പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബുധനാഴ്ച വൈകിട്ട് സത്യ നാദെല്ല കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനവും അദ്ദേഹം എക്‌സിലൂടെ അറിയിച്ചത്.
"ഇന്ത്യയുടെ എഐ സാധ്യതകളെക്കുറിച്ച് പ്രചോദനാത്മകമായി സംസാരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നന്ദി. രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി മൈക്രോസോഫ്റ്റ് 17.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. ഏഷ്യയിലെ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യയുടെ എഐ ഭാവിക്കായുള്ള അടിസ്ഥാനസൗകര്യങ്ങളും നൈപുണ്യവും ശേഷിയും വികസിപ്പിക്കുന്നതിനു വേണ്ടിയാണിത്", സത്യ നാദെല്ല എക്‌സില്‍ കുറിച്ചു.
advertisement
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ ലോകം ഇന്ത്യയെ കുറിച്ച് ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സത്യ നാദെല്ലയുമായി വളരെ കാര്യക്ഷമമായ ചര്‍ച്ച നടത്തിയതായും ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും മോദി അറിയിച്ചു. മികച്ച ഒരു ലോകത്തിനായി എഐയുടെ ശക്തി നവീകരിക്കാനും പ്രയോജനപ്പെടുത്താനും രാജ്യത്തെ യുവാക്കള്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം എക്‌സില്‍ പറഞ്ഞു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ബംഗളൂരുവില്‍ ക്ലൗഡ്, എഐ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്ഥാപിക്കുന്നതിനായി മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നൈപുണ്യ വികസനത്തിനും പുതിയ ഡേറ്റ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനും ഈ നിക്ഷേപം വിനിയോഗിക്കുമെന്നും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കമ്പനി അറിയിച്ചു.
ഇന്ത്യ അതിന്റെ എഐ യാത്രയുടെ നിര്‍ണായക ഘട്ടത്തിലാണുള്ളതെന്നും നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 17.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം കൂടി നടത്താനാണ് പദ്ധതിയെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. അതായത് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മൊത്തം 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി ഇന്ത്യയില്‍ നടത്തുക.
മറ്റ് ടെക് കമ്പനികളും ഇന്ത്യയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ട്. ഒക്ടോബറില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി പറഞ്ഞിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗൂഗിളിന്റെ എഐ ഹബ്ബിനായുള്ള പദ്ധതികള്‍ മോദിയുമായി പങ്കുവെച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണ് വിശാഖപട്ടണത്ത് വരുന്നത്. ഒരു ഡേറ്റ സെന്ററും എഐ ബേസും ഒരുക്കുന്നതിനായി ഗൂഗിള്‍ അദാനി ഗ്രൂപ്പുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായും ഗൂഗിള്‍ അറിയിച്ചു.
ഇന്ത്യയില്‍ ഡേറ്റ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി ആമസോണും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. എഐ, ഇന്നൊവേഷന്‍ എന്നിവയില്‍ ഇന്ത്യയുടെ പുരോഗതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ സിഇഒ ക്രിസ്റ്റിയാനോ ആര്‍ അമോണുമായും ഒക്ടോബറില്‍ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
