏകദേശം 63 ബില്യൺ ഡോളർ (ഏകദേശം 5.04 ലക്ഷം കോടി രൂപ) നിക്ഷേപം നേടിയതായി അംബാനി പറഞ്ഞു.
advertisement
ലോകോത്തര 4G ഡിജിറ്റൽ സംവിധാനം രൂപപ്പെടുത്താൻ ജിയോ 4ജിക്ക് സാധിച്ചത് കൊണ്ടാണ് ഈ അത്ഭുതകരമായ നേട്ടങ്ങളെല്ലാം സാധ്യമായത്. സാധാരണക്കാർക്ക് പോലും താങ്ങാവുന്ന നിരക്കിലാണ് ജിയോ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിയോയുടെ പാൻ-ഇന്ത്യ ഒപ്റ്റിക് ഫൈബർ ശൃംഖലയ്ക്ക് രാജ്യത്തുടനീളമായി ഏകദേശം 11 ലക്ഷം കിലോമീറ്ററിലധികം നീളമുണ്ടെന്നും അംബാനി പറഞ്ഞു. ജിയോ ഫൈബർ ബ്രോഡ്‌ബാൻഡിൽ 7 ദശലക്ഷത്തിലധികം പ്രദേശങ്ങൾ കണക്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് 19 പ്രതിസന്ധികൾക്കിടയിലും വലിയ നേട്ടങ്ങളാണ് കമ്പനിക്ക് നേടാൻ സാധിച്ചതെന്നും അംബാനി പറഞ്ഞു.
ജിയോ 5ജി സേവനം ദീപാവലി മുതൽ രാജ്യത്തെ നാല് നഗരങ്ങളിൽ ലഭ്യമായി തുടങ്ങുമെന്നും മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. മെട്രോ നഗരങ്ങളായ ന്യൂ ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് ജിയോ 5ജി സേവനം ആദ്യം ലഭ്യമായി തുടങ്ങുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
നാല് മെട്രോ നഗരങ്ങളിൽ സേവനം ലഭ്യമാക്കിയതിന് ശേഷം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. വരുന്ന വർഷത്തോടെ രാജ്യത്ത് എല്ലായിടത്തും 5ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് റിലയൻസ് ജിയോ. "ഇന്ത്യ മുഴുവൻ 5G നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഞങ്ങൾ മൊത്തം 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ 5G റോൾ-ഔട്ട് പ്ലാനാണ് ജിയോ തയ്യാറാക്കിയിരിക്കുന്നത്. വരുന്ന 18 മാസത്തിനുള്ളിൽ, നമ്മുടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും എല്ലാ താലൂക്കുകളിലും എല്ലാ ഗ്രാമങ്ങളിലും ഞങ്ങൾ ജിയോ 5G എത്തിക്കും," അംബാനി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായി റിലയൻസ് മാറിയെന്നും അംബാനി പറഞ്ഞു. 2.32 ലക്ഷം ജീവനക്കാരാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ റിലയൻസിൻെറ ഭാഗമായി മാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.